
കട്ടക്ക്: ഏകദിന പരമ്പര നേടിയ ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇറങ്ങും. കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിലാണ് മത്സരം, ട20 ലോകകപ്പിന് മുമ്പ് ടീമില്‍ അവസാന മിനുക്ക് പണികള്‍ നടത്താനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര. ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ച് മത്സര പരമ്പര കഴിഞ്ഞാല്‍ ലോകകപ്പിന് തൊട്ടു മുമ്പ് ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ അഞ്ച് മത്സര ടി20 പരമ്പരയില്‍ കൂടി ഇന്ത്യ കളിക്കും.
ഈ രണ്ട് പരമ്പരകളില്‍ നിന്നാകും ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുക എന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ടീമിലെ ഓരോ താരത്തിനും ഈ രണ്ട് പരമ്പരകളും നിര്‍ണായകമാണ്. സഞ്ജു സാംസണ് പകരം ഓപ്പണറായ വൈസ് ക്യാപ്റ്റൻ ഗില്ലിനും മധ്യനിരയിലേക്ക് മാറിയ സഞ്ജുവിനും പരമ്പരയില്‍ മികവ് കാട്ടേണ്ടത് അനിവാര്യമാണ്. ഓപ്പണിംഗില്‍ ഇന്ത്യ അഭിഷേക് ശര്‍മ-ശുഭ്മാന്‍ സഖ്യത്തെ തന്നെയാവും ആദ്യ മത്സരത്തിലും ഇറക്കുക. പരിക്കുമാറി തിരിച്ചെത്തുന്ന ഗില്‍ പൂര്‍ണ കായികക്ഷമത നേടിക്കഴിഞ്ഞു.
മൂന്നാം നമ്പറില്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും നാലാമനായി തിലക് വര്‍മയും ക്രീസിലെത്തും. ഹാര്‍ദ്ദിക് പാണ്ഡ്യ തിരിച്ചെത്തിയതിനാല്‍ അഞ്ചാം നമ്പറില്‍ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചേക്കും. ആറാമനായി ഹാര്‍ദ്ദിക്കും ഏഴാം നമ്പറില്‍ അക്സര്‍ പട്ടേലും ഇറങ്ങാനാണ് സാധ്യത. എട്ടാമനായി കുല്‍ദീപ് യാദവോ വാഷിംഗ്ടൺ സുന്ദറോ ടീമിലെത്തുമെന്നാണ് കരുതുന്നത്. മിസ്റ്ററി സ്പിന്നര്‍ വരുൺ ചക്രവര്‍ത്തി പ്ലേയിംഗ് ഇലവനില്‍ എത്തുമെന്നുറപ്പാണ്. പേസര്‍മാരായി ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗുമാകും ടീമിലെത്തുക. ഹാര്‍ദ്ദിക് പാണ്ഡ്യ ടീമിലുള്ളതിനാല്‍ മൂന്നാം പേസറായി ഹര്‍ഷിത് റാണ ടീമിലെത്താനുള്ള സാധ്യത കുവാണ്.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: അഭിഷേക് നായര്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്/വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക