
മുംബൈ: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ പോരാട്ടത്തില്‍ കളിയിലെ താരമായത് മലയാളി താരം സഞ്ജു സാംസണാണെങ്കില്‍ സ്റ്റേഡിയത്തില്‍ താരമായത് സഞ്ജുവിന്‍റെ അപരനായിരുന്നു. ഇന്നിംഗ്സിലെ അവസാന ഓവറില്‍ 30 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടിയിരുന്നത്. ശിവം ദുബെ എറിഞ്ഞ ആദ്യ പന്ത് ലോംഗ് ഓഫിലേക്ക് അടിത്ത ജേക്കബ് ബെഥേല്‍ രണ്ടാം റണ്ണിനായി ഓടിയെങ്കിലും പന്ത് പിടിച്ച ഹാര്‍ദ്ദിക് പാണ്ഡ്യ നേരെ സ്ട്രൈക്കിംഗ് എന്‍ഡിലേക്ക് എറിഞ്ഞു. പാണ്ഡ്യയുടെ ത്രോ വൈഡായിരുന്നെങ്കിലും അത് പിടിച്ചെടുത്ത സഞ്ജു ബെഥേലിനെ റണ്ണൗട്ടാക്കി ഇന്ത്യൻ വിജയം ഉറപ്പിച്ചു.
സഞ്ജു വിക്കറ്റ് തെറിപ്പിച്ചതിന് പിന്നാലെ സ്റ്റേഡിയത്തില്‍ കാണിച്ച കാണികളുടെ ദൃശ്യങ്ങളില്‍ നിന്നാണ് ആരാധകര്‍ സഞ്ജുവിന്‍റെ അപരനെ കണ്ടത്. വിക്കറ്റ് വീണതില്‍ ആവേശത്തോടെ തുള്ളിച്ചാടുന്ന അപരന് സഞ്ജുവിന്‍റെ മുഖച്ഛായ ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. മുമ്പ് വിരാട് കോലിയുടെയും എം എസ് ധോണിയുടെയും അപരൻമാരെയും ഇത്തരത്തില്‍ സ്റ്റേഡിയത്തില്‍ കണ്ടിട്ടുണ്ടെങ്കിലും സഞ്ജുവിന്‍റെ അപരനെ കാണുന്നത് ആദ്യമാമാണെന്നായിരുന്നു ആരാധകരുടെ പ്രതികരണം.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തപ്പോള്‍ ടോപ് സ്കോററയത് സഞ്ജുവായിരുന്നു. 42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജുവിന് ഒരിക്കല്‍ കൂടി അര്‍ഹിക്കുന്ന സെഞ്ചുറി കൈയകലത്തില്‍ നഷ്ടമായെങ്കിലും തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ടി20 ലോകകപ്പിലെ ഓപ്പണറായിരുന്ന സഞ്ജുവിന് ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ നിറം മങ്ങിയതോടെ ടീമിലെ സ്ഥാനം നഷ്ടമായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ അഭിഷേക് ശര്‍മ അസുഖബാധിതനായപ്പോള്‍ നമീബീയക്കെതിരായ മത്സരത്തില്‍ മാത്രം കളിച്ച സഞ്ജുവിന് ഇന്ത്യ സൂപ്പര്‍ 8ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ കനത്ത തോല്‍വി വഴങ്ങിയതോടെയാണ് പ്ലേയിംഗ് ഇലവനില്‍ വീണ്ടും അവസരം ലഭിച്ചത്. സിംബാബ്‌വെക്കെതിരായ മത്സരത്തില്‍ ടീമില്‍ തിരിച്ചെത്തിയ സഞ്ജു വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ 50 പന്തില്‍ 97 റണ്‍സടിച്ച് ടീമിന് സെമി ടിക്കറ്റ് നേടിക്കൊടുത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!