
കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ചെന്നൈ, ചെപ്പോക്ക് സ്‌റ്റേഡിത്തില്‍ നടക്കാനിരിക്കെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണെ കാത്ത് കൂടുതല്‍ നേട്ടങ്ങള്‍.വൈകിട്ട് ഏഴിനാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടി20 ജയിച്ച ഇന്ത്യ 1-0ത്തിന് മുന്നിലാണ്. മത്സരത്തില്‍ 20 പന്തില്‍ 26 റണ്‍സാണ് സഞ്ജു നേടിയത്. പരമ്പരയില്‍ 164 റണ്‍സ് കൂടി നേടിയാല്‍ സഞ്ജുവിന് അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ 1000 ക്ലബിലെത്താം. 38 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സഞ്ജു ഇതുവരെ 836 റണ്‍സ് നേടിയിട്ടുണ്ട്.
മുമ്പ് 11 ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് 1000 ക്ലബിലെത്തിയിട്ടുള്ളത്. ടി20 ക്രിക്കറ്റില്‍ 932 റണ്‍സ് നേടിയിട്ടുള്ള ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെ മറികടക്കാനും സഞ്ജുവിന് അവസരമുണ്ട്. 97 റണ്‍സ് കൂടി നേടിയാല്‍ സഞ്ജുവിന് ഗംഭീറിനെ പിന്തള്ളാം. ടി20 ക്രിക്കറ്റില്‍ ഒന്നാകെ 7500 നേടാനും സഞ്ജുവിന് അവസരമുണ്ട്. 181 റണ്‍സാണ് സഞ്ജുവിന് വേണ്ടത്. നിലവില്‍ 277 ഇന്നിംഗ്സില്‍ നിന്ന് 7319 റണ്‍സ് സഞ്ജു നേടി. ആറ് സെഞ്ചുറിയും 47 അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. 29.88 ശരാശരിയും 137.08 സ്ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്.
അന്താരാഷ്ട്ര ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ധോണിയെ മറികടക്കാനും സഞ്ജുവിന് അവസരമുണ്ട്. ഇതുവരെ 47 സിക്സുകളാണ് സഞ്ജു നേടിയത്. 98 മത്സരങ്ങള്‍ കളിച്ച ധോണിയാകട്ടെ, ആകെ നേടിയിട്ടുള്ളത് 52 സിക്സറുകള്‍. ആറ് സിക്സുകള്‍ നേടിയാല്‍ സഞ്ജുവിന് ധോണിയെ മറികടക്കാം. അതേസമയം, ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താരങ്ങളില്‍ രോഹിത് ശര്‍മയാണ് മുന്നില്‍. 159 മത്സരങ്ങളില്‍നിന്ന് 205 സിക്സുകളാണ് രോഹിത് നേടിയത്.
രാജ്യാന്തര ട്വന്റി20യില്‍ സിക്സറുകളില്‍ 200ലധികം സിക്സുകള്‍ നേടിയ ഏക താരവും രോഹിത് തന്നെ. 122 മത്സരങ്ങളില്‍ നിന്ന് 173 റണ്‍സ് നേടിയ മുന്‍ കിവീസ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് രണ്ടാമത്.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍
അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി / മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!