കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ മികച്ച ടി20 താരായും അര്‍ഷ്ദീപ് സിംഗ് കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
രാജ്‌കോട്ട്:ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ത്യ ഇന്നിറമ്പോള്‍ ലോക റെക്കോര്‍ഡ് നേടത്തിന് അരികിലാണ് ഇന്ത്യൻ പേസര്‍ അര്‍ഷ്ദീപ് സിംഗ്. ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗറളായി റെക്കോര്‍ഡിട്ട അഷ്ദീപിന് ഇന്ന് രണ്ട് വിക്കറ്റ് കൂടി എറിഞ്ഞിട്ടാല്‍ ടി20 ക്രിക്കറ്റില്‍ 100 വിക്കറ്റ് നേട്ടം തികയ്ക്കാനാവും. ഒപ്പം ടി20 ക്രിക്കറ്റില്‍ അതിവേഗം 100 വിക്കറ്റ് തികയ്ക്കുന്ന പേസ് ബൗളറെന്ന നേട്ടവും അര്‍ഷ്ദീപിന് സ്വന്തമാവും.
71 ടി20 മത്സരങ്ങളില്‍ 100 വിക്കറ്റ് തികച്ചിട്ടുള്ള പാക് പേസര്‍ ഹാരിസ് റൗഫിന്‍റെ പേരിലാണ് ടി20 ക്രിക്കറ്റില ഏറ്റവും കൂടുതല്‍ വേഗത്തില്‍ 100 വിക്കറ്റ് തികച്ച പേസ് ബൗളറുടെ റെക്കോര്‍ഡ്. എന്നാല്‍ വെറും 62 മത്സരങ്ങളില്‍ നിന്നാണ് അര്‍ഷ്ദീപ് 98 വിക്കറ്റുകള്‍ എറിഞ്ഞിട്ടത്. കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ മികച്ച ടി20 താരമായും അര്‍ഷ്ദീപ് സിംഗ് കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റും കൂടുതല്‍ വേഗത്തില്‍ 100 വിക്കറ്റ് തികച്ച ബൗളര്‍ പക്ഷെ അഫ്ഗാനിസ്ഥാന്‍റെ റാഷിദ് ഖാനാണ്.53 മത്സരങ്ങളില്‍ നിന്നാണ് റാഷിദ് ഖാന്‍ 100 വിക്കറ്റ് സ്വന്തമാക്കിയത്. നേപ്പാള്‍ സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെ 54 മത്സരങ്ങളില്‍ നിന്ന് 100 വിക്കറ്റ് നേട്ടത്തിലെത്തിയിട്ടുണ്ട്. ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക 64 മത്സരങ്ങളില്‍ നിന്ന് 100 വിക്കറ്റ് നേട്ടം തികച്ചു.
അതേസമയം, ഇന്ന് രണ്ട് വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറാവാനും അര്‍ഷ്ദീപിന് അവസരമുണ്ട്. 96 വിക്കറ്റുള്ള യുസ്‌വേന്ദ്ര ചാഹലാണ് രണ്ടാം സ്ഥാനത്ത്. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലുണ്ടായിരുന്നെങ്കിലും ചാഹലിനെ പിന്നീട് ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. 2023 ഓഗസ്റ്റിലാണ് ചാഹല്‍ അവസാനമായി ഇന്ത്യയുടെ പ്ലേയിംഗ് ഇലനില്‍ കളിച്ചത്. അതേസമയം, ഇന്ന് നാലു വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ ഇന്ത്യൻ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് 96 വിക്കറ്റുമായി ചാഹലിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താനും അവസരമുണ്ട്. നിലവിൽ 92 വിക്കറ്റാണ് പാണ്ഡ്യയുടെ പേരിലുള്ളത്.
