
ലക്നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സൂപ്പര്‍ ലീഗ് പ്രതീക്ഷകള്‍ അവസാനിച്ച കേരളം അവസാന ഗ്രൂപ്പ് മത്സരത്തില്‍ നാളെ റിയാന്‍ പരാഗിന്‍റെ ആസമിനെ നേരിടും. നാളെ രാവിലെ 11ന് ലക്നൗ ഏക്നാ സ്റ്റേഡിയത്തിലാണ് കേരള-ആസം മത്സരം. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കളിക്കാനായി ഇന്ത്യൻ ക്യാംപിലേക്ക് പോയതിനാല്‍ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ഇല്ലാതെയാകും കേരളം നാളെ ആസമിനെതിരെ അവസാന ഗ്രൂപ്പ് പോരാട്ടത്തിന് ഇറങ്ങുക. ഗ്രൂപ്പ് എയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് കേരളം.ആറ് കളികളില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയും അടക്കം 12 പോയന്‍റാണ് നിലവില്‍ കേരളത്തിനുള്ളത്.
കഴിഞ്ഞ മത്സരത്തില്‍ ആന്ധ്രയോടേറ്റ തോല്‍വിയാണ് കേരളത്തിന് തിരിച്ചടിയായത്. 20 പോയന്‍റ് വീതമുള്ള മുംബൈയും ആന്ധ്രയുമാണ് ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടിയ ടീമുകള്‍. ആറ് കളികളില്‍ നാലിലും തോറ്റ റിയാന്‍ പരാഗിന്‍റെ ആസമാകട്ടെ എട്ട് ടീമുകളുള്ള ഗ്രൂപ്പില്‍ ഏഴാം സ്ഥാനത്താണ്.
നാളത്തെ മത്സരത്തില്‍ ജയിച്ച് ജയത്തോടെ ടൂര്‍ണമെന്‍റ് അവസാനിപ്പിക്കാനാകും കേരളം ശ്രമിക്കുക. ഇന്ത്യൻ നായകന്‍ സൂര്യകുമാര്‍ യാദവ് ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങളടങ്ങിയ മുംബൈയെ മുട്ടുകുത്തിച്ചെങ്കിലും റെയില്‍വെയോടും വിദര്‍ഭയോടും ആന്ധ്രയോടുമേറ്റ തോല്‍വികളാണ് കേരളത്തിന്‍റെ വഴിയടച്ചത്.
ക്യാപ്റ്റൻ സഞ്ജു സാംസണും രോഹന്‍ കുന്നുമ്മലും ഒഴികെയുള്ള ബാറ്റര്‍മാരൊന്നും മികവ് കാട്ടാതിരുന്നതും കേരളത്തിന് തിരിച്ചടിയായി. ആറ് മത്സരങ്ങളില്‍ 58.25 ശരാശരിയിലും 137.87 സ്ട്രൈക്ക് റേറ്റിലും 233 റൺസടിച്ച സഞ്ജു ടൂര്‍ണമെന്‍റിലെ റണ്‍വേട്ടയില്‍ പത്താം സ്ഥാനത്തെത്തിയിരുന്നു. കേരള താരങ്ങളില്‍ ഒന്നാമനും സഞ്ജുവാണ്. രോഹന്‍ കുന്നുമ്മല്‍ 224 റണ്‍സുമായി പതിനാലാം സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!