ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്ന സര്‍ഫറാസിന് ബാറ്റിംഗില്‍ തിളങ്ങാനായിരുന്നില്ല. ഡല്‍ഹിക്കായി നാലു മത്സരങ്ങളില്‍ മാത്രം കളിച്ച സര്‍ഫ്രാസ് 53 റണ്‍സ് മാത്രമാണ് നേടിയത്. 30 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍.
മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ യശസ്വി ജയ്‌സ്വാളിനും റുതുരാജ് ഗെയ്ക്‌വാദിനും മുകേഷ് കുമാറിനും ടീമിലിടം നല്‍കി തലമുറ മാറ്റത്തിന്‍റെ വ്യക്തമായ സൂചനകള്‍ നല്‍കിയ സെലക്ടര്‍മാര്‍ ഒരിക്കല്‍ കൂടി മുംബൈയുടെ സര്‍ഫറാസ് ഖാനെ തഴഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കായി രഞ്ജി ട്രോഫിയില്‍ കഴിഞ്ഞ മൂന്നോ നാലോ സീസണുകളിലായി ടണ്‍ കണക്കിന് റണ്‍സടിച്ചു കൂട്ടിയ സര്‍ഫറാസിനെ അവഗണിച്ചതിനെതിരെ രൂക്ഷമായ പ്രതികരണവുമായി ആരാധകരും രംഗത്തെത്തി.
ഐപിഎല്ലില്‍ തിളങ്ങാത്തതിന്‍റെ പേരില്‍ മാത്രമാണ് സര്‍ഫറാസിനെ അവഗണിച്ചതെന്നും രഞ്ജി ട്രോഫിയില്‍ റുതുരാജ് ഗെയ്ക്‌വാദിനെക്കാള്‍ മിന്നുന്ന പ്രകടനം പുറത്തെടുത്തിട്ടുള്ള അഭിമന്യു ഈശ്വരനെയും പ്രിയങ്ക് പഞ്ചാലിനെയും പോലുള്ള യുവതാരങ്ങളെ ഐപിഎല്ലില്‍ കളിക്കുന്നില്ല എന്നതിന്‍റെ പേരില്‍ മാത്രം സെലക്ടര്‍മാര്‍ തഴയുകയാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്ന സര്‍ഫറാസിന് ബാറ്റിംഗില്‍ തിളങ്ങാനായിരുന്നില്ല. ഡല്‍ഹിക്കായി നാലു മത്സരങ്ങളില്‍ മാത്രം കളിച്ച സര്‍ഫറാസ് 53 റണ്‍സ് മാത്രമാണ് നേടിയത്. 30 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍.
രഞ്ജി ട്രോഫിയില്‍ മൂന്ന് സീസണുകളില്‍ 2446 റണ്‍സടിച്ച സര്‍ഫറാസ് കഴിഞ്ഞ സീസണില്‍ 92.66 ശരാശരിയില്‍ ആറ് മത്സരങ്ങളില്‍ 556 റണ്‍സടിച്ചിരുന്നു. മൂന്ന് സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 78 ആണ് സര്‍ഫറാസിന്‍റെ ബാറ്റിംഗ് ശരാശരി. കഴിഞ്ഞ രഞ്ജി സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച മായങ്ക് അഗര്‍വാളിനെ പോലും തഴഞ്ഞ് റണ്‍വേട്ടയില്‍ അഞ്ചാമതെത്തിയ റുതുരാജിന് അവസരം നല്‍കിയ സാഹചര്യത്തില്‍ രഞ്ജി ട്രോഫി ടൂര്‍ണമെന്‍റ് തന്നെ അപ്രസക്തമാക്കുകയാണ് സെലക്ടര്‍മാര്‍ ചെയ്തതെന്നും ആരാധകര്‍ പറയുന്നു.
യശസ്വി ജയ്‌സ്വാള്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുവെങ്കിലും അതിനു മുമ്പെ ടെസ്റ്റ് ടീമിലെത്തേണ്ടത് സര്‍ഫറാസായിരുന്നുവെന്നും കഴിഞ്ഞ സീസണില്‍ മാത്രമാണ് യശസ്വി ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
