
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ ഒന്നാം സ്ഥാനക്കാരായി സെമി ഫൈനലിലെത്തിച്ചശേഷം ഇന്ത്യൻ താരം സഞ്ജു സാംസണ്‍ ടീം വിടാനൊരങ്ങുന്നു. കേരള ക്രിക്കറ്റ് ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കൊച്ചിക്കായി കളിക്കാന്‍ സഞ്ജു ഉണ്ടാകില്ലെന്നാണ് സൂചന. ഏഷ്യാ കപ്പിൽ കളിക്കാനായി ഇന്ത്യൻ ടീമിനൊപ്പം യുഎഇയിലേക്ക് പോകുന്നതിന് വേണ്ടിയാണ് സഞ്ജു സാംസൺ കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്യാമ്പ് വിടുന്നത്. ഇന്നലെ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെതിരായ മത്സരത്തിൽ സഞ്ജു കളിച്ചിരുന്നില്ല. സഞ്ജുവിന്‍റെ അഭാവത്തിൽ മുഹമ്മദ് ഷാനുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് വൈസ് ക്യാപ്റ്റായി കളിപ്പിക്കുകയും ചെയ്തിരുന്നു.
കളിച്ച ഒമ്പത് മത്സരങ്ങളിൽ ഏഴിലും ജയിച്ച കൊച്ചി കേരള ക്രിക്കറ്റ് ലീഗ് സെമി ഫൈനല്‍ ഉറപ്പിക്കുന്ന ആദ്യ ടീമായതിന് പിന്നാലെയാണ് ഇന്ത്യക്കായി കളിക്കാനായി സഞ്ജുവിന്‍റെ മടക്കം. ഏഷ്യാ കപ്പിൽ സെപ്റ്റംബർ 10ന് യുഎഇ ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. വൈസ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്‍ കൂടി ടീമിലുള്ളതിനാല്‍ ഏഷ്യാ കപ്പില്‍ സഞ്ജു ഇന്ത്യയുടെ ഓപ്പണിംഗ് സ്ഥാനം നിലനിർത്തുമോയെന്നാണ് ആരാധകരുടെ ആകാംക്ഷ. കെസിഎല്ലിൽ സഞ്ജു തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു.
ആറ് മത്സരങ്ങളില്‍ കൊച്ചിക്കായി കളിച്ച സഞ്ജു അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് മൂന്ന് അര്‍ധസെഞ്ചുറിയും ഒരു സെഞ്ചുറിയും ഉള്‍പ്പെടെ 186.80 സ്ട്രൈക്ക് റേറ്റിലും 73.60 ശരാശരിയിലും 368 റണ്‍സടിച്ച് റൺവേട്ടക്കാരില്‍ ആദ്യ മൂന്നിലെത്തിയിരുന്നു. ആദ്യ മത്സരത്തില്‍ ബാറ്റിംഗിന് ഇറങ്ങാതിരുന്ന സഞ്ജു രണ്ടാം മത്സരത്തില്‍ മധ്യനിരയിലാണ് ബാറ്റിംഗിനിറങ്ങിയത്. ഏഷ്യാ കപ്പില്‍ മധ്യനിരയിലായിരിക്കും അവസരം ലഭിക്കുക എന്ന തിരിച്ചറിവിലാണ് രണ്ടാം മത്സരത്തില്‍ മധ്യനിരയില്‍ ഫിനിഷറായി സഞ്ജു ഇറങ്ങിയത്. എന്നാല്‍ 22 പന്തില്‍ 13 റണ്‍സ് മാത്രമെടുത്ത് നിരാശപ്പെടുത്തിയതോടെ മൂന്നാം മത്സരത്തില്‍ തന്‍റെ ഇഷ്ടപൊസിഷനായ ഓപ്പണിംഗില്‍ മടങ്ങിയെത്തിയ സഞ്ജു ആ മത്സരത്തില്‍ സെഞ്ചുറി നേടി. പിന്നീട് തുടര്‍ച്ചയായി മൂന്ന് അര്‍ധസെഞ്ചുറികളും കുറിച്ച സഞ്ജുവിന്‍റെ ബാറ്റിംഗ് പ്രകടനം ദേശീയ മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക