Shaheen Afridi: പിഎസ്എല്‍ കിരീടനേട്ടം, ലോക റെക്കോര്‍ഡുമായി ഷഹീന്‍ അഫ്രീദി

By Web TeamFirst Published Feb 28, 2022, 8:52 PM IST
Highlights

ജൂനിയര്‍ തലത്തില്‍ പോലും ഒരു ടീമിന്‍റെ നായകനായിട്ടില്ലാത്ത അഫ്രീദിയെ പിഎസ്എല്ലില്‍ ലാഹോര്‍ ടീമിന്‍റെ നായകനാക്കിയപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചാണ് അഫ്രീദിയുടെ ടീം കിരീടത്തില്‍ മുത്തമിട്ടത്.

കറാച്ചി: പാക്കിസ്ഥാനിലെ ആഭ്യന്തര ടി20 ലീഗായ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍(Pakistan Super League)ലാഹോര്‍ ക്വിലാന്‍ഡേഴ്സിനെ(Lahore Qalandars I) ജേതാക്കളാക്കിയതോടെ ലോക റെക്കോര്‍ഡ് സ്വന്തമാക്കി പാക് പേസര്‍ ഷഹീന്‍ അഫ്രീദി(Shaheen Afridi). ഫൈനലില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെൾMultan Sultans) 42 റണ്‍സിന് കീഴടക്കിയാണ് അഫ്രീദി നായകനായ ലാഹോര്‍ കിരീടം നേടിയത്.

ഇതോടെ ടി20 ലീഗ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകനെന്ന റെക്കോര്‍ഡാണ് 21കാരനായ അഫ്രീദി സ്വന്തമാക്കിയത്. 2012ലെ ബിഗ് ബാഷ് ലീഗില്‍ സിഡ്നി സിക്സേഴ്സിന് തന്‍റെ 22-ാം വയസില്‍ കിരീടം നേടിക്കൊടുത്ത മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ കൂടിയായ സ്റ്റീവ് സ്മിത്തിന്‍റെ(Steve Smith) പേരിലുള്ള റെക്കോര്‍ഡാണ് അഫ്രീദി മറികടന്നത്.

ജൂനിയര്‍ തലത്തില്‍ പോലും ഒരു ടീമിന്‍റെ നായകനായിട്ടില്ലാത്ത അഫ്രീദിയെ പിഎസ്എല്ലില്‍ ലാഹോര്‍ ടീമിന്‍റെ നായകനാക്കിയപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചാണ് അഫ്രീദിയുടെ ടീം കിരീടത്തില്‍ മുത്തമിട്ടത്.

This is all too much 🥺 My heart is full 💚⁠
⁠ ⁠ pic.twitter.com/LmRhYuL14o

— Naylasays (@NaylaAmir)

മുന്‍ പാക്കിസ്ഥാന്‍ നായകനും ഷഹീന്‍ അഫ്രീദിയുടെ ഭാവി വധുവിന്‍റെ പിതാവുമായ ഷഹീദ് അഫ്രീദിപോലും ഷഹീന്‍ അഫ്രീദിയെ ലാഹോര്‍ ടീമിന്‍റെ നായകനാക്കിയപ്പോള്‍ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ഇത്രയും വലിയ ഉത്തരവാദിത്തം ഏറ്റെടുക്കരുതെന്ന് താന്‍ ഷഹീനോട് പറഞ്ഞതായി ഷഹീദ് അഫ്രീദ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനും സമ്മര്‍ദ്ദത്തെ അതിജീവിക്കാനാകുമെന്നും ആയിരുന്നു ഷഹീന്‍റെ മറുപടിയെന്ന് ഷഹീദ് അഫ്രീദി പറഞ്ഞു.

തന്‍റെ ടീമിനും വ്യക്തിപരമായി തനിക്കും വലിയ വിജയമാണിതെന്നും ഈ വിജയത്തില്‍ ടീമിലെ ഓരോ താരവും അവരുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നം കിരീടനേട്ടത്തിനുശേഷം അഫ്രീദി പറഞ്ഞു.

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ലാഹോര്‍ മുഹമ്മദ് ഹഫീസിന്‍റെയും(46 പന്തില്‍ 65), ഹാരി ബ്രൂക്കിന്‍റെയും(22  പന്തില്‍ 41), ഡേവിഡ് വീസിന്‍റെയും(8 പന്തില്‍ 18) ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ അ‍ഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ പാക്കിസ്ഥാന്‍ വിക്കറ്റ് കീപ്പറായ മുഹമ്മദ് റിസ്‌വാന്‍റെ നേതൃത്വത്തിലിറങ്ങിയ മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് 19.3 ഓവറില്‍ 138 റണ്‍സിന് ഓള്‍ ഔട്ടായി. നാലോവറില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അഫ്രീദി തന്നെയാണ് ബൗളിംഗില്‍ തിളങ്ങിയത്. റിസ്‌വാന്‍ 12 പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായി.

click me!