മോശം ഫോമിലായപ്പോള്‍ എനിക്കും ഓപ്പണിംഗ് സ്ഥാനം വിട്ടുകൊടുക്കേണ്ടി വന്നിട്ടുണ്ട്: സെവാഗ്

By Web TeamFirst Published Sep 3, 2021, 10:52 AM IST
Highlights

രവീന്ദ്ര ജഡേജയ്ക്ക് സ്ഥാനക്കയറ്റം നല്‍കി അഞ്ചാം സ്ഥാനത്തിറക്കിയാണ് ഇന്ത്യ കളിച്ചത്. പകരം ഫോമിലല്ലാത്ത അജിന്‍ക്യ രഹാനെ താഴോട്ടിറങ്ങി.
 

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സിന് ഇറങ്ങിയ ഇന്ത്യ ബാറ്റിംഗ് ലൈനപ്പില്‍ അപ്രതീക്ഷിത മാറ്റം വരുത്തിയിരുന്നു. രവീന്ദ്ര ജഡേജയ്ക്ക് സ്ഥാനക്കയറ്റം നല്‍കി അഞ്ചാം സ്ഥാനത്തിറക്കിയാണ് ഇന്ത്യ കളിച്ചത്. പകരം ഫോമിലല്ലാത്ത അജിന്‍ക്യ രഹാനെ താഴോട്ടിറങ്ങി. എന്നാല്‍ ജഡേജയ്ക്കും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്തായാലും താരങ്ങളെ അങ്ങോട്ടുമിങ്ങോട്ടും മാറ്റിയിറക്കുന്നത് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ സാധാരണമാണ്.

ഇപ്പോള്‍ ജഡേജയുടെ സ്ഥാനക്കയറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. 2004 ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സച്ചിനെ മാറ്റി കളിപ്പിച്ച സംഭവം ഓര്‍ത്തെടുത്താണ് സെവാഗ് സംസാരിച്ചത്. ''ഈയൊരു മാറ്റം താല്‍കാലികം മാത്രമാണെന്നാണ് ഞാന്‍ കരുതുന്നത്. ഇംഗ്ലീഷ് പേസര്‍മാര്‍ക്ക് വലങ്കയ്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കെതിരെ നല്ല സ്വിങ് ലഭിക്കുന്നുണ്ടായിരുന്നു. അതൊഴിവാക്കാനാണ് ഇടയ്ക്ക് ഒരു ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനെ പറഞ്ഞയച്ചത്. 

ശരിയാണ് രഹാനെ മികച്ച ഫോമിലൊന്നുമല്ല. അതുപോലെ ചേതേശ്വര്‍ പൂജാര, വിരാട് കോലി എന്നിവര്‍ക്കും റണ്‍സ് കണ്ടെത്താന്‍ കഴിയുന്നില്ല. അവരുടെ സ്ഥാനമൊന്നും മാറ്റിയിട്ടുമില്ല. അതുകൊണ്ടുതന്നെ ഇതൊരു മത്സരത്തിന് മാത്രമുള്ളതാണെന്ന് ഞാന്‍ കരുതുന്നത്. 2004ല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇത്തരത്തില്‍ ഒരു സംഭവമുണ്ടായി. 

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചിരുന്നു. നാലാം സ്ഥാനത്താണ് സച്ചിന്‍ കളിച്ചിരുന്നത്. അന്ന് ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലി സച്ചിനെ അഞ്ചാം നമ്പറിലേക്ക് ഇറക്കി. ആ സ്ഥാനത്ത് ഗാംഗുലിയാണ് കളിച്ചത്. ഒരു സ്ഥാനത്ത് തുടര്‍ച്ചയായി പരാജയപ്പെടുമ്പോള്‍ ഇത്തരത്തില്‍ ചെയ്യാറുണ്ട്. ഓപ്പണിംഗ് റോളില്‍ ഞാന്‍ പരാജയമായപ്പോള്‍ എന്നേയും മാറ്റി കളിപ്പിച്ചിട്ടുണ്ട്.'' സെവാഗ് വ്യക്തമാക്കി.

രഹാനെ ആറാം സ്ഥാനത്ത് കളിച്ചിട്ടും പ്രകടനത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല. 14 റണ്‍സ് മാത്രമെടുത്ത് താരം പുറത്തായി. ജഡേജയാവട്ടെ 10 റണ്‍സിനും മടങ്ങി. ഇന്ത്യ 191ന് പുറത്താവുകയായിരുന്നു.

click me!