നിറയെ സര്‍പ്രൈസുകളുമായി എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്ത് ഷെയ്ന്‍ വോണ്‍

By Web TeamFirst Published Apr 1, 2020, 3:25 PM IST
Highlights

വണ്‍ ഡൗണായി രാഹുല്‍ ദ്രാവിഡ് എത്തുമ്പോള്‍ നാലാം നമ്പറില്‍ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. അഞ്ചാമനായി മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇറങ്ങുമ്പോള്‍ ആറാം നമ്പറിലാണ് ക്യാപ്റ്റനായ ഗാംഗുലി എത്തുന്നത്.

സിഡ്നി: എക്കാലത്തെയും മികച്ച സംയുക്ത ആഷസ് ടീമിനെ തെരഞ്ഞെടുത്തതിന് പിന്നാലെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീമിനെയും തെരഞ്ഞെടുത്ത് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. സൗരവ് ഗാംഗുലിയെ നായകനായി തെരഞ്ഞെടുത്ത വോണ്‍ ഓസ്ട്രേലിയയുടെ കണ്ണിലെ കരടായിരുന്ന വിവിഎസ് ലക്ഷ്മണെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല എന്നത് ശ്രദ്ധേയമായി. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് വോണ്‍ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തത്.

വീരേന്ദര്‍ സെവാഗും നവജ്യോത് സിദ്ദുവുമാണ് വോണിന്റെ ടീമിലെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍മാര്‍. സുനില്‍ ഗവാസ്കറെപോലുള്ള ഇതിഹസങ്ങളുണ്ടായിട്ടും സിദ്ദുവിനെ ഓപ്പണറാക്കിയത് എന്തുകൊണ്ടാണെന്ന് ആരാധകര്‍ സംശയിക്കുന്നുവെങ്കില്‍ അതിന് വോണിന്റെ കൈയില്‍ കൃത്യമായ മറുപടിയുണ്ട്. താന്‍ എതിരെ കളിച്ചിട്ടുള്ളതില്‍ സ്പിന്നര്‍മാരെ ഏറ്റവും മനോഹപമായി കളിക്കുന്ന ബാറ്റ്സ്മാന്‍ സിദ്ദുവാണെന്ന് വോണ്‍ പറയുന്നു. മറ്റ് സ്പിന്നര്‍മാരും തന്റെ അഭിപ്രായത്തോട് യോജിക്കുന്നവരാണെന്നും വോണ്‍ പറഞ്ഞു.

വണ്‍ ഡൗണായി രാഹുല്‍ ദ്രാവിഡ് എത്തുമ്പോള്‍ നാലാം നമ്പറില്‍ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. അഞ്ചാമനായി മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇറങ്ങുമ്പോള്‍ ആറാം നമ്പറിലാണ് ക്യാപ്റ്റനായ ഗാംഗുലി എത്തുന്നത്. ഓള്‍ റൗണ്ടറായി കപില്‍ ദേവും സ്പിന്നര്‍മാരായി അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗും ഇടം പിടിച്ചപ്പോള്‍ വിക്കറ്റ് കീപ്പറായി നയന്‍ മോംഗിയയും പേസറായി ജവഗല്‍ ശ്രീനാഥുമാണ് വോണിന്റെ ടീമിലുള്ളത്.

വിരാട് കോലിയും എം എസ് ധോണിയും എന്തുകൊണ്ട് ടീമിലില്ല എന്നതിനും വോണ്‍ മറുപടി നല്‍കുന്നുണ്ട്. താന്‍ കരിയറില്‍ ഒരിക്കല്‍ പോലും അവര്‍ക്കെതിരെ കളിച്ചിട്ടില്ലാത്തതിനാലാണ് അവരെ ഒഴിവാക്കേണ്ടിവന്നതെന്ന് വോണ്‍ പറയുന്നു. തന്റെ ടീമിന്റെ നായകനായി ഗാംഗുലി തന്നെ വേണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് വിവിഎസ് ലക്ഷ്മണെ ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയതെന്നും വോണ്‍ വിശദീകരിക്കുന്നു.

click me!