
റായ്പൂര്‍: ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയനായ ഓള്‍റൗണ്ടര്‍ ശശാങ്ക് സിംഗ് ഛത്തീസ്ഗഢ് ക്രിക്കറ്റ് അസോസിയേഷനുമായി വഴിപിരിയുന്നു. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നുള്ള അവഗണനയും പിന്തുണയില്ലായ്മയും ചൂണ്ടിക്കാണിച്ചാണ് 2026-27 ആഭ്യന്തര സീസണ്‍ മുതല്‍ താരം പോണ്ടിച്ചേരിയിലേക്ക് കൂടുമാറുന്നത്. അസോസിയേഷനില്‍ നിന്ന് ഔദ്യോഗികമായി നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയതായി 34 കാരനായ താരം സ്ഥിരീകരിച്ചു. കഴിഞ്ഞ സീസണില്‍ ഗുരുതരമായ തോളിനും വിരലിനും പരിക്കേറ്റപ്പോള്‍ ഛത്തീസ്ഗഢ് ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് തനിക്ക് യാതൊരുവിധ പിന്തുണയും ലഭിച്ചില്ലെന്ന് ശശാങ്ക് പറയുന്നു.
പരിക്കുകളില്‍ നിന്ന് പൂര്‍ണമായി മുക്തനായെങ്കിലും, ഛത്തീസ്ഗഢ് പ്രീമിയര്‍ ലീഗിനുള്ള താരങ്ങളുടെ പട്ടികയില്‍ നിന്നും യാതൊരു വിശദീകരണവുമില്ലാതെ ഒഴിവാക്കിയെന്നും താരം ആരോപിക്കുന്നു. താന്‍ ഐപിഎല്ലില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ താല്‍പ്പര്യമില്ലെന്നുമുള്ള തെറ്റായ പ്രചാരണങ്ങളാണ് തനിക്കെതിരെ ഉണ്ടായതെന്ന് ശശാങ്ക് വ്യക്തമാക്കി. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും സ്ഥിരതയാര്‍ന്ന വൈറ്റ് ബോള്‍ കളിക്കാരിലൊരാളാണ് ശശാങ്ക്.
കഴിഞ്ഞ സീസണ്‍ വിജയ് ഹസാരെ ട്രോഫിയില്‍ ഏഴ് മത്സരങ്ങളില്‍ നിന്നായി 450 റണ്‍സും 11 വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 7 മത്സരങ്ങളില്‍ നിന്ന് 188 റണ്‍സ് നേടി. 2023-24 സീസണിലെ ആഭ്യന്തര പരിമിത ഓവര്‍ മത്സരങ്ങളിലെ മികച്ച ഓള്‍റൗണ്ടര്‍ക്കുള്ള ബിസിസിഐയുടെ ലാലാ അമര്‍നാഥ് അവാര്‍ഡ് താരത്തിന് ലഭിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നിര്‍ണായക താരമായ ശശാങ്ക്, ടീമിനെ 2025 ലെ ഫൈനലില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ പുറത്താകാതെ 30 പന്തില്‍ 61 റണ്‍സ് ഉള്‍പ്പെടെ സീസണില്‍ 350 റണ്‍സ് അദ്ദേഹം നേടിയിരുന്നു.
ക്രിക്കറ്റില്‍ നിന്ന് താല്‍ക്കാലികമായി ഇടവേളയെടുക്കുന്ന താരം, ഇനി മുതല്‍ വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ടി20 ക്രിക്കറ്റില്‍ തന്റെ മുഴുവന്‍ ഓവറുകളും പന്തെറിയാന്‍ കഴിയുന്ന ഒരു മികച്ച ഓള്‍റൗണ്ടറായി സ്വയം വളര്‍ത്താനാണ് ഈ നീക്കം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!