
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20ക്ക് മുമ്പ് ബൗണ്‍സറുകള്‍ നേരിടാന്‍ പ്രത്യേക പരിശലനം നടത്തി മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യൻ ബാറ്റിംഗ് കോച്ച് സീതാന്‍ഷു കൊടകിന് കീഴില്‍ സിമന്‍റ് പിച്ചില്‍ പ്ലാസ്റ്റിക് പന്തുപയോഗിച്ച് പുള്‍ ഷോട്ടുകളും ഹുക്ക് ഷോട്ടുകളുമാണ് സഞ്ജു പരിശീലിച്ചത്. മുക്കാല്‍ മണിക്കൂറോളം സഞ്ജു ബൗണ്‍സറുകള്‍ നേരിട്ട് ബാറ്റിംഗ് പരിശീലനം നടത്തി.
പുള്‍, ഹുക്ക് ഷോട്ടുകള്‍ക്ക് പുറമെ കട്ട്, റാംപ് ഷോട്ടുകളും സഞ്ജു പരിശീലിച്ചു. ആദ്യ രണ്ട് ടി20 മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചറുടെ അതിവേഗ ബൗണ്‍സറുകള്‍ക്ക് മുന്നിലാണ് സഞ്ജു വീണത്. കണ്ട് തവണയും പുള്‍ ഷോട്ടിന് ശ്രമിച്ച സഞ്ജുവിനെ ബൗണ്ടറിയില്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. അതിവേഗ പേസര്‍മാരുടെ ബൗണ്‍സറുകള്‍ക്കെതിരെ പതറിയാല്‍ അത് എതിരാളികള്‍ മുതലെടുക്കാനിടയുണ്ടെന്ന് തിരച്ചറിഞ്ഞാണ് സഞ്ജു ഈ ഷോട്ടുകൾക്ക് മാത്രമായി പ്രത്യേകം ബാറ്റിംഗ് പരിശീലനം നടത്തിയത്.
സിമന്‍റ് പിച്ചില്‍ പ്ലാസ്റ്റിക് പന്തുപയോഗിച്ച് മുക്കാല്‍ മണിക്കൂറോളം പരിശീലനം നടത്തിയശേഷം നെറ്റ്സില്‍ അരമണിക്കൂറോളം സഞ്ജു ബാറ്റിംഗ് പരിശീലനം നടത്തി. നെറ്റ്സിലും കുത്തിയുയരുന്ന പന്തുകള്‍ നേരിടാനായിരുന്നു സഞ്ജു പ്രധാന്യം നല്‍കിയത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ 20 പന്തിൽ 26 റൺസെടുത്ത് പുറത്തായ സഞ്ജു ഇന്നലെ ചെന്നൈയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഏഴ് പന്തില്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായിരുന്നു.
കൊല്‍ക്കത്തയില്‍ ഇംഗ്ലീഷ് പേസര്‍ ഗുസ് അറ്റ്കിന്‍സണിന്‍റെ ഒരോവറില്‍ 22 റണ്‍സടിച്ച് കരുത്തു കാട്ടിയെങ്കിലും ജോഫ്ര ആര്‍ച്ചറുടെയും മാര്‍ക്ക് വുഡിന്‍റെയും 150 കിലോ മീറ്റര്‍ വേഗതയുള്ള പന്തുകള്‍ക്ക് മുന്നില്‍ സഞ്ജു പതറി. ചെന്നൈയിലും ഇംഗ്ലീഷ് പേസര്‍മാര്‍ക്ക് മികച്ച പേസും ബൗണ്‍സും ലഭിച്ചതോടെ തുടക്കത്തിലെ തകര്‍ത്തടിക്കാന്‍ ബുദ്ധിമുട്ടിയ സഞ്ജു ഒടുവില്‍ ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ പുറത്തായി. കൊല്‍ക്കത്തയിലും ആര്‍ച്ചര്‍ തന്നെയായിരുന്നു സഞ്ജുവിനെ വീഴ്ത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!