
ചെന്നൈ: കഴിഞ്ഞ കുറച്ചത് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറയുകയാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. അധികം വൈകാതെ അദ്ദേഹം ടീം വിടുമെന്നുള്ളതാണ് വാര്‍ത്ത. ഐപിഎല്ലിലെ മറ്റു ഫ്രാഞ്ചൈസികളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവര്‍ സഞ്ജുവിന് പിന്നാലെയുണ്ട്. 2021 ജനുവരിയിലാണ് സ്റ്റീവ് സ്മിത്തിന്റെ പിന്‍ഗാമിയായി സഞ്ജു രാജസ്ഥാന്‍ റോയല്‍സ് നായകനാവുന്നത്. 2025 സീസണിനിലെ മുഴുവന്‍ മത്സരങ്ങളിലും സഞ്ജുവിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. പരിക്കിനെ തുടര്‍ന്ന് ചില മത്സരങ്ങള്‍ നഷ്ടമായി. ടീം സീസണിലൊന്നാകെ നിരാശപ്പെടുത്തിയതോടെയാണ് സഞ്ജു പോകുമെന്നുള്ള വാര്‍ത്തകള്‍ വന്നത്.
അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ രാജസ്ഥാന്‍ റോയല്‍സിനെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു. മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്റെ യുട്യൂബ് ചാനലില്‍ 'കുട്ടി സ്റ്റോറീസ് വിത്ത് ആഷ്' എന്ന അഭിമുഖ പരിപാടിയില്‍ രാജസ്ഥാന്‍ റോയല്‍സ് തനിക്ക് എന്തായിരുന്നുവെന്നും അവിടെ ആസ്വദിച്ച ദിവസങ്ങളെ കുറിച്ചും സഞ്ജു വിശദീകരിക്കുന്നുണ്ട്.
തന്റെ പ്രിയപ്പെട്ട സീസണുകള്‍ ഏതൊക്കെയെന്നും സഞ്ജു വിശദീരിക്കുന്നു... ''ഞാന്‍ നായകസ്ഥാനത്തേക്ക് വരുന്നതിനൊപ്പം കൂടി ലീഡര്‍ഷിപ്പ് ടീമിലും മാറ്റമുണ്ടായി. അതോടെ പണം ചെലവഴിക്കാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ ടീമിലെ വമ്പന്മാരെ ടീമിലെത്തിക്കാന്‍ തീരുമാനിക്കുന്നു. മുമ്പുള്ള സീസണുകളില്‍ ഞങ്ങള്‍ക്ക് നഷ്ടമായതും ഇത്തരം താരങ്ങളില്‍. ആ തീരുമാനത്തിന് പിന്നാലെ ഫലവും കണ്ട് തുടങ്ങി. അങ്ങനെയാണ് താങ്കളും യൂസ്‌വേന്ദ്ര ചാഹലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ രാജസ്ഥാന്‍ റോയല്‍സിലെത്തുന്നത്. നമ്മള്‍ക്കുള്ളില്‍ ഒരു കെട്ടുറപ്പുണ്ടായിരുന്നു. മാത്രമല്ല, അതൊരു കുടുംബം പോലെയായിരുന്നു. 2022, 2023, 2024 സീസണുകളാണ് എന്റെ ഐപിഎല്‍ കരിയറുകളില്‍ ഏറ്റവും മികച്ചത്. നമ്മള്‍ ചില മത്സരങ്ങള്‍ കളിച്ചു, ഒന്നിച്ചു പോരാടി. ചില മത്സരങ്ങള്‍ പരാജയപ്പെട്ടു, ഫൈനലിലും പരാജയപ്പെട്ടു. പക്ഷേ ആ ഒരു ബന്ധം, ആ ഒരു കെട്ടുറപ്പ് ഇനിയൊരിക്കലും ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. അത് എന്റെ ഓര്‍മയില്‍ എപ്പോഴുമുണ്ടാവും.'' സഞ്ജു വ്യക്തമാക്കി.
നേരത്തെ, പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ കുറിച്ചും സഞ്ജു പറഞ്ഞിരുന്നു... ''ഞാന്‍ രാജസ്ഥാന്‍ റോയല്‍സില്‍ ട്രയല്‍സിന് വരുമ്പോള്‍ ക്യാപ്റ്റന്‍ അദ്ദേഹമായിരുന്നു. ഞാന്‍ ദ്രാവിഡിന് കീഴില്‍ കളിച്ചു, സെമി ഫൈനലിലെത്തി. എനിക്ക് നന്നായി കളിക്കാന്‍ സാധിച്ചു. പിന്നീട് അദ്ദേഹം ഇന്ത്യ എ പരിശീലകനായി. അവിടെ എനിക്ക് നന്നായി കളിക്കാന്‍ സാധിച്ചു. കഴിഞ്ഞ 10-12 വര്‍ഷമായി അദ്ദേഹം എനിക്കൊപ്പമുണ്ടെന്നുള്ള തോന്നലുണ്ട്. എപ്പോള്‍ വേണമെങ്കിലും വിളിക്കാം, മറുപടി നല്‍കാന്‍ എപ്പോഴും അദ്ദേഹം അപ്പുറത്തുണ്ടായിരുന്നു. അതിനപ്പുറം ഞാനൊരിക്കലും രാജസ്ഥാന്റെ ക്യാപ്റ്റനാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അവിടെ അദ്ദേഹം കോച്ചായി വരുന്നു.'' അതൊരു വല്ലാത്ത ട്വിസ്റ്റായിരുന്നുവെന്നും സഞ്ജു പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!