വിരമിക്കാന്‍ പറയില്ല, പക്ഷെ നൈസായി ഒഴിവാക്കും; സീനിയര്‍ താരങ്ങളോടുള്ള ബിസിസിഐ നിലപാട് പുറത്ത്

By Gopala krishnanFirst Published Nov 29, 2022, 8:26 PM IST
Highlights

അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ ഈ വര്‍ഷം ഇന്ത്യ അധികം ടി20 മത്സരങ്ങളില്‍ കളിക്കുന്നില്ല. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ഉള്‍പ്പെടെ അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിന് മുമ്പ് 12 ടി20 മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യ കളിക്കുന്നത്.

മുംബൈ: ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ആര്‍ അശ്വിനുമെല്ലാം വിരമിക്കല്‍ പ്രഖ്യാപിച്ച് യുവതാരങ്ങള്‍ക്ക് വഴി മാറണമെന്ന ആവശ്യം ശക്തമായിരിക്കെ ഇക്കാര്യം താരങ്ങളോട് ബിസിസിഐ ഔദ്യോഗികമായി ആവശ്യപ്പെടില്ലെന്ന് റിപ്പോര്‍ട്ട്. വിരമിക്കല്‍ എന്നത് വ്യക്തിപരമായ തീരുമാനമാണെന്നതിനാല്‍ കളിക്കാരോട് നിര്‍ബന്ധപൂര്‍വം വിരമിക്കാന്‍ ആവശ്യപ്പെടുന്നത് ഉചിതമല്ലെന്നാണ് ബിസിസിഐ നിലപാടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ ഈ വര്‍ഷം ഇന്ത്യ അധികം ടി20 മത്സരങ്ങളില്‍ കളിക്കുന്നില്ല. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ഉള്‍പ്പെടെ അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിന് മുമ്പ് 12 ടി20 മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യ കളിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇനി ഒമ്പത് മത്സരങ്ങള്‍ മാത്രമാണ് അവേശേഷിക്കുന്നത്. ഈ മത്സരങ്ങളില്‍ സീനിയര്‍ താരങ്ങള്‍ക്ക് പകരം യുവതാരങ്ങളെ പരീക്ഷിക്കും. അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് 25 ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.

ക്രിസ് ഗെയ്‌ലും ഷെയ്ന്‍ വാട്‌സണുമൊക്കെയെത്തും; ലെജന്റ്‌സ് ലീഗ് ക്രിക്കറ്റിന് ഖത്തറും ഒമാനും വേദിയാവും

രോഹിത്തും കോലിയും അശ്വിനുമെല്ലാം ഏകദിനങ്ങളില്‍ മാത്രമാകും കളിക്കുക.2024ല്‍ യുഎസ്എയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ പുതിയ ടീമിനെയാകും ഇന്ത്യ ഗ്രൗണ്ടിലിറക്കുക. ഹാര്‍ദ്ദിക് പാണ്ഡ്യയെ ടീമിന്‍റെ നായകനായി നിലനിര്‍ത്താനാണ് ബിസിസിഐയുടെ തീരുമാനം. ഏതെങ്കിലും കളിക്കാരനോട് വിരമിക്കാന്‍ ആവശ്യപ്പെടുന്നത് ബിസിസിഐയുടെ രീതിയല്ല.എങ്കിലും അടുത്തവര്‍ഷം കുറച്ച് ടി0 മത്സരങ്ങളിലെ ഇന്ത്യ കളിക്കൂ എന്നതിനാല്‍ സീനിയര്‍ താരങ്ങള്‍ ടെസ്റ്റിലും ഏകദിനങ്ങളിലുമായിരിക്കും ശ്രദ്ധിക്കുക. വിരമിക്കല്‍ പ്രഖ്യാപിച്ചാലെ ഒഴിവാക്കാവൂ എന്നില്ല. ടീമിലേക്ക് പരിഗണിക്കാതിരുന്നാലും മതിയല്ലോ എന്ന് ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞതായി പിടിഐ പറഞ്ഞു.

click me!