
അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ 30 റണ്‍സിന്‍റെ ആധികാരിക ജയവുമായി ഇന്ത്യ പരമ്പര 3-1ന് സ്വന്തമാക്കിയപ്പോള്‍ വിക്കറ്റിന് മുന്നിലും പിന്നിലും തിളങ്ങിയത് മലയാളി താരം സഞ്ജു സാംസണായിരുന്നു. ശുഭ്മാന്‍ ഗില്ലിന് പകരം ഓപ്പണറായി പരമ്പരയില്‍ ആദ്യമായി അവസരം കിട്ടിയ സഞ്ജു പവര്‍ പ്ലേയില്‍ വെടിക്കെട്ട് ബാറ്ററായ അഭിഷേക് ശര്‍മയെ പോലും നിഷ്പ്രഭനാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. പവര്‍ പ്ലേയിലെ ആദ്യ അഞ്ചോവര്‍ കഴിഞ്ഞപ്പോള്‍ സഞ്ജു 13 പന്തില്‍ 27 റണ്‍സും അഭിഷേക് 17 പന്തില്‍ 28 റണ്‍സുമായിരുന്നു അടിച്ചിരുന്നത്.
പവര്‍ പ്ലേയിലെ അവസാന ഓവറില്‍ കോര്‍ബിന്‍ ബോഷിനെ സിക്സ് അടിച്ചതിന് പിന്നാലെ 21 പന്തില്‍ 34 റണ്‍സുമായി അഭിഷേക് ശര്‍മ പുറത്തായപ്പോള്‍ പത്താം ഓവറിലെ ആദ്യ പന്തിലാണ് സഞ്ജു ബൗള്‍ഡായി മടങ്ങിയത്. 22 പന്തില്‍ 37 റണ്‍സടിച്ച് ടീമിന് മിന്നുന്ന തുടക്കം നല്‍കിയശേഷമായിരുന്നു സഞ്ജു പുറത്തായത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണറായി ഇറങ്ങിയ ശുഭ്മാന്‍ ഗില്‍ തുടക്കത്തിലെ മടങ്ങിയതോടെ ഇന്ത്യ പവര്‍ പ്ലേയില്‍ തന്നെ സമ്മര്‍ദ്ദത്തിലായപ്പോഴാണ് നിര്‍ണായക മത്സരത്തില്‍ സഞ്ജുവും അഭിഷേകും ചേര്‍ന്ന് മിന്നുന്ന തുടക്കം നല്‍കിയത്. പിന്നീട് ഇന്ത്യ ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ പരമ്പരയിലെ നാലു മത്സരങ്ങളിലും വിക്കറ്റ് കീപ്പറായിരുന്ന ജിതേഷ് ശര്‍മ ടീമിലുണ്ടായിട്ടും സഞ്ജുവായിരുന്നു വിക്കറ്റ് കാത്തത്.
വിക്കറ്റ് വീഴ്ച്ചക്കിടയിലും ദക്ഷിണാഫ്രിക്കൻ ബാറ്റര്‍മാര്‍ തകര്‍ത്തടിക്കുമ്പോള്‍ വിക്കറ്റിന് പിന്നില്‍ നിന്ന് ബൗളര്‍മാരെ പ്രചോദിപ്പിച്ചും അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയും നിര്‍ണായക റിവ്യു എടുക്കാന്‍ പറഞ്ഞും സഞ്ജു മിന്നി. വരുണ്‍ ചക്രവര്‍ത്തിക്കെതിരെ മാര്‍ക്കോ യാന്‍സൻ തുടര്‍ച്ചയായ സിക്സുകളുമായി ഇന്ത്യക്ക് ഭീഷണിയായപ്പോള്‍ സഞ്ജു വരുണിനോട് വിക്കറ്റിന് പിന്നില്‍ നിന്ന് പറയുന്ന സംഭാഷണങ്ങളും ഇതിനിടെ സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു. യാന്‍സന്‍ തുടര്‍ച്ചയായി വരുണിനെ സിക്സിന് പറത്തിയപ്പോള്‍ വാ മച്ചി...വാ മച്ചി.. തൂക്ക് ഇവനെ..തൂക്ക് ഡാ...എന്നായിരുന്നു സഞ്ജു വരുണിനോട് തമിഴില്‍ പറഞ്ഞത്.
പിന്നീട് അടുത്ത ഓവറില്‍ ബുമ്രയുടെ പന്തില്‍ യാന്‍സന്‍ പുറത്താവുന്നതില്‍ നിര്‍ണായകമായതും സഞ്ജുവിന്‍റെ ഇടപെടലായിരുന്നു. ബുമ്രയുടെ പന്തില്‍ യാന്‍സനെ സഞ്ജു പിടികൂടിയെങ്കിലും അത് ക്യാച്ചാണോ എന്ന് സംശയത്തിലായിരുന്നു സൂര്യകുമാര്‍ യാദവ്. അമ്പയര്‍ നോട്ടൗട്ട് വിളിച്ചതോടെ സൂര്യയെ റിവ്യു എടുക്കാന്‍ നിര്‍ബന്ധിച്ചത് സഞ്ജുവായിരുന്നു. റീപ്ലേകളില്‍ അത് ഔട്ടാണെന്ന് വ്യക്തമാകുകയും ചെയ്തു. യാന്‍സന്‍റെ വിക്കറ്റ് ആ സമയത്ത് ഏറെ നിര്‍ണായകമായി. 5 പന്തില്‍ 14 റണ്‍സെടുത്തിരുന്ന യാന്‍സന്‍ ക്രീസിലുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ ദക്ഷിണാഫ്രിക്കക്ക് ജയം അസാധ്യമാവില്ലായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!