
കൊച്ചി: ഏകദിന ലോകകപ്പിന്‍റെ ട്രോഫി ടൂർ കേരളത്തില്‍ എത്തിയപ്പോഴും താരം സഞ്ജു സാംസണ്‍. സഞ്ജു സാംസണിന്‍റെ ചിത്രമുള്ള മുഖംമൂടികള്‍ അണിഞ്ഞാണ് വിദ്യാർഥികള്‍ കൊച്ചിയില്‍ വിശ്വ കിരീടത്തെ വരവേറ്റത്. ഇതിന്‍റെ ചിത്രം ഇതിനകം വൈറലായിട്ടുണ്ട്. സഞ്ജുവിന് കേരളത്തിലുള്ള ആരാധക പിന്തുണയുടെ തെളിവ് കൂടിയായി ഈ ചിത്രം. ലോകകപ്പിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സഞ്ജു ടീമിലുണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. വിക്കറ്റ് കീപ്പറായോ മധ്യനിര ബാറ്ററായോ സഞ്ജു ഇടംപിടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന, ടി20 സ്ക്വാഡുകളില്‍ അംഗമാണ് സഞ്ജു സാംസണ്‍. നേരത്തെ തിരുവനന്തപുരത്തും ട്രോഫിക്ക് ഗംഭീര സ്വീകരണം ലഭിച്ചിരുന്നു.
ഒക്ടോബര്‍ 5ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാകുന്നത്. ഒക്ടോബര്‍ എട്ടിന് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. മുംബൈ വാംഖഡെ സ്റ്റേഡിയം, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് എന്നിവിടങ്ങളിയാണ് സെമിഫൈനല്‍ മത്സരങ്ങള്‍. ഉദ്‌ഘാടന മത്സരത്തിന് പുറമെ ഫൈനലിനും വേദിയാവുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണിത്.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഇന്ത്യ ഏകദിന ലോകകപ്പിന് വേദിയാവുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് പുറമെ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയം, ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയം, ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ലഖ്‌നൗവിലെ ഏകനാ സ്റ്റേഡിയം, മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, പുനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ലോകകപ്പിന് മുന്നോടിയായി എല്ലാ സ്റ്റേഡിയങ്ങളിലും അറ്റകുറ്റപണികള്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സന്നാഹമത്സരങ്ങള്‍ക്ക് വേദിയാവും.
Read more: ഏകദിന ലോകകപ്പ് ട്രോഫി കേരളത്തില്‍; തിരുവനന്തപുരത്ത് ആവേശ സ്വീകരണം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം