കിഷനും വരുണുമില്ല, ലോകകപ്പിന്റെ താരമാകാന്‍ സഞ്ജു; ഐസിസി ഔദ്യോഗിക പട്ടിക പുറത്ത്, ഇന്ത്യന്‍ ടീമില്‍ നിന്ന് ഒരാള്‍ മാത്രം

Published : Mar 06, 2026, 01:04 PM IST
Sanju Samson

Synopsis

2026 ടി20 ലോകകപ്പിലെ മികച്ച താരത്തിനുള്ള ഐസിസിയുടെ നാമനിർദ്ദേശ പട്ടികയിൽ ഇന്ത്യൻ ടീമിൽ നിന്ന് വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ മാത്രം ഇടംപിടിച്ചു. 

ദുബായ്: 2026 ടി20 ലോകകപ്പിലെ മികച്ച താരത്തിനുള്ള ഐസിസിയുടെ നാമനിര്‍ദ്ദേശ പട്ടിക പുറത്തുവിട്ടു. ഫൈനലില്‍ കടന്ന ഇന്ത്യന്‍ നിരയില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ മാത്രമാണ് പട്ടികയില്‍ ഇടംപിടിച്ചത്. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് പട്ടികയില്‍ ഭൂരിഭാഗവും.

സഞ്ജുവിന്റെ കരുത്തില്‍ ഇന്ത്യ

എട്ടു മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുമായി വരുണ്‍ ചക്രവര്‍ത്തി വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലുണ്ടെങ്കിലും, ഇന്ത്യയുടെ ഫൈനല്‍ പ്രവേശനത്തില്‍ സഞ്ജു സാംസണ്‍ ചെലുത്തിയ സ്വാധീനമാണ് ഐസിസി പരിഗണിച്ചത്. മാത്രമല്ല, ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരം ഇഷാന്‍ കിഷനാണ്. അദ്ദേഹത്തേയും പരിഗണിച്ചില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണ്ണായക ക്വാര്‍ട്ടര്‍ ഫൈനലിലും, ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിലും സഞ്ജു തുടര്‍ച്ചയായി മാച്ച് വിന്നിംഗ് ഇന്നിംഗ്സുകള്‍ കളിച്ചിരുന്നു. ഈ ഇന്നിംഗ്‌സുകള്‍ കാരണമാണ് സഞ്ജു പട്ടികയില്‍ ഇടം പിടിച്ചത്. അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലിലും സഞ്ജുവില്‍ നിന്ന് രാജ്യം വലിയ പ്രകടനം പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സഞ്ജു തന്നെയായിരിക്കും ലോകകപ്പിലെ താരം.

സഞ്ജുവിനെ കൂടാതെ എട്ടു താരങ്ങളാണ് പട്ടികയിലുള്ളത്

വില്‍ ജാക്‌സ് (ഇംഗ്ലണ്ട്): എട്ടു മത്സരങ്ങളില്‍ നിന്ന് നാല് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍ നേടിയ ജാക്‌സ് ഇംഗ്ലണ്ടിന്റെ സെമി പ്രവേശനത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

സാഹിബ്‌സാദ ഫര്‍ഹാന്‍ (പാകിസ്ഥാന്‍): പാകിസ്ഥാന്‍ നേരത്തെ പുറത്തായെങ്കിലും, ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 383 റണ്‍സ് നേടി ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി ഫര്‍ഹാന്‍ മാറി.

ലുങ്കി എന്‍ഗിഡി, എയ്ഡന്‍ മാര്‍ക്രം (ദക്ഷിണാഫ്രിക്ക): ദക്ഷിണാഫ്രിക്കന്‍ ബോളിംഗ് നിരയുടെ നട്ടെല്ലായി എന്‍ഗിഡി മാറിയപ്പോള്‍, മൂന്ന് അര്‍ദ്ധസെഞ്ച്വറികളുമായി ക്യാപ്റ്റന്‍ മാര്‍ക്രം ബാറ്റിംഗില്‍ തിളങ്ങി.

രചിന്‍ രവീന്ദ്ര, ടിം സീഫെര്‍ട്ട് (ന്യൂസിലന്‍ഡ്): ഓള്‍റൗണ്ട് പ്രകടനത്തിലൂടെ രചിന്‍ രവീന്ദ്ര കിവികളുടെ ഫൈനല്‍ പ്രവേശനത്തില്‍ വലിയ പങ്കുവഹിച്ചു.

ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക് (യുഎസ്എ): ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ യുഎസ് പുറത്തായെങ്കിലും, വെറും നാല് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകള്‍ വീഴ്ത്തി ഷാല്‍ക്വിക് വിസ്മയിപ്പിച്ചു.

വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ് ഷാല്‍ക്വിക്. ഞായറാഴ്ച നടക്കുന്ന ഫൈനല്‍ മത്സരത്തിന് ശേഷം വിജയിയെ പ്രഖ്യാപിക്കും. പക്ഷേ, വരുണ്‍ കൂടുതല്‍ മത്സരങ്ങള്‍ ലോകകപ്പില്‍ കളിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജു ഇടപെട്ടു, ബട്‌ലര്‍ ബൗള്‍ഡ്; വരുണ്‍ ചക്രവര്‍ത്തിയെ ആത്മവിശ്വാസത്തിലേക്ക് കൊണ്ടുവന്ന 'ചേട്ടന്‍' മാജിക്
കളിച്ചത് നാലേ നാല് മത്സരങ്ങള്‍, റണ്‍വേട്ടക്കാരില്‍ ആദ്യ പത്തിന് അരികെ സഞ്ജു സാംസണ്‍; സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ രണ്ടാമന്‍