ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞു

By Web TeamFirst Published Jul 1, 2020, 6:45 PM IST
Highlights

പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് ഐസിസി അടുത്തയാഴ്ച തുടക്കമിടുമ്പോള്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ കോളിന്‍ ഗ്രേവ്‌സിനാണ് മുന്‍തൂക്കം.

ദുബായ്: ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞു. ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ടേം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് മനോഹര്‍ സ്ഥാനമൊഴിഞ്ഞത്. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതുവരെ ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖവാജ ചെയര്‍മാന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമെന്ന് ഐസിസി വ്യക്തമാക്കി. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ തീരുമാനിക്കാനായി ഐസിസി ബോര്‍ഡ് അടുത്തവാരം യോഗം ചേരുമെന്നാണ് സൂചന.

ഐസിസിയെ മികച്ച രീതിയില്‍ നയിച്ചതിനും ക്രിക്കറ്റിന്റെ വളര്‍ച്ചക്കായി ചെയ്ത സേവനങ്ങള്‍ക്കും ഐസിസി ബോര്‍ഡ് ശശാങ്കിനോട് നന്ദി പറയുന്നുവെന്ന് ഐസിസി ചീഫ് എക്സിക്യൂട്ടീവ് മനു സ്വാഹ്നിയും ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖവാജയും പറഞ്ഞു. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് ഐസിസി അടുത്തയാഴ്ച തുടക്കമിടുമ്പോള്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ കോളിന്‍ ഗ്രേവ്‌സിനാണ് മുന്‍തൂക്കം. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പേരും ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നു.

എന്നാല്‍ ബിസിസിഐ പ്രസഡിന്റ് സ്ഥാനത്ത് തുടരുന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ വിധിക്കായി കാത്തിരിക്കുന്നതിനാല്‍ ഗാംഗുലി മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയങ്ങളുണ്ട്. ഗാംഗുലി മത്സരിച്ചാല്‍ പിന്തുണക്കുമെന്ന് നേരത്തേ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ഗ്രെയിം സ്മിത്ത് വ്യക്തമാക്കിയിരുന്നെങ്കിലും ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് ഇത് തള്ളിയിരുന്നു.

click me!