
മുംബൈ: ടി20 ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 254 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മലയാളി താരം സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തിൽ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തു. ടി20 ലോകകപ്പ് ചരിത്രത്തില്‍ നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യമാണിത്. 42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ശിവം ദുബെ 25 പന്തിൽ 43 റണ്‍സെടുത്തപ്പോള്‍ ഇഷാന്‍ കിഷന്‍ 18 പന്തില്‍ 39ഉം ഹാര്‍ദ്ദിക് പാണ്ഡ്യ 12 പന്തില്‍ 27ഉം തിലക് വര്‍മ 7 പന്തില്‍ 21ഉം റണ്‍സെടുത്തു. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും(6 പന്തില്‍ 11), അഭിഷേക് ശര്‍മയും(7 പന്തില്‍ 9) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി വില്‍ ജാക്സ് രണ്ട് വിക്കറ്റെടുത്തു. ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ഭീഷണിയാവുമെന്ന് കരുതിയ ജോഫ്ര ആര്‍ച്ചർ നാലോവറില്‍ 61 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
പവര്‍ പ്ലേയില്‍ ആദ്യ ഓവര്‍ എറിയാനെത്തിയ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ സഞ്ജുവാണ് അടി തുടങ്ങിയത്. മൂന്നാം പന്തില്‍ ആര്‍ച്ചറെ ബൗണ്ടറി കടത്തിയ സഞ്ജു അടുത്ത പന്തില്‍ സിക്സ് അടിച്ച് തകര്‍പ്പന്‍ തുടക്കമിട്ടു. ആര്‍ച്ചര്‍ക്കെതിരെ സിംഗിളെടുത്ത് തുടങ്ങി അഭിഷേക് ശര്‍ വില്‍ ജാക്സ് എറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് ബൗണ്ടറി നേടി നല്ല തുടക്കമിട്ടെങ്കിലും അവസാന പന്തില്‍ കൂറ്റനടിക്കുള്ള ശ്രമത്തില്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കി മടങ്ങി. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ ബൗണ്ടറി അടിച്ചു തുടങ്ങിയ സഞ്ജു അടുത്ത പന്തില്‍ മിഡ് ഓണില്‍ അനായാസ ക്യാച്ച് നല്‍കിയെങ്കിലും ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് അവിശ്വസനീയമായി നിലത്തിട്ടു. പിന്നാലെ ആര്‍ച്ചറെ കൂറ്റന്‍ സിക്സിന് പറത്തിയ സഞ്ജു ഓവറില്‍ ഒരു ബൗണ്ടറി കൂടി ഇംഗ്ലണ്ടിനെ പ്രഹരിച്ചു. വില്‍ ജാക്സ് എറിഞ്ഞ നാലാം ഓവറില്‍ സഞ്ജുവും കിഷനും ഓരോ ബൗണ്ടറി കൂടി നേടി. ജാമി ഓവര്‍ടണ്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ രണ്ട് ബൗണ്ടറി കൂടി നേടിയ കിഷന്‍ ഇന്ത്യയെ 50 കടത്തി. സാം കറന്‍ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ രണ്ട് ബൗണ്ടറി കൂടി നേടിയ സഞ്ജു ഇന്ത്യയെ 69 റണ്‍സിലെത്തിച്ചു.
പവര്‍ പ്ലേക്ക് ശേഷവും സഞ്ജുവും കിഷനും അടി തുടര്‍ന്നതോടെ ഏട്ടാം ഓവറില്‍ ഇന്ത്യ 100 കടന്നു. കിഷന്‍ മടങ്ങിയശേഷമെത്തിയ ശിവം ദുബെക്കൊപ്പം സ്കോറുയര്‍ത്തിയ സഞ്ജു ഇന്ത്യയെ 13 ഓവറില്‍ 160ല്‍ എത്തിച്ചശേഷമാണ് അര്‍ഹിച്ച സെഞ്ചുറിക്ക് 11 റണ്‍സകലെ മടങ്ങിയത്. 24 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജു ഏഴ് സിക്സും എട്ടു ഫോറും പറത്തി. സഢ്ജു മടങ്ങിയശേഷം ശിവം ദുബെയും ഹാര്‍ദ്ദിക് പാണ്ഡ്യയും ആര്‍ച്ചറുടെ ഒരോവറല്‍ മൂന്ന് സിക്സ് പറത്തിയ തിലക് വര്‍മയും ചേര്‍ന്ന് ഇന്ത്യയെ 250 കടത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!