
ദുബായ്: ഏറെ അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവിലാണ് സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം പിടിച്ചത്. ടോസിന് തൊട്ട് മുമ്പുവരെ സഞ്ജു കളിക്കില്ല എന്നായിരുന്നു പ്രതീക്ഷിച്ചത്. ദുബായില്‍ എത്തിയിന് ശേഷം പരിശീലനത്തിനിടെ സഞ്ജുവിന് കീപ്പിംഗിലും ബാറ്റിംഗിലും വളരെ കുറച്ച് അവസരം മാത്രമാണ് കിട്ടിയത്. ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മ്മ ഏറെ നേരം കീപ്പിംഗ്, ബാറ്റിംഗ് പരിശീലനം നടത്തി. മത്സരത്തിന് മുമ്പും ജിതേഷാണ് കീപ്പിംഗ് പരിശീലനം നടത്തിയത്. മധ്യനിരയില്‍ ഫിനിഷറായി ജിതേഷ് ശര്‍മ പ്ലേയിംഗ് ഇലവനിലെത്തുമെന്നായിരുന്നു മത്സരത്തിന് തൊട്ടു മുമ്പ് വരെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ പ്ലേയിംഗ് ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ ജിതേഷിനെ മറികടന്ന് സഞ്ജു ടീമിലെത്തി. യു എ ഇയ്‌ക്കെതിരെ രണ്ട് ക്യാച്ചെടുത്ത് സഞ്ജു മികച്ച പ്രകടനം നടത്തി. ശിവം ദുബേയുടേയും കുല്‍ദീപ് യാദവിന്റെയും പന്തുകളിലായിരുന്നു സഞ്ജുവിന്റെ ക്യാച്ചുകള്‍. ശുഭ്മന്‍ ഗില്‍ ടീമിലേക്ക് തിരിച്ചെത്തിയതോടെ, ഓപ്പണറായ സഞ്ജുവിന് ബാറ്റിംഗ് നിരയില്‍ മധ്യനിരയിലേക്ക് ഇറങ്ങേണ്ടിവന്നു. യുഎഇക്കെതിരെ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ലെങ്കിലും പാകിസ്ഥാനെതിരായ വമ്പന്‍ പോരാട്ടത്തിലും സഞ്ജു ടീമില്‍ ഇടംപിടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
എന്നാല്‍ പ്രവചനങ്ങളെയെല്ലാം കാറ്റില്‍ പറത്തി ഗൗതം ഗംഭീര്‍ സഞ്ജുവില്‍ വിശ്വാസം അര്‍പ്പിച്ചു. ഓപ്പണര്‍ സ്ഥാനം നഷ്ടമായെങ്കിലും മധ്യനിരയില്‍ സഞ്ജുവിന് ഇടം നല്‍കി. തുടര്‍ച്ചയായ 15 ടോസ് നഷ്ടങ്ങള്‍ക്ക് ശേഷം ആദ്യമായി ടോസ് ജയിച്ച ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തതോടെ വിക്കറ്റിന് പിന്നില്‍ സഞ്ജു എങ്ങനെ മികവ് കാട്ടുന്നുവെന്നായിരുന്നു മലയാളി ആരാധകരുടെ ആകാംക്ഷ.
എന്നാല്‍ ജസ്പ്രീത് ബുമ്ര എറിഞ്ഞ രണ്ടാം ഓവറിലെ നാലാം പന്ത് ലെഗ് സ്റ്റംപിന് പുറത്തേക്ക് വൈഡായി പോയപ്പോള്‍ ആ പന്ത് തന്റെ ഇടതുവശത്തേക്ക് ഫുള്‍ സ്‌ട്രെച്ച് ഡൈവ് ചെയ്ത് കൈയിലൊതുക്കി കയ്യടി നേടി. പിന്നാലെ കുല്‍ദീപിന്റെ പന്തില്‍ എല്‍ബിഡബ്ല്യൂവിനായി ഉറച്ച അപ്പീലുമായി വിക്കറ്റെടുക്കാന്‍ സഹായിച്ച സഞ്ജു ശിവം ദുബെയുടെ പന്തില്‍ ആസിഫ് ഖാനെ വിക്കറ്റിന് പിന്നില്‍ പറന്നു പിടിച്ചു മികവ് കാട്ടി.