'ദ്രാവിഡിന്റെ ആ ചോദ്യം കേട്ട് ഞാന്‍ അത്ഭുതപ്പെട്ടു; ഒരു സ്വപ്നം പോലെയായിരുന്നു അത്'; സഞ്ജു സാംസണ്‍

By Web TeamFirst Published May 5, 2020, 10:28 PM IST
Highlights

സ്റ്റീവ് സ്മിത്തിന് ചാച്ചു എന്ന ഇരട്ടപ്പേര് വന്നതിനെക്കുറിച്ചും സഞ്ജു മനസ് തുറന്നു. മുന്‍ താരം ബ്രാഡ് ഹോഡ്ജ് ആണ് സ്മിത്തിനെ ആദ്യമായി ചാച്ചു എന്ന് വിളിച്ചത്. ഹോഡ്ജ് പോയശേഷം ഞാന്‍ സ്മിത്തിനെ ചാച്ചു എന്നാണ് വിളിക്കാറ്. അപ്പോള്‍ അദ്ദേഹം എന്നെയും ചാച്ചു എന്ന് തിരിച്ച് വിളിക്കും.

തിരുവനന്തപുരം: 2013ല്‍ ആദ്യമായി രാജസ്ഥാന്‍ റോയല്‍സിന്റെ ഐപിഎല്‍ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്ത ഓര്‍മകള്‍ പങ്കുവെച്ച് മലയാളി താരം സ‍ഞ്ജു സാംസണ്‍. രഹുല്‍ ഭായിയും സുബിന്‍ ബറൂച്ചയുമാണ് അന്ന് സെലക്ഷന്‍ ട്രയല്‍സിന് നേതൃത്വം കൊടുത്തിരുന്നത്. അവിടെ ആദ്യ ദിനം മികച്ചൊരു ഇന്നിംഗ്സ് കളിക്കാന്‍ എനിക്കായിരുന്നു. രണ്ടാം ദിനമായിരുന്നു അത് സംഭവിച്ചത്. രാഹുല്‍ ഭായ് എന്റെ അടുക്കലേക്ക് വന്നു ചോദിച്ചു, നീ എന്റെ ടീമിലേക്ക് പോരുന്നോ, ഒരു സ്വപ്നം പോലെയാണ് ആ ചോദ്യം ഞാന്‍ കേട്ടത്. രാജസ്ഥാന്‍ റോയല്‍സ് സ്പിന്‍ കണ്‍സള്‍ട്ടന്റായ ഇഷ് സോധിയുമായുള്ള പോഡ‍്കാസ്റ്റ് അഭിമുഖത്തില്‍ സഞ്ജു പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും പിന്നീട് മെന്ററുമായിരുന്നു ദ്രാവിഡ് അഞ്ച് വര്‍ഷത്തോളം.

രാജസ്ഥാന്‍ റോയല്‍സിലെത്തിയെങ്കിലും ഐപിഎല്ലില്‍ ആദ്യ ആറ് മത്സരങ്ങളില്‍ എനിക്ക് അവസരം ലഭിച്ചിരുന്നില്ല. അപ്പോഴെല്ലാം ഞാന്‍ ദ്രാവിഡ് സാറോട് സംസാരിക്കുമായിരുന്നു. അതുപോലെ ടീമിലെ മറ്റ് മുതിര്‍ന്ന താരങ്ങളായ ഷെയ്ന്‍ വാട്സണ്‍, ബ്രാഡ് ഹോഡ്ജ് എന്നിവരോടെല്ലാം നിരന്തരം സംസാരിക്കും. അവരില്‍ നിന്നെല്ലാം പഠിക്കാന്‍ ശ്രമിക്കും. എപ്പോള്‍ എന്ത് സഹായം ചോദിച്ചാലും അത് ചെയ്തുതരാന്‍ ദ്രാവിഡ് സാര്‍ ഒരുക്കമായിരുന്നു. ഇത്രയും വിനയമുള്ള ഒരു മനുഷ്യനെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. ഏത് ക്രിക്കറ്റ് താരത്തെയും എപ്പോഴും സഹായിക്കാന്‍ തയാറാവുന്ന മറ്റൊരു കളിക്കാരനുമില്ല.

Alos Read: സ്വപ്നില്‍ അസ്നോദ്‌കര്‍ മുതല്‍ പോള്‍  വാള്‍ത്താറ്റി വരെ, ഐപിഎല്ലിലെ 'ഒറ്റ സീസണ്‍' അത്ഭുതങ്ങള്‍

വിക്കറ്റ് കീപ്പറെന്ന നിലയിലും ബാറ്റ്സ്മാന്‍ എന്ന നിലയിലും രാജസ്ഥാന്‍ റോയല്‍സിലെ സഹതാരം ജോസ് ബട്‌ലര്‍ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു. ജോസ് ബട്‌ലറെയും സ്റ്റീവ് സ്മിത്തിനെയും ബെന്‍ സ്റ്റോക്സിനെയും പോലുള്ള കളിക്കാരെ ഞാന്‍ അടുത്തു നിന്ന് നിരീക്ഷിക്കാറുണ്ട്. ഒരു മത്സരത്തിനായി അവര്‍ നടത്തുന്ന തയാറെടുപ്പുകള്‍ കാണാന്‍ എനിക്കിഷ്ടമാണ്. പ്രത്യേകിച്ച് ബട്‌ലര്‍. എപ്പോഴും സ്വന്തം പ്രകടനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലായിരിക്കും അദ്ദേഹം.

ബട്‌ലര്‍ ഒരിക്കലും വെറുതെ ഇരിക്കുന്നത് കാണാനേ ആവില്ല. ഒന്നുകില്‍ കീപ്പിംഗ് പരിശീലനം, അല്ലെങ്കില്‍ ബാറ്റിംഗ് പരിശീലനം ഇതൊന്നുമല്ലെങ്കില്‍ പരീശീലന ഗ്രൗണ്ടിലൂടെയുള്ള ഓട്ടം. അങ്ങെന എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കും ബട്‌ലര്‍. വിക്കറ്റ് കീപ്പറെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും അദ്ദേഹം ഒരു മത്സരത്തിന് മുമ്പ്  എന്തൊക്കെ തയാറെടുപ്പുകള്‍ നടത്തുന്നു എന്നത് ഞാന്‍ നിരീക്ഷിക്കാറുണ്ട്-സഞ്ജു പറഞ്ഞു.

Alos Read: സഞ്ജു നീ അവിടെ നില്‍ക്ക്; ധോണിയുടെ ആ വാക്കുകളെക്കുറിച്ച് സഞ്ജു

സ്റ്റീവ് സ്മിത്തിന് ചാച്ചു എന്ന ഇരട്ടപ്പേര് വന്നതിനെക്കുറിച്ചും സഞ്ജു മനസ് തുറന്നു. മുന്‍ താരം ബ്രാഡ് ഹോഡ്ജ് ആണ് സ്മിത്തിനെ ആദ്യമായി ചാച്ചു എന്ന് വിളിച്ചത്. ഹോഡ്ജ് പോയശേഷം ഞാന്‍ സ്മിത്തിനെ ചാച്ചു എന്നാണ് വിളിക്കാറ്. അപ്പോള്‍ അദ്ദേഹം എന്നെയും ചാച്ചു എന്ന് തിരിച്ച് വിളിക്കും. ലോക ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമാനായ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് സ്മിത്തെന്നും സഞ്ജു പറഞ്ഞു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നേടിയ 91 റണ്‍സാണ് തന്റെ ഐപിഎല്‍ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സായി കരുതുന്നതെന്നും സഞ്ജു വ്യക്തമാക്കി.

click me!