ഷമിയും, സൈനിയും ടെസ്റ്റ് ടീമില്‍ തിരിച്ചെത്തും; പന്തിനെ ടി20 ടീമില്‍ ഉള്‍പ്പെടുത്തും, മാറ്റങ്ങള്‍ ഇങ്ങനെ

By Web TeamFirst Published Feb 16, 2021, 4:28 PM IST
Highlights

അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിനെ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. അതോടൊപ്പം ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിനേയും പ്രഖ്യാപിക്കും.

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റിലേക്ക് മുഹമ്മദ് ഷമിയും നവ്ദീപ് സൈനിയും തിരിച്ചെത്തും. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലുള്ള ഇരുവരും പരിക്കില്‍ നിന്നും പൂര്‍ണമായും മോചിതരായെന്നാണ് പുറത്തുവരുന്ന വിവരം. ഇരുവരോടും ഈമാസം 20ന് ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കരുതെന്നും ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിനെ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. അതോടൊപ്പം ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിനേയും പ്രഖ്യാപിക്കും.

പൂര്‍ണ കായികക്ഷമത വീണ്ടെടുത്ത സൈനി എന്‍സിഎ പന്തെറിഞ്ഞ് തുടങ്ങിയിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ ദില്ലി ആവശ്യപ്പെട്ടെങ്കിലും ബിസിസിഐ ഇടപെടുകയായിരുന്നു. അതേയസമയം ഷമി 10 ദിവസം മുമ്പ് തന്നെ ബൗളിങ് പരിശീലനം ആരംഭിച്ചിരുന്നു. മാച്ച് ഫിറ്റ്‌നെസ് വീണ്ടെടുക്കുക മാത്രമാണ് ഇനി ചെയ്യേണ്ടത്. ടി20 മത്സരങ്ങള്‍ക്ക് ഒരു പ്രത്യേക പൂള്‍ ഒരുക്കാനും ബിസിസിഐ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര താരങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കും ഈ പൂള്‍. 

കഴിഞ്ഞ ദിവസം ബിസിസിഐ ഒരുക്കിയ പ്രത്യേക ഫിറ്റ്‌നെസ് ടെസ്റ്റ് പാസായ മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, നിതീഷ് റാണ, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവരെല്ലാം ഇതിന്റെ ഭാഗമാണ്. ഈ താരങ്ങളെ എപ്പോള്‍ വേണമെങ്കിലും ഇന്ത്യന്‍ ടീമിലെക്ക് വിളിക്കും. ഇപ്പോള്‍ ടെസ്റ്റ് ടീമിനൊപ്പമുള്ള പ്രിയങ്ക് പാഞ്ചല്‍, അഭിമന്യൂ ഈശ്വരന്‍ എന്നിവരെപ്പോലെ ടീമിനൊപ്പം ഇവരും തുടര്‍ന്നേക്കും. 

അതോടൊപ്പം, ടെസ്റ്റ് ടീമില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന റിഷഭ് പന്തിനെ നിശ്ചിത ഓവര്‍ മത്സരങ്ങള്‍ക്കുള്ള ടീമിലും ഉള്‍പ്പെടുത്തും. ഇതോടെ പന്തിന് പകരം ഓസ്‌ട്രേലിയന്‍ പര്യടനത്തിലുണ്ടായിരുന്ന സഞ്ജു സാംസണ്‍ സാധ്യകള്‍ക്ക് പുറത്താവും. സൂര്യകുമാര്‍ യാദവിനെ ടി20 ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും ടീം മാനേജ്‌മെന്റിന്റെ പരിഗണനയിലാണ്. മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍ എന്നിവരെ മാറി മാറി ടീമില്‍ പരീക്ഷിക്കും.

click me!