
ദില്ലി: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തിൽ 22 പന്തിൽ 57 റൺസ് അടിച്ച് കൂട്ടി ടീമിന്‍റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചതിന് പിന്നാലെ ഓപ്പണര്‍ സ്ഥാനത്തേക്ക് കൗമാരതാരം വൈഭവ് സൂര്യവംശിയുമായും അഭിഷേക് ശര്‍മയുമായുള്ള മത്സരത്തെക്കുറിച്ച് മനസു തുറന്ന് സഞ്ജു സാംസൺ. സ്ഥിരതയില്ലായ്മയുടെ പേരില്‍ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ചും, ടീമിലെ സ്ഥാനത്തെക്കുറിച്ചുമാണ് സഞ്ജു വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കിയത്.
2015-ൽ അരങ്ങേറ്റം കുറിച്ച് 11 വർഷത്തെ കരിയറിനിടയിൽ 68 ടി20 മത്സരങ്ങൾ മാത്രം കളിച്ച സഞ്ജു കരിയറിലുടനീളം നിരന്തരമായ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയത്. ടി20 ലോകകപ്പിൽ മാൻ ഓഫ് ദി സീരീസ് പുരസ്കാരം നേടിയിട്ട് പോലും തൊട്ടടുത്ത ഇംഗ്ലണ്ട് പര്യടനത്തിൽ സഞ്ജുവിന് ബെഞ്ചിലിരിക്കേണ്ടി വന്നിരുന്നു. പരാജയങ്ങൾക്ക് ശേഷം ടീമിൽ തുടരുക എന്നത് ഏതൊരു ഇന്ത്യൻ ക്രിക്കറ്റര്‍ക്കും വലിയ വെല്ലുവിളിയാണെന്ന് സഞ്ജു അഭിപ്രായപ്പെട്ടു.
ചില മത്സരങ്ങളിൽ പരാജയപ്പെടുമ്പോൾ അത് നിങ്ങളെ മാനസികമായി ബാധിക്കും. എന്നാൽ അവിടെയാണ് എന്‍റെ അനുഭവസമ്പത്ത് തുണയ്ക്കുന്നത്. പുറത്തുനിന്നുള്ള വിമർശനങ്ങളെയും ശബ്ദങ്ങളെയും പൂർണ്ണമായി മാറ്റിനിർത്താൻ ഞാൻ ശ്രമിക്കാറുണ്ട്. വീണ്ടും പരാജയപ്പെട്ടാൽ വിമർശനങ്ങൾ ഇനിയും വരുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ആക്രമിച്ചു കളിക്കുക എന്നതാണ് പ്രധാനം. രാജ്യത്തിനായി കളിക്കുമ്പോൾ പരമാവധി റൺസ് കണ്ടെത്തി സംഭാവന നൽകുക എന്നതാണ് എന്‍റെ ലക്ഷ്യം- സഞ്ജു പറഞ്ഞു.
അഭിഷേക് ശർമ്മ, 15-കാരൻ വൈഭവ് സൂര്യവംശി എന്നിവരുമായി ഓപ്പണിംഗ് സ്ഥാനത്തിനായി നടക്കുന്ന മത്സരത്തെക്കുറിച്ച് വളരെ പോസിറ്റീവായാണ് സഞ്ജു സംസാരിച്ചത്. ടീം മാനേജ്‌മെന്‍റിനും ക്യാപ്റ്റനും സെലക്ടർമാർക്കും കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന് സഞ്ജു വ്യക്തമാക്കി. എല്ലാവരും മികച്ച രീതിയിൽ ഫോമിലുള്ളപ്പോൾ ആരെ ഒഴിവാക്കണം എന്നത് കടുത്ത തീരുമാനമാണ്. ഐ.പി.എല്ലിൽ ഒരു ടീമിനെ നയിച്ച ആളെന്ന നിലയിൽ ഈ തീരുമാനങ്ങളുടെ ബുദ്ധിമുട്ട് എനിക്ക് കൃത്യമായി അറിയാം.
പ്രതിഭാ ധാരളിത്തമുള്ള ഇന്ത്യൻ ടീമിനെ മുന്നോട്ട് കൊണ്ടുപോവുക എന്നത് നിസാരമായ കാര്യമല്ല. ഐപിഎല്ലിൽ 700-ഓളം റൺസ് നേടിയ 15 വയസുകാരനായ ഒരു താരത്തിന് ടീമിൽ അവസരം നൽകേണ്ടത് അനിവാര്യമായിരുന്നു. അന്നത്തെ പരമ്പരയ്ക്ക് മുമ്പ് അവൻ മികച്ച ഫോമിലായിരുന്നു. ആ സമയത്ത് ഞാൻ രണ്ട് മൂന്ന് കളികളിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുമുണ്ടായിരുന്നില്ല. ഒരു നായകൻ എന്ന നിലയിൽ ചിന്തിക്കുമ്പോൾ അന്നത്തെ തീരുമാനം തികച്ചും ന്യായമായിരുന്നു. സഞ്ജു പറഞ്ഞു. പുറത്തുള്ളവർക്ക് തങ്ങൾ പരസ്പരം മത്സരിക്കുന്നവരായി തോന്നാമെങ്കിലും, ടീമിൽ എല്ലാവരും രാജ്യത്തിന്‍റെ വിജയത്തിനായാണ് കളിക്കുന്നത്. വ്യക്തിഗത നേട്ടങ്ങളേക്കാൾ രാജ്യത്തിന്‍റെ വിജയത്തിനാണ് മുൻഗണനയെന്നും സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.
ഇത്തരം സാഹചര്യങ്ങളിൽ കളിക്കാർക്ക് കൃത്യമായ വ്യക്തത നൽകാൻ ടീം മാനേജ്‌മെന്‍റുമായുള്ള ആശയവിനിമയം ഏറെ സഹായിക്കുമെന്ന് സഞ്ജു ചൂണ്ടിക്കാട്ടി. മുഖ്യപരിശീലകൻ ഗൗതം ഗംഭീറുമായി ഇത്തരം വിഷയങ്ങളിൽ നിരന്തരം സംസാരിക്കാറുണ്ടെന്നും സഞ്ജു വെളിപ്പെടുത്തി. എല്ലാവരെയും സന്തോഷിപ്പിക്കുന്ന തീരുമാനങ്ങൾ എടുക്കാൻ എളുപ്പമാണെന്നും, എന്നാൽ ടീമിന്‍റെ നന്മയ്ക്കായി കടുത്ത തീരുമാനങ്ങളെടുക്കുന്ന മാനേജ്‌മെന്‍റിന്‍റെ നിലപാടിനെ അഭിനന്ദിക്കണമെന്നും സഞ്ജു കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!