Asianet News MalayalamAsianet News Malayalam

ക്രിസ് ഗെയ്‌ലും ഷെയ്ന്‍ വാട്‌സണുമൊക്കെയെത്തും; ലെജന്റ്‌സ് ലീഗ് ക്രിക്കറ്റിന് ഖത്തറും ഒമാനും വേദിയാവും

ഇക്കഴിഞ്ഞ സീസണില്‍ നാല് ടീമുകളാണ് കളിച്ചത്. 85 താരങ്ങള്‍ ലീഗിന്റെ ഭാഗമായിരുന്നു. വീണ്ടും ക്രിക്കറ്റിന്റെ ഭാഗമാവാന്‍ കഴുന്നതില്‍ സന്തോഷമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.

Qatar and Oman will host third season of legends league cricket
Author
First Published Nov 28, 2022, 8:42 PM IST

ദില്ലി: ലെജന്റ്‌സ് ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ്‍ അടുത്ത വര്‍ഷം ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് എട്ട് വരെ ഖത്തറിലും ഒമാനിലുമായി നടക്കും. മൂന്ന് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാവുക. ഇന്ത്യന്‍ മഹരാജാസ്, ഏഷ്യ ലയണ്‍സ്, വേള്‍ഡ് ജയന്റ്‌സ് എന്നിവരാണ് കളിക്കുക. പാകിസ്ഥാന്‍, ശ്രീലങ്ക, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാവും. 

ഇക്കഴിഞ്ഞ സീസണില്‍ നാല് ടീമുകളാണ് കളിച്ചത്. 85 താരങ്ങള്‍ ലീഗിന്റെ ഭാഗമായിരുന്നു. വീണ്ടും ക്രിക്കറ്റിന്റെ ഭാഗമാവാന്‍ കഴുന്നതില്‍ സന്തോഷമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനും ഇതേ അഭിപ്രായമാണ് പങ്കുവച്ചത്. ടീം ഇന്ത്യയുടെ ഭാഗമാണ് ഇത്തവണയെന്നും അതുകൊണ്ടുതന്നെ ആകാംക്ഷ വര്‍ധിക്കുകയാണെന്നും പത്താന്‍ വ്യക്തമാക്കി. മുന്‍ ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വാട്‌സണും തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ്.

ഇത്തവണ 60 മുന്‍താരങ്ങള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാവും. ദോഹ, മസ്‌കറ്റ് എന്നിവിടങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക. ക്രിസ് ഗെയ്ല്‍, ഗൗതം ഗംഭീര്‍ തുടങ്ങിയവരെല്ലാം ടൂര്‍ണമെന്റില്‍ പങ്കെടുക്കും. 

ഗൗതം ഗംഭീര്‍ നയിച്ച ഇന്ത്യ കാപിറ്റല്‍സാണ് കഴിഞ്ഞ തവണ ചാംപ്യന്മാരായത്. ഇര്‍ഫാന്‍ പത്താന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ബില്‍വാര കിംഗ്‌സിനെയാണ് ടീം തോല്‍പ്പിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ കാപിറ്റല്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് നേടിയത്. റോസ് ടെയ്‌ലര്‍ (82), മിച്ചല്‍ ജോണ്‍സണ്‍ (62), അഷ്‌ലി നഴ്‌സ് (42) എന്നിവരാണ് കാപിറ്റല്‍സിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 

മറുപടി ബാറ്റിംഗില്‍ ബില്‍വാര 18.2 ഓവറില്‍ 107ന് എല്ലാവരും പുറത്തായി. 27 റണ്‍സെടുത്ത ഷെയ്ന്‍ വാട്‌സണ്‍ മാത്രമാണ് ബില്‍വാരയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. പവന്‍ സുയല്‍, പ്രവീണ്‍ താംബെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.

ആഫ്രിക്കൻ വീര്യവും ഏഷ്യൻ വമ്പും; ത്രില്ലറിന് ഒടുവിൽ ചിരി ഘാനയ്ക്ക്, പൊരുതി കീഴടങ്ങി ദക്ഷിണ കൊറിയ

Follow Us:
Download App:
  • android
  • ios