'കടുത്ത ചൂട് അനുഭവപ്പെട്ടിരുന്നു'; ഏഷ്യാ കപ്പില്‍ ഒമാനെതിരായ ഇന്നിംഗ്‌സിനെ കുറിച്ച് സഞ്ജു സാംസണ്‍

Published : Sep 20, 2025, 08:50 AM IST
Sanju Samson won player of the match against Oman

Synopsis

ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ 45 പന്തിൽ 56 റൺസ് നേടി ടോപ് സ്കോററായ സഞ്ജു സാംസണാണ് കളിയിലെ താരം. കടുത്ത ചൂട് അനുഭവപ്പെട്ടിരുന്നുവെന്നും ക്രീസിൽ പിടിച്ചുനിൽക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും മത്സരശേഷം സഞ്ജു വെളിപ്പെടുത്തി.

അബുദാബി: ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഒമാനെതിരെ 21 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. സഞ്ജു സാംസണ്‍ (45 പന്തില്‍ 56) ടോപ് സ്‌കോററായി. അഭിഷേക് ശര്‍മ (15 പന്തില്‍ 38), തിലക് വര്‍മ (18 പന്തില്‍ 29) എന്നിവരുടെ ഇന്നിംഗ്സുകള്‍ നിര്‍ണായകമായി. അബുദാബി, ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തില്‍ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒമാന് നാല് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനാണ് സാധിച്ചത്. ആമിര്‍ കലീം (45 പന്തില്‍ 64), ഹമ്മാദ് മിര്‍സ (33 പന്തില്‍ 51) എന്നിവര്‍ ഒമാന് പ്രതീക്ഷ നല്‍കിയെങ്കിലും വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ല.

മത്സരത്തിലെ താരവും സഞ്ജു ആയിരുന്നു. എന്നാല്‍ മലയാളി താരത്തിന് സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. മത്സരശേഷം സഞ്ജു തന്റെ പ്രകടനത്തെ കുറിച്ച് പറഞ്ഞതിങ്ങനെ... ''കടുത്ത ചൂട് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് ഫിറ്റ്‌നെസില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. പുതിയ ഫീല്‍ഡിംഗ് പരിശീലകന് കീഴില്‍ ബ്രോങ്കോ ടെസ്റ്റ് പൂര്‍ത്തിയാക്കിയിരുന്നു. ക്രീസില്‍ ഒരുപാട് സമയം പിടിച്ചുനില്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷം. ഒമാന്‍ ശരിക്കും നന്നായി പന്തെറിഞ്ഞു. അവര്‍ക്കും ക്രഡിറ്റ് അര്‍ഹിക്കുന്നു. പവര്‍പ്ലേയിലും നന്നായി പന്തെറിഞ്ഞു. എന്റെ കരുത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. ബാറ്റുകൊണ്ട്, രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അത് വലിയ കാര്യമാണ്. ഞാന്‍ അതിനെ പോസിറ്റീവായി എടുക്കുന്നു.'' സഞ്ജു പ്ലയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പറഞ്ഞു.

ഗില്‍ തുടക്കത്തില്‍ മടങ്ങി

രണ്ടാം ഓവറില്‍ തന്നെ ഗില്ലിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഷാ ഫൈസലിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ഗില്‍ മടങ്ങിയെങ്കില്‍ പപവര്‍ പ്ലേയില്‍ 60 റണ്‍സ് അടിച്ചെടുക്കാന്‍ സഞ്ജു - അഭിഷേക് സഖ്യത്തിന് സാധിച്ചു. എന്നാല്‍ എട്ടാം ഓവറില്‍ അഭിഷേക് മടങ്ങി. സഞ്ജുവിനൊപ്പം 66 റണ്‍സ് ചേര്‍ത്ത ശേഷമാണ് അഭിഷേക് പുറത്താവുന്നത്. രണ്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. അതേ ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയും (1) മടങ്ങി. റണ്ണൗട്ടാവുകയായിരുന്നു താരം. ജിതേന്‍ രാമാനന്ദിന്റെ പന്ത് സഞ്ജു നേരെ കളിച്ചെങ്കിലും ക്യാച്ചെടുക്കാനുള്ള അവസരം ബൗളര്‍ നഷ്ടമാക്കി. എന്നാല്‍ പന്ത് നോണ്‍സ്ട്രൈക്കിലെ സ്റ്റംപില്‍ പതിച്ചു. ഹാര്‍ദിക്കിന് മടങ്ങേണ്ടി വന്നു.

തുടര്‍ന്നെത്തിയ അക്സര്‍ 13 പന്തില്‍ 26 റണ്‍സ് അടിച്ചെടുത്തു. സഞ്ജുവിനൊപ്പം 45 റണ്‍സാണ് അക്സര്‍ ചേര്‍ത്തത്. 13-ാം ഓവറില്‍ അക്സര്‍ മടങ്ങി. സഞ്ജുവാകട്ടെ ബാറ്റ് ചെയ്യാന്‍ നന്നായി ബുദ്ധിമുട്ടി. ടൈമിംഗ് കണ്ടെത്താന്‍ സഞ്ജുവിന് സാധിച്ചില്ല. ഇതിനിടെ ശിവം ദുബെയും (5) പവലിയനില്‍ തിരിച്ചെത്തി. തുടര്‍ന്ന് സഞ്ജു - തിലക് സഖ്യം 41 റണ്‍സ് കൂട്ടിചേര്‍ത്തു. സഞ്ജുവിനെ മടക്കി ഷാ ഫൈസല്‍ ഒമാന് ബ്രേക്ക് ത്രൂ നല്‍കി. മൂന്ന് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. തിലക് 19-ാം ഓവറില്‍ മടങ്ങി. അര്‍ഷ്ദീപ് സിംഗ് (1) അവസാന ഓവറില്‍ റണ്ണൗട്ടായി. ഹര്‍ഷിത് റാണ (13), കുല്‍ദീപ് യാദവ് (1) പുറത്താവാതെ നിന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരള - ബംഗാള്‍ മത്സരം സമനിലയില്‍
'സെലക്റ്റര്‍മാര്‍ക്ക് വ്യക്തതയില്ല'; ശുഭ്മാന്‍ ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ദിനേശ് കാര്‍ത്തിക്