
ചെന്നൈ: ഐപിഎല്ലിൽ ആരാധകർ കാത്തിരിക്കുന്ന ആവേശപ്പോരാട്ടത്തിന് ഇന്ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയം വേദിയാകുന്നു. അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടിൽ മലയാളി താരം സഞ്ജു സാംസൺ ഇന്ന് അരങ്ങേറുന്നുവെന്നതാണ് മത്സരത്തിലെ ഏറ്റവും വലിയ സവിശേഷത. കരിയറിന്‍റെ അവസാന പടവിലുള്ള ധോണി ഇല്ലാതെയാണ് ചെന്നൈ സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങുന്നത്. പരിക്കേറ്റ ധോണി പുറത്തിരിക്കുമ്പോൾ ആരാധകർ ഉറ്റുനോക്കുന്നത് മലയാളി താരം സഞ്ജു സാംസണിലേക്ക്. ആദ്യമത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും സഞ്ജുവിൽ ആരാധകർക്ക് പ്രതീക്ഷയേറെ. ലോകകപ്പിലെ പ്രകടനം തുടർന്നാൽ സഞ്ജു ചെന്നൈയിലും ചേട്ടനാവും.
ചരിത്രം പരിശോധിച്ചാൽ ചെന്നൈയാണ് മുന്നിലെങ്കിലും, സമീപകാലത്തെ പ്രകടനങ്ങൾ പഞ്ചാബ് കിംഗ്‌സിന് മുന്‍തൂക്കം നല്‍കുന്നു.പരസ്പരമുള്ള പോരില്‍ ഇരു ടീമുകളും 16 ജയം വീതം നേടി തുല്യത പാലിക്കുന്നുണ്ടെങ്കിലും, അവസാന ഏഴ് മത്സരങ്ങളിൽ ആറിലും വിജയം പഞ്ചാബിനൊപ്പമായിരുന്നു.ചേപ്പോക്കിലെ ചെന്നൈയുടെ 'കോട്ട'യിൽ തുടർച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് പഞ്ചാബ് ഇറങ്ങുന്നത്. 2023, 2024, 2025 സീസണുകളിൽ ചെന്നൈയിൽ വെച്ച് ചെന്നൈയെ തോൽപ്പിച്ച ഏക ടീമെന്ന റെക്കോർഡും പഞ്ചാബിനുണ്ട്.
ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് പഞ്ചാബ് സീസൺ ഉജ്ജ്വലമായി തുടങ്ങിക്കഴിഞ്ഞു. അരങ്ങേറ്റ മത്സരത്തിൽ തന്നെ മൂന്നാം നമ്പറിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച കൂപ്പർ കോണോലി ടീമിന് വലിയ മുതൽക്കൂട്ടാണ്. നായകൻ ശ്രേയസ് അയ്യർ പരിക്കിന്‍റെ ആശങ്കകൾ അകറ്റി ടീമിലേക്ക് തിരിച്ചെത്തുന്നതും പഞ്ചാബിന് ആത്മവിശ്വാസം നൽകുന്നു.
മറുഭാഗത്ത്, ആദ്യ മത്സരത്തിലെ ബാറ്റിംഗ് തകർച്ച ചെന്നൈയെ സമ്മർദ്ദത്തിലാക്കുന്നു. ഗുവഹാത്തിയിലെ വേഗത കുറഞ്ഞ പിച്ചിൽ പതറിയ ചെന്നൈ ബാറ്റിംഗ് നിരയ്ക്ക് ചേപ്പോക്കിലെ ബാറ്റിംഗ് സൗഹൃദ പിച്ച് ആശ്വാസമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എം.എസ് ധോണി ഇന്നും ടീമിനൊപ്പമുണ്ടാകില്ല. എന്നാൽ ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ് ടീമിലേക്ക് തിരിച്ചെത്തിയേക്കും എന്നത് സിഎസ്‌കെയ്ക്ക് വലിയ കരുത്താണ്. അർഷ്ദീപ് സിംഗിനെതിരെ മികച്ച റെക്കോർഡുള്ള സഞ്ജു സാംസണിലാണ് ചെന്നൈയുടെ പ്രധാന പ്രതീക്ഷ. സഞ്ജു സാംസണെ അഞ്ച് തവണ പുറത്താക്കിയിട്ടുള്ള യുസ്‌വേന്ദ്ര ചാഹലിനെയാകും പഞ്ചാബ് പ്രധാന ആയുധമായി ഉപയോഗിക്കുക. കഴിഞ്ഞ ടി20 ലോകകപ്പിലെ പോലെ തന്നെ ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചാണ് പ്രതീക്ഷിക്കുന്നത്. ധോണി യുഗത്തിനപ്പുറം സി എസ് കെ മാനേജ്മെന്‍റ് ഉറ്റുനോക്കുന്നത് സഞ്ജുവിലേക്കെന്ന് വ്യക്തമാണ്. ആ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സജ്ജുവിന് കഴിയുമോയെന്ന് കാത്തിരുന്ന് കാണാം.
സാധ്യതാ ഇലവൻ: ചെന്നൈ: റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ, ആയുഷ് മാത്രെ, കാർത്തിക് ശർമ്മ, ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ, പ്രശാന്ത് വീർ, ജാമി ഓവർട്ടൺ, നൂർ അഹമ്മദ്, ഖലീൽ അഹമ്മദ്, അൻഷുൽ കംബോജ്, മാറ്റ് ഹെൻറി.
സാധ്യതാ ഇലവന്‍ പഞ്ചാബ്: പ്രഭ്‌സിമ്രാൻ സിംഗ്, പ്രിയാൻഷ് ആര്യ, കൂപ്പർ കോണോലി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നെഹാൽ വധേര, ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോയിനിസ്, മാർക്കോ ജാൻസൻ, സേവ്യർ ബാർട്ട്ലെറ്റ്, അർഷ്ദീപ് സിംഗ്, വിജയ്കുമാർ വൈശാഖ്/ഹർപ്രീത് ബ്രാർ, യുസ്‌വേന്ദ്ര ചാഹൽ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!