
മുംബൈ: രഞ്ജി ട്രോഫിയില്‍ ടണ്‍ കണക്കിന് റണ്‍സടിച്ചു കൂട്ടിയിട്ടും മുംബൈയുടെ യുവതാരം സര്‍ഫറാസ് ഖാന് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സെലക്ടര്‍മാര്‍ അവസരം നല്‍കാത്തതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. കഴിഞ്ഞ മൂന്ന് രഞ്ജി സീസണിലും ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച യുവതാരമായ സര്‍ഫറാസിന് പകരം ഐപിഎല്ലില്‍ തിളങ്ങിയ റുതുരാജ് ഗെയ്ക്‌വാദിനും യശസ്വി ജയ്‌സ്വാളിനുമാണ് സെലക്ടര്‍മാര്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ അവസരം നല്‍കിയത്.
ഇതിനിടെ സര്‍ഫറാസ് ഐപിഎല്ലില്‍ തിളങ്ങാത്തതുകൊണ്ട് മാത്രമാണ് ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്നതെന്ന വിമര്‍ശനവും ശക്തമായിരുന്നു. ഇങ്ങനൊണെങ്കില്‍ രഞ്ജി ട്രോഫി തന്നെ നിര്‍ത്തലാക്കി ഐപിഎല്ലില്‍ തിളങ്ങുന്നവരെ ടെസ്റ്റ് ടീമിലെടുത്താല്‍ മതിയെന്ന് മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ അടക്കമുള്ളവര്‍ പ്രതികരിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് സര്‍ഫറാസിനെ വീണ്ടും തഴഞ്ഞതെന്ന് സെലക്ടര്‍മാര്‍ വിശദീകരിക്കണമെന്നും ഗവാസ്കര്‍ ആവശ്യപ്പെട്ടിരുന്നു.
വിവാദവും പ്രതികരണവും ചൂടുപിടിക്കുന്നതിനിടെ തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയും പോസ്റ്റിലൂടെയും പ്രത്യേകിച്ച് ഒന്നും എഴുതാതെ മറുപടി നല്‍കിയിരിക്കുകയാണ് സര്‍ഫറാസ് ഇപ്പോള്‍. കഴിഞ്ഞ രഞ്ജി സീസണിലെയും കഴിഞ്ഞ മൂന്ന് വര്‍ഷത്തെ രഞ്ജി സീസണിലെയും തന്‍റെ പ്രകടനത്തിന്‍റെ കണക്കുകളാണ് പ്രത്യേകിച്ച് തലക്കെട്ടൊന്നും നല്‍കാതെ സര്‍ഫറാസ് പങ്കുവെച്ചിരിക്കുന്നത്. സെലക്ടര്‍മാര്‍ കണ്ണ് തുറന്നു കാണൂ എന്നാണ് പോസ്റ്റിലൂടെ സര്‍ഫറാസ് ഉദ്ദേശിച്ചത്.
സര്‍ഫറാസ് ഖാന്‍ എവിടെ?; ടെസ്റ്റ് ടീം സെലക്ഷനില്‍ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍
2019-2020 രഞ്ജി സീസണില്‍ 154 റണ്‍സ് ശരാശരിയില്‍ 928 റണ്‍സും അടുത്ത സീസണില്‍ 122.75 ശരാശരിയില്‍ 982 റണ്‍സും അടിച്ച സര്‍ഫറാസ് 2022-23 സീസണില്‍ മൂന്ന് സെഞ്ചുറി അടക്കം 556 റണ്‍സ് നേടി. കഴിഞ്ഞ മൂന്ന് സീസണില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച 35 മത്സരങ്ങളില്‍ 13 സെഞ്ചുറി അടക്കം 79.65 ശരാശരിയില്‍ 3505 റണ്‍സാണ് സര്‍ഫറാസ് അടിച്ചെടുത്തത്.
വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, അക്‌സർ പട്ടേൽ , മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സെയ്നി.