തിരുവനന്തപുരം:  എം എസ് ധോണിക്ക് കീഴില്‍ ഇന്ത്യക്കായി കളിക്കാനുള്ള അവസരം ലഭിക്കണമെന്നതായിരുന്നു തന്റെ വലിയ സ്വപ്നങ്ങളിലൊന്നെന്ന് മലയാളി താരം സഞ്ജു സാംസണ്‍. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലെത്തിയെങ്കിലും പ്ലേയിംഗ് ഇലവനില്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല.

പുതുമുഖമായതിനാല്‍ ധോണിയോടും കോലിയോടുമെല്ലാം ബഹുമാനത്തോടെയുള്ള അകലത്തിലാണ് അന്ന് പെരുമാറിയിരുന്നതെന്നും സഞ്ജു പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്സ് സോഷ്യല്‍ മീഡിയ അവതാരകനോട് സംസാരിക്കുകയായിരുന്നു സഞ്ജു.

പിന്നീട് സഞ്ജു ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായി. ധോണിയാകട്ടെ ഇന്ത്യയുടെ നായകസ്ഥാനം ഒഴിയുകയും ചെയ്തു. അതിനാല്‍ ധോണിക്ക് കീഴില്‍ കളിക്കാനും ധോണി സെറ്റ് ചെയ്യുന്നതിന് അനുസരിച്ച് ഫീല്‍ഡ് ചെയ്യാനും കഴിയുക എന്ന് താന്‍ മുമ്പ് കണ്ട സ്വപ്നം സ്വപ്നമായിതന്നെ അവശേഷിക്കുമെന്ന് കരുതി.

Also Read:അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം; ധോണി കട്ട കലിപ്പിലായ അഞ്ച് നിമിഷങ്ങള്‍

അങ്ങനെയിരിക്കെയാണ് 2017ല്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ഇലവനെതിരായ പരിശീലന മത്സരത്തില്‍ ഇന്ത്യ എയെ നയിക്കാന്‍ ധോണി നായകനായി എത്തിയത്. ഇന്ത്യ എ ടീമില്‍ ഞാനുമണ്ടായിരുന്നു.

വിക്കറ്റിന് പിന്നില്‍ നിന്ന ധോണിയുടെ സമീപത്തായി സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ഞാന്‍. അപ്പോഴാണ് ധോണി എന്റെ പേര് വിളിച്ച് സഞ്ജു..നീ അവിടെ പോ എന്ന് പറഞ്ഞത്. എന്റെ സ്വപ്നത്തില്‍ കണ്ട അതേ വാക്കുകള്‍-സഞ്ജു പറഞ്ഞു.