വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര 2-0ത്തിന് സ്വന്തമാക്കിയതോടെ ന്യൂസിലൻഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.

ദുബായ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പര 2-0ത്തിന് സ്വന്തമാക്കിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി ന്യൂസിലന്‍ഡ്. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയാണ് ന്യൂസിലന്‍ഡിന്. അവര്‍ക്ക് 77.78 പോയിന്റ് ശതമാനമുണ്ട്. 28 പോയിന്റും കിവീസ് സ്വന്തമാക്കി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കളില്‍ ന്യൂസിലന്‍ഡിന്റെ ആദ്യ പരമ്പര ആയിരുന്നിത്. അതേസമയം, ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുന്നു.

ആഷസ് പരമ്പര നേട്ടത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഓസ്‌ട്രേലിയ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കളിച്ച ആറ് ടെസ്റ്റിലും ജയിച്ച ഓസ്‌ട്രേലിയ 72 പോയന്റും 100 പോയന്റ് ശതമാനവുമായാണ് ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചത്. ന്യൂസിലന്‍ഡിന്റെ വരവോടെ ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തേക്ക് വീണു. ഇന്ത്യക്കെതിരായ പരമ്പര തൂത്തുവാരിയ നിലവിലെ ചാമ്പ്യന്‍മാര്‍ നാല് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി. മൂന്ന് ജയവും ഒരു തോല്‍വിയും അടക്കം 36 പോയന്റും 75 പോയന്റ് ശതമാനവുമാണ് ദക്ഷിണാഫ്രിക്കയ്ക്ക്.

കളിച്ച രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു സമനിലയും അടക്കം 16 പോയന്റും 66.67 പോയിന്റ് ശതമാനവുമുള്ള ശ്രീലങ്കയാണ് നാലാമത്. രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു തോല്‍വിയും അടക്കം 12 പോയിന്റും 50 പോയിന്റ് ശതമാനവുമുള്ള പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ കളിച്ച ടീം ഇന്ത്യയാണ്. ഒമ്പത് ടെസ്റ്റുകള്‍ കളിച്ച ഇന്ത്യ നാലു ജയവും നാലു തോല്‍വിയും ഒരു സമനിലയും അടക്കം 52 പോയന്റും 48.15 പോയന്റ് ശതമാനവുമായി ആറാം സ്ഥാനത്താണിപ്പോള്‍.

ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ചത് ഇംഗ്ലണ്ടാണ്. എട്ട് ടെസ്റ്റുകളില് കളിച്ച ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ നേടിയ രണ്ട് ജയവും അഞ്ച് തോല്‍വിയും ഒരു സമനിലയും അടക്കം 26 പോയിന്റും 27.08 പോയന്റ് ശതമാനവുമായി ഏഴാം സ്ഥാനത്താണ്. ബംഗ്ലാദേശും വെസ്റ്റ് ഇന്‍ഡീസുമാണ് എട്ടും ഒമ്പതും സ്ഥാനങ്ങളില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റില്‍ കളിക്കുന്ന ന്യൂസിലന്‍ഡിന് അവസാന ടെസ്റ്റില്‍ ജയിച്ചാല്‍ ശ്രീലങ്കയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയരാന്‍ അവസരമുണ്ട്.

YouTube video player