ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഇന്ത്യ ഏകദിന ലോകകപ്പിന് വേദിയാവുന്നത്

തിരുവനന്തപുരം: ഇന്ത്യ വേദിയാവുന്ന ഐസിസി ഏകദിന ലോകകപ്പിന്‍റെ ട്രോഫി കേരളത്തിലെത്തി. തിരുവനന്തപുരം മുക്കോലക്കൽ സെന്‍റ് തോമസ് സ്‌കൂളിൽ ലോകകപ്പിന് ആവേശ സ്വീകരണം നൽകി. സെന്‍റ് തോമസ് സ്‌കൂളിൽ ഏഴായിരത്തിലധികം വിദ്യാര്‍ഥികള്‍ ലോകകപ്പ് ട്രോഫി നേരില്‍ക്കണ്ടു. വലിയ ആഘോഷ പരിപാടികളോടെയാണ് തിരുവനന്തപുരം ട്രോഫി ടൂറിനെ വലവേറ്റത്. ലോകകപ്പിന്‍റെ എല്ലാ ആവേശവും വിദ്യാര്‍ഥികള്‍ ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവെച്ചു. 

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഇന്ത്യ ഏകദിന ലോകകപ്പിന് വേദിയാവുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് പുറമെ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയം, ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയം, ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ലഖ്‌നൗവിലെ ഏകനാ സ്റ്റേഡിയം, മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, പുനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ലോകകപ്പിന് മുന്നോടിയായി എല്ലാ സ്റ്റേഡിയങ്ങളിലും അറ്റകുറ്റപണികള്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സന്നാഹമത്സരങ്ങള്‍ക്ക് വേദിയാവും. 

ഒക്ടോബര്‍ 5ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാകുന്നത്. ഒക്ടോബര്‍ എട്ടിന് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. മുംബൈ വാംഖഡെ സ്റ്റേഡിയം, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് എന്നിവിടങ്ങളിയാണ് സെമിഫൈനല്‍ മത്സരങ്ങള്‍. ഉദ്‌ഘാടന മത്സരത്തിന് പുറമെ ഫൈനലിനും വേദിയാവുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണിത്. 2013ന് ശേഷമുള്ള ഐസിസി ട്രോഫിയുടെ വിടവ് നികത്താനാണ് ടീം ഇന്ത്യ ഇക്കുറി സ്വന്തം മണ്ണില്‍ ലോകകപ്പിന് ഇറങ്ങുന്നത്. 

Read more: സഹല്‍ അബ്‌ദുല്‍ സമദ് സൗദിയിലേക്കല്ല! നോട്ടമിട്ടിരിക്കുന്നത് ഇന്ത്യന്‍ വമ്പന്‍മാര്‍, പകരം സൂപ്പര്‍ താരമെത്തും?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News