SAvIND : യഥാര്‍ത്ഥ പരീക്ഷണം വരാനിരിക്കുന്നതേയുള്ളൂ; ശ്രേയസ് അയ്യരെ കുറിച്ച് സൗരവ് ഗാംഗുലി

By Web TeamFirst Published Dec 17, 2021, 9:38 PM IST
Highlights

ടീം മാനേജ്മെന്റിന്റെ തീരുമാനം തെറ്റല്ലെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു ശ്രേയസിന്റെ പ്രകടനം. രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറിയും ശ്രേയസ് നേടിയിരുന്നു.

കൊല്‍ക്കത്ത: ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറിയോടെയാണ് ശ്രേയസ് അയ്യര്‍ (Shreyas Iyer) അരങ്ങേറ്റം കുറിച്ചത്. കാണ്‍പൂരില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു ശ്രേയസിന്റെ അരങ്ങേറ്റം. ടീം മാനേജ്മെന്റിന്റെ തീരുമാനം തെറ്റല്ലെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു ശ്രേയസിന്റെ പ്രകടനം. രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറിയും ശ്രേയസ് നേടിയിരുന്നു. പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലേക്കും ശ്രേയസിനെ തിരഞ്ഞെടുത്തു. 

ശ്രേയസിനെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥ പരീക്ഷണം തുടങ്ങാനിരിക്കുന്നതേയുള്ളു. അത് കടുപ്പമേറിയ ദക്ഷിണാഫ്രിക്കന്‍ മണ്ണിലാണ്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി (Sourav Ganguly) പറയുന്നതും ഇതുതന്നെയാണ്. ''ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ പത്തുവര്‍ഷമായി 52 ശരാശരിയിലാണ് അവന്‍ റണ്‍സ് കണ്ടെത്തുന്നത്. കിവീസിനെതിരായ ടെസ്റ്റില്‍ അവന്റെ പ്രകടനം മികച്ചതായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ പരീക്ഷണം  ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്.  ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ വേഗമേറിയ പിച്ചുകൡ അവന്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.'' ഗാംഗുലി പറഞ്ഞു. 

ദക്ഷിണാഫ്രിക്കയില്‍ ശ്രേയസ് കളിക്കാന്‍ സാധ്യതയേറെയാണ്. അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവര്‍ ഫോമിലാവാത്ത സാഹചര്യത്തില്‍ താരത്തെ കളിപ്പിച്ചേക്കും. എന്നാല്‍ പരിചയസമ്പത്തിന് പ്രാധാന്യം നല്‍കിയാല്‍ സീനിയര്‍ താരങ്ങള്‍ക്ക് മറ്റൊരു അവസരം കൂടി ലഭിച്ചേക്കും. ഫോമിലെത്താനായില്ലെങ്കില്‍ ശ്രേയസിനെ കൊണ്ടുവരും. ഹനുമ വിഹാരിയും ടീമിലുണ്ട്. നേരത്തെ, വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും രഹാനെയെ നീക്കിയിരുന്നു. 

ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ടെസ്റ്റ് പരമ്പര നേടാത്ത ഇന്ത്യ ഇത്തവണ വലിയ പ്രതീക്ഷയിലാണ്. ദക്ഷിണാഫ്രിക്കയുടെ പേസാക്രമണത്തിന് അതേ രീതിയില്‍ മറുപടി പറയാന്‍ ഇന്ത്യന്‍ ബൗളിങ് നിരക്ക് മികവുണ്ട്.

click me!