
മുംബൈ: ടി20 ടീമിൽ സ്ഥാനം ഉറപ്പാക്കിയ സഞ്ജു സാംസണെ ഇന്ത്യയുടെ ഏകദിന ടീമിലേക്കും പരിഗണിക്കുന്നു.അഭിഷേക് ശർമ്മയ്ക്കും ഏകദിന ടീമിൽ അവസരം കിട്ടുമെന്നാണ് റിപ്പോർട്ട്. ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യ, ഓസ്ട്രേലിയക്കെതിരെയാണ് ഇനി ഏകദിന പരമ്പര കളിക്കുക. ഒക്ടോബർ 19, 23, 25 തീയതികളിൽ നടക്കുന്ന ഏകദിന പരമ്പരയിലേക്കാണ് മലയാളിതാരം സഞ്ജു സാംസണെയും ഓപ്പണർ അഭിഷേക് ശർമ്മയെയും സെലക്ടർമാർ പരിഗണിക്കുക്കുക എന്നാണ് റിപ്പോര്‍ട്ട്. എന്നാണ് സൂചന. ടി20യിൽ തകർത്തടിക്കുന്ന
അഭിഷേകിന് ഏകദിനത്തിലും പരിഗണിക്കണം എന്നാണ് ബിസിസിഐ തീരുമാനം. കെ എൽ രാഹുൽ ഒന്നാം വിക്കറ്റ് കീപ്പറായി ടീമിൽ ഉണ്ടെങ്കിലും ബാറ്റിംഗ് നിരയിൽ എവിടെയും കളിപ്പിക്കാമെന്ന മികവാണ് സഞ്ജുവിനെ പരിഗണിക്കുന്നത്. ഫീൽഡറായും മികവ് തെളിയിക്കാൻ സഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. 2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം കളിച്ച ഏകദിനത്തില്‍ സഞ്ജു സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ പിന്നീട് സഞ്ജുവിനെ ഏകദിന ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.
ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോലിയും ടീമിലേക്ക് തിരിച്ചെത്തും. ഓസ്ട്രേലിയയിൽ കോലിയുടേയും രോഹിത്തിന്‍റെയും അവസാന പരമ്പര ആയിരിക്കുമുത്. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇരുവരുടേയും ഭാവി നിശ്ചയിക്കുന്നതും ഈ പരമ്പരയായിരിക്കും.
റെഡ് ബോൾ ക്രിക്കറ്റിൽനിന്ന് മാറി നിൽക്കുകയാണെങ്കിലും ഏകദിന ടീമിന്‍റെ മധ്യനിരയിൽ ശ്രേയസ് അയ്യർക്ക് സ്ഥാനം ഉറപ്പാണ്. പരിക്കിൽ നിന്ന് മുക്തനായ മുഹമ്മദ് ഷമിയും ടീമിലേക്ക് തിരികെ എത്തുമെന്നാണ് സൂചന. ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം നൽകാനാണ് സാധ്യത. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ എന്നിവരും ഏകദിന ടീമിലുണ്ടാവും. ഏകദിന പരമ്പരക്കുശേഷം ഓസ്ട്രേലിയക്കെതിരെ അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കും.ഇതിലും സഞ്ജുവിന് സ്ഥാനം ഉറപ്പാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക