
തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ നാലാം മത്സരം കനത്ത മൂടല്‍മഞ്ഞ് കാരണം ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. കനത്ത പുകമഞ്ഞ് മൂലം ശ്വാസം മുട്ടുന്ന ഉത്തരേന്ത്യയില്‍ ഈ സമയത്ത് മത്സരം വെച്ച ബിസിസിഐയുടെ തീരുമാനത്തെയാണ് ശശി തരൂര്‍ വിമര്‍ശിച്ചത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലോ കേരളത്തിലെ തിരുവനന്തപുരത്തോ മത്സരം നടത്താമായിരുന്നിട്ടും ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ മത്സരങ്ങളെല്ലാം ഉത്തരേന്ത്യൻ നഗരങ്ങളില്‍ വെച്ചതിനെയും തരൂര്‍ വിമര്‍ശിച്ചു.
ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 കാണാനുള്ള ആരാധകരുടെ കാത്തിരിപ്പ് വെറുതെയായി. കനത്ത പുകമഞ്ഞിന് നന്ദി, ഉത്തരേന്ത്യൻ നഗരങ്ങളിലാകെ ഇതാണ് സ്ഥിതി. എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് ഇവിടങ്ങളില്‍ 411ലെത്തിയിരിക്കുന്നു. കാഴ്ചദൈര്‍ഘ്യവും കുറഞ്ഞു, ഇത്തരം സഹചര്യങ്ങളില്‍ ക്രിക്കറ്റ് മത്സരം അനുവദിക്കാനാവില്ല. അവര്‍ക്ക് ഈ മത്സരം തിരുവവന്തപുരത്ത് വെച്ച് നടത്താമായിരുന്നു. അവിടുത്തെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 68 ആണിപ്പോഴെന്നും തരൂര്‍ എക്സ് പോസ്റ്റില്‍ കുറിച്ചു.
മത്സരം ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐക്കെതിരെ ആരാധകരുടെ ഭാഗത്തുനിന്നും രൂക്ഷവിമർശനമാണ് ഉയരുന്നത്. അപ്രതീക്ഷിതമായി പെയ്യുന്ന മഴ പോലെയല്ല, ഈ മാസങ്ങളില്‍ ഉത്തരേന്ത്യന നരഗങ്ങളില്‍ കനത്ത പുകമഞ്ഞുണ്ടാവുമെന്ന് അറിഞ്ഞിട്ടും ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ മത്സരങ്ങളുടെ വേദിയായി കട്ടക്, ചണ്ഡീഗഡ്, ധരംശാല, ലക്നൗ, അഹമ്മദാബാദ് നഗരങ്ങളെ ബിസിസിഐ നിശ്ചയിച്ചതിനെതിരെ ആണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. അതേസമയം, അടുത്തമാസം ന്യൂസിലന്‍ഡിനെതിര ഇന്ത്യ കളിക്കുന്ന അഞ്ച് മത്സര ടി20 പരമ്പരയിലെ മത്സരങ്ങളില്‍ നാലെണ്ണനും ദക്ഷിണേന്ത്യൻ നഗരങ്ങളിലാണ്. തിരുവനന്തപുരത്തും മത്സരമുണ്ട്. ഗുവാഹത്തി മാത്രമാണ് മത്സരമുള്ള ഒരേയൊരു ഉത്തരേന്ത്യൻ വേദി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!