കേരള ക്രിക്കറ്റ് ലീഗില്‍ നിരാശപ്പെടുത്തി സഞ്ജു! നേരിട്ടത് 22 പന്തുകള്‍, ഒരു ബൗണ്ടറി പോലും നേടാന്‍ സാധിച്ചില്ല

Published : Aug 23, 2025, 04:10 PM IST
Sanju Samson

Synopsis

കേരള ക്രിക്കറ്റ് ലീഗില്‍ സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. 22 പന്തില്‍ 13 റണ്‍സുമായി മടങ്ങിയ താരത്തിന് ഒരു ബൗണ്ടറി പോലും നേടാനായില്ല. 

തിരുവനന്തപുരം: കേരള ക്രിക്കറ്റില്‍ ലീഗില്‍ ആദ്യമായി ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വേണ്ടി കളിക്കുന്ന സഞ്ജു 22 പന്തില്‍ 13 റണ്‍സുമായി മടങ്ങി. ഒരു പന്ത് പോലും ബൗണ്ടറി കടത്താന്‍ സഞ്ജുവിന് സാധിച്ചില്ല. ജലജ് സക്‌സേനയുടെ പന്ത് പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ അക്ഷയ് ചന്ദ്രന് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. ഒരു വെടിക്കെട്ട് പ്രകടനം പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശപ്പെടേണ്ടി വന്നു. ചുരുക്കത്തില്‍ വിനൂപ് മനോഹരന്‍ (31 പന്തില്‍ 66) നല്‍കിയ തുടക്കം സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് മുതലാക്കാന്‍ സാധിച്ചില്ലെന്ന് അര്‍ത്ഥം.

തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബ്ലൂ ടൈഗേഴ്‌സിന് വെടിക്കെട്ട് തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വിപുല്‍ ശക്തി (11) - വിനൂപ് സഖ്യം 49 റണ്‍സ് ചേര്‍ത്തു. നാലാം ഓവറില്‍ വിപുലിനെ പുറത്താക്കി വിഗ്നേഷ് പുത്തൂരാണ് റിപ്പില്‍സിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ മുഹമ്മദ് ഷാനു ക്രീസിലേക്ക്. അഞ്ച് പന്തില്‍ 15 റണ്‍സ് നേടിയ ഷാനു സ്‌കോര്‍ വേഗത്തില്‍ 80ലെത്താന്‍ സഹായിച്ചു. വിനൂപിനൊപ്പം 31 റണ്‍സാണ് ഷാനു കൂട്ടിചേര്‍ത്തത്. രണ്ട് സിക്‌സുകള്‍ ഷാനുവിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.

അക്ഷയ് ചന്ദ്രന്റെ പന്തില്‍ ജലജ് സക്‌സേനയ്ക്ക് വിക്കറ്റ് നല്‍കിയാണ് ഷാനു മടങ്ങിയത്. പിന്നാലെ ക്രീസിലെത്തിയ സാലി സാംസണ്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സ് പായിച്ചു. എന്നാല്‍ മൂന്നാം പന്തില്‍ ബൗള്‍ഡായി. അക്ഷയാണ് സാലിയെ മടക്കിയത്. തുടര്‍ന്ന് സഞ്ജുവിനെ പ്രതീഷിച്ചെങ്കിലും രാകേഷാണ് ക്രീസിലെത്തിയത്. ഇതിനിടെ വിനൂപ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു. അധികം വൈകാതെ താരം മടങ്ങി. ജലജ് സക്‌സേനയുടെ പന്തില്‍ ആദിത്യ ബൈജുവിന് ക്യാച്ച്. അഞ്ച് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതാണ് വിനൂപിന്റെ ഇന്നിംഗ്‌സ്.

തുടര്‍ന്ന് സഞ്ജു വന്നു. പ്രതിരോധത്തിലൂന്നിയാണ് സഞ്ജു കളിച്ചത്. ഇടങ്കയ്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ ബാറ്റ് ചെയ്യാന്‍ സഞ്ജു നന്നായി ബുദ്ധിമുട്ടി. ഒരു ഫോര്‍ പോലും നേടാന്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ സഞ്ജുവിന് സാധിച്ചില്ല. നിരാശപ്പെടുത്തുന്ന തുടക്കം മറന്ന് വരും മത്സരങ്ങളില്‍ ഫോമിലേക്ക് തിരിച്ചെത്താനായിരിക്കും സഞ്ജുവിന്റെ ശ്രമം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മലയാളക്കരയിൽ ബാറ്റേന്തി ചരിത്രം കുറിച്ച് സ്മൃതി മന്ദാന! 10,000 റൺസ് ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരം, സാക്ഷിയായി തിരുവനന്തപുരം
10000 റൺസിൽ ചരിത്രമെഴുതി സ്മൃതി മന്ദാന! തിരുവനന്തപുരത്ത് സ്മൃതി-ഷെഫാലി വെടിക്കെട്ട്, ശ്രീലങ്കക്കെതിരെ റൺമല തീർത്ത് ഇന്ത്യ