
കറാച്ചി: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ദയനീയ പരാജയത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനും സെലക്ഷൻ കമ്മിറ്റിക്കുമെതിരെ രൂക്ഷവിമർശനവുമായി മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. തന്‍റെ മരുമകൻ കൂടിയായ ഷഹീൻ അഫ്രീദിയെ ക്യാപ്റ്റനാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത അദ്ദേഹം, സെലക്ടർമാരുടെ അശാസ്ത്രീയമായ തീരുമാനങ്ങളാണ് പാക് ക്രിക്കറ്റിന്റെ തകർച്ചയ്ക്ക് കാരണമെന്നും ആരോപിച്ചു.
ഏത് ഫോർമാറ്റിൽ ആര് ക്യാപ്റ്റനാകണം എന്നതിനെക്കുറിച്ച് സെലക്ഷൻ കമ്മിറ്റിക്ക് യാതൊരു ധാരണയുമില്ലെന്ന് അഫ്രീദി കുറ്റപ്പെടുത്തി. ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ബംഗ്ലാദേശിനോടും തോറ്റത് നാണക്കേടാണെന്ന് ഷാഹിദ് അഫ്രീദി പറഞ്ഞു. സെലക്ഷൻ കമ്മിറ്റിയിലുള്ള എല്ലാവരും ഒട്ടേറെ ക്രിക്കറ്റ് കളിച്ചവരാണ്. എന്നിട്ടും ഏത് ഫോർമാറ്റിൽ ആര് ടീമിനെ നയിക്കണമെന്ന കാര്യത്തിൽ നിങ്ങൾക്ക് ഇപ്പോഴും വ്യക്തതയില്ല. 'സർജറി' എന്ന പേരിൽ നിങ്ങൾ കാട്ടിക്കൂട്ടുന്നത് വലിയ അബദ്ധങ്ങളാണ്," അഫ്രീദി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
ബാബർ അസമിനെപ്പോലുള്ള മുതിർന്ന താരങ്ങളെ മാറ്റിനിർത്തുന്നതിനെയും അഫ്രീദി വിമർശിച്ചു. കേവലം കുറച്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രം കളിച്ച യുവതാരങ്ങളെ ദേശീയ ടീമിലേക്ക് തിടുക്കത്തിൽ കൊണ്ടുവരുന്നത് ടീമിനെ തകർക്കുമെന്നും അഫ്രീദി മുന്നറിയിപ്പ് നൽകി. പാകിസ്ഥാൻ ആഭ്യന്തര ക്രിക്കറ്റിന്‍റെ നിലവാരം വളരെ താഴെയാണെന്നും അവിടെ നിന്ന് വരുന്ന താരങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റിന് സജ്ജരല്ലെന്നും അഫ്രീദി പറഞ്ഞു. ടി20യിൽ തിളങ്ങാനായില്ലെങ്കിലും ഏകദിനത്തിൽ മികച്ച റെക്കോർഡുള്ള സീനിയർ താരങ്ങളെ 'സർജറി'യുടെ പേരിൽ പുറത്താക്കിയത് അംഗീകരിക്കാനാവില്ല. ടീമിനെയല്ല, മറിച്ച് സെലക്ഷൻ കമ്മിറ്റിയെയാണ് ആദ്യം അഴിച്ചുപണിയേണ്ടതെന്ന് അഫ്രീദി പരിഹസിച്ചു.
വീണ്ടും വീണ്ടും പാകിസ്ഥാൻ ക്യാപ്പുകൾ വെറുതെ വിതരണം ചെയ്യുന്നത് സർജറിയല്ല. യഥാർത്ഥ സർജറി നടത്തേണ്ടത് സെലക്ഷൻ കമ്മിറ്റിയിലാണ്-അഫ്രീദി പറഞ്ഞു. സൽമാൻ അലി ആഘയുടെ നായകത്വത്തിന് കീഴിൽ ഞായറാഴ്ച നടന്ന മൂന്നാം ഏകദിനത്തിലും തോറ്റതോടെയാണ് പാകിസ്ഥാൻ ബംഗ്ലാദേശിനോട് പരമ്പര അടിയറവ് വെച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!