ദ്രാവിഡ് രാജിവച്ചെങ്കിലും സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ തുടര്‍ന്നേക്കില്ല; പോകാനുറച്ച് താരം

Published : Aug 31, 2025, 10:00 AM IST
Sanju Samson and Rahul Dravid

Synopsis

രാഹുല്‍ ദ്രാവിഡിന്റെ രാജിക്ക് ശേഷവും സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ തീരുമാനിച്ചിരിക്കുന്നു. 

ജയ്പൂര്‍: കോച്ച് രാഹുല്‍ ദ്രാവിഡ് രാജിവച്ചെങ്കിലും സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ തുടര്‍ന്നേക്കില്ല. മറ്റൊരു ടീമിലേക്ക് മാറാനുള്ള തീരുമാനത്തില്‍ സഞ്ജു ഉറച്ച് നില്‍ക്കുകയാണ് എന്നാണ് ടീം മാനേജ്‌മെന്റ് നല്‍കുന്ന സൂചന. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കോച്ച് രാഹുല്‍ ദ്രാവിഡിന്റെ അപ്രതീക്ഷിത രാജി. കഴിഞ്ഞ സീസണില്‍ പരിശീലകനായി എത്തിയ ദ്രാവിഡിന് കീഴില്‍ രാജസ്ഥാന്‍ ദയനീയ പ്രകടനമാണ് നടത്തിയത്.

പതിനാല് കളിയില്‍ പത്തിലും തോറ്റ് ലീഗില്‍ ഒന്‍പതാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. പിന്നാലെയാണ് ക്യാപ്റ്റന്‍ സഞ്ജുവും കോച്ച് ദ്രാവിഡും ഭിന്നതയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇത് ശരിവയ്ക്കും വിധമുള്ള പലതീരുമാനങ്ങളും സംഭവങ്ങളും രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പില്‍ കണ്ടു. ജോസ് ബട്‌ലര്‍ ഉള്‍പ്പടെയുള്ള താരങ്ങളെ കൈവിട്ടതിലും താരലേലത്തില്‍ ടീം മാനേജ്‌മെന്റിന്റെ നിലപാടുകളിലും ക്യാപ്റ്റന് അതൃപ്തിയുണ്ടായിരുന്നു.

സീസണ്‍ അവസാനിച്ചതോടെ ടീം വിടുകയാണെന്ന് സഞ്ജു രാജസ്ഥാന്‍ റോയല്‍സിനെ അറിയിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സഞ്ജുവിനായി രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളില്‍ സഞ്ജു നല്‍കിയ സൂചനകള്‍ അഭ്യൂഹങ്ങള്‍ക്ക് കരുത്തുപകര്‍ന്നു. ഈയൊരു പശ്ചാത്തലത്തിലാണ് സഞ്ജുവിന്റെ കരിയറില്‍ ഏറെ സ്വാധീനം ചലുത്തിയ ദ്രാവിഡിന്റെ രാജി.

എന്നാല്‍ കോച്ചിന്റെ രാജിയില്‍ സഞ്ജുവിന് പങ്കില്ലെന്നും ടീം വിടാനുള്ള തീരുമാനത്തില്‍ ക്യാപ്റ്റന്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പില്‍ നിന്ന് കിട്ടുന്ന സൂചനകള്‍. കഴിഞ്ഞ ഐപിഎല്‍ സീസണ് മുമ്പ് നടന്ന മെഗാ താരലേലത്തില്‍ ജോസ് ബട്ലറെ നിലനിര്‍ത്താതിരുന്ന തീരുമാനം രാജസ്ഥാന് വലിയ തിരിച്ചടിയായിരുന്നു. ജോസ് ബട്ലര്‍ക്ക് പകരം നിലനിര്‍ത്തിയ വിന്‍ഡീസ് താരം ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ നിരാശപ്പെടുത്തുകയും വന്‍തുക കൊടുത്ത് നിലനിര്‍ത്തിയ റിയാന്‍ പരാഗും ധ്രുവ് ജുറെലും തിളങ്ങാതിരുന്നതും സഞ്ജു സാംസണ് പരിക്കേറ്റ് പല മത്സരങ്ങളും നഷ്ടമായതും രാജസ്ഥാന്റെ മുന്നേറ്റത്തെ ബാധിച്ചിരുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും