ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ തൊപ്പി ഇനി ഓസീസ് ഇതിഹാസത്തിന്റേത്

By Web TeamFirst Published Jan 9, 2020, 5:49 PM IST
Highlights

രാത്രി പത്തു മണിവരെ ലേലത്തില്‍ പങ്കെടുക്കാമെന്നതിനാല്‍ അവസാന തുക ഇനിയും ഉയരാം. രണ്ട് മണിക്കൂര്‍ മുമ്പ് തുടങ്ങിയ ലേലം ഇപ്പോഴും പുരോഗമിക്കുകയാണ്.

സിഡ്‌നി: ഓസ്ട്രേയിയിലെ ദശലക്ഷക്കണക്കിന് ഏക്കര്‍ വനമേഖലയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയെ മെരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി തന്റെ വിഖ്യാതമായ ബാഗി ഗ്രീന്‍ തൊപ്പി ലേലത്തിന് വെച്ച ഓസീസ് ലെഗ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ കുറിച്ചത് പുതിയ ചരിത്രം. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ  തൊപ്പി ഇനി വോണിന്റേതാണ്. 2,75000 ഡോളറില്‍ തുടങ്ങിയ ലേലം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് 520,500 ഡോളറിലാണ്.

രാത്രി പത്തു മണിവരെ ലേലത്തില്‍ പങ്കെടുക്കാമെന്നതിനാല്‍ അവസാന തുക ഇനിയും ഉയരാം. രണ്ട് മണിക്കൂര്‍ മുമ്പ് തുടങ്ങിയ ലേലം ഇപ്പോഴും പുരോഗമിക്കുകയാണ്. 2003ല്‍ ഓസീസ് ബാറ്റിംഗ് ഇതിഹാസം സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ തൊപ്പി ലേലത്തിന് വെച്ചപ്പോള്‍ ലഭിച്ച $425,000 ഡോളറാണ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലേലത്തുക. 21 വര്‍ഷം നീണ്ട കരിയറില്‍ 145 ടെസ്റ്റ് കളിച്ച വോണ്‍ 708 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.

ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന ലേലത്തുക ലഭിച്ച വസ്തുക്കള്‍ ഇവയാണ്.

ഡോണ്‍ ബ്രാഡ്മാമ്റെ ടെസ്റ്റ് ക്യാപ്(2003)-170,000 പൗണ്ട്.
2011ലെ ലോകകപ്പ് ഫൈനലില്‍ ധോണി ഉപയോഗിച്ച ബാറ്റ്(2011)-100,000 പൗണ്ട്
ജോണ്‍ വിസ്ഡന്‍ ക്രിക്കറ്റില്‍ ഉപയോഗിച്ച എല്ലാ വസ്തുക്കളും(2008)-84,000 പൗണ്ട്
ആറ് പന്തില്‍ സിക്സറടിച്ച ഗാരി സോബേഴ്സിന്റെ ബാറ്റ്(2000)-54,257 പൗണ്ട്.
പാക്കിസ്ഥാനെതിരെ സോബേഴ്സ് 365 റണ്‍സടിച്ച ബാറ്റ്(2000)-47,475 പൗണ്ട്.

തന്‍റെ വിഖ്യാതമായ ബാഗി ഗ്രീന്‍ ക്യാപ്പ് ലേലം ചെയ്യുകയാണെന്ന് ട്വിറ്ററിലൂടെ തിങ്കളാഴ്‌ചയാണ് വോണ്‍ ലോകത്തെ അറിയിച്ചത്.എല്ലാവരും ഒറ്റക്കെട്ടായി ദുരന്തത്തെ അതിജീവിക്കണം, സഹായിക്കാനുള്ള വഴികള്‍ കണ്ടെത്തണം. ടെസ്റ്റ് കരിയറിലാകെ താന്‍ അണിഞ്ഞ പ്രിയ ബാഗി ഗ്രീന്‍ ക്യാപ്പ് ഇതിന്‍റെ ഭാഗമായി ലേലം ചെയ്യുകയാണ്' എന്നും ഇതിഹാസം ട്വീറ്റ് ചെയ്തു. ബാഗി ഗ്രീന്‍ തൊപ്പി വില്‍ക്കുന്നതിലൂടെ മികച്ച തുക കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അമ്പതുകാരനായ താരം വ്യക്തമാക്കി.

കാട്ടുതീ ദുരന്തത്തെ മറികടക്കാന്‍ നിരവധി ഓസീസ് താരങ്ങള്‍ ഇതിനകം സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നടന്നുകൊണ്ടിരിക്കുന്ന ബിഗ് ബാഷ് ടി20 ലീഗില്‍ അടിക്കുന്ന ഓരോ സിക്‌സിനും 250 ഓസ്‌ട്രേലിയന്‍ ഡോളര്‍ വീതം സഹായം നല്‍കുമെന്ന് ക്രിസ് ലിന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഡാര്‍സി ഷോര്‍ട്ട് എന്നിവര്‍ പ്രഖ്യാപിച്ചിരുന്നു. ടെന്നീസ് ഇതിഹാസങ്ങളായ മരിയ ഷറപ്പോവയും നൊവാക് ജോക്കോവിച്ചും 25,000 ഡോളര്‍ വീതവും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

click me!