ധവാനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് തെറിപ്പിച്ചത് നിഗൂഢം, ചോദ്യചിഹ്നം; തുറന്നടിച്ച് മുന്‍ സെലക്‌ടര്‍

By Jomit JoseFirst Published Aug 13, 2022, 11:03 AM IST
Highlights

ഇത്തരത്തിലുള്ള അപ്രതീക്ഷിത ക്യാപ്റ്റന്‍സി മാറ്റങ്ങള്‍ നിഗൂഢവും ചോദ്യചിഹ്നവുമാണ്. വളരെ ശ്രദ്ധയോടുകൂടി മാത്രമേ ഇത്തരം തീരുമാനങ്ങളെടുക്കാന്‍ പാടുള്ളൂ.

മുംബൈ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയില്‍ അവസാന നിമിഷം ഇന്ത്യന്‍ ക്യാപ്റ്റനെ മാറ്റിയതില്‍ വിവാദം തുടരുന്നു. നേരത്തെ ശിഖര്‍ ധവാനെ നായകനായി പ്രഖ്യാപിക്കുകയും ഫിറ്റ്‌നസ് തെളിയിച്ച് കെ എല്‍ രാഹുല്‍ എത്തിയതോടെ അപ്രതീക്ഷിതമായി ധവാന്‍റെ ക്യാപ്റ്റന്‍ സ്ഥാനം സെലക്‌ടര്‍മാര്‍ തെറിപ്പിക്കുകയായിരുന്നു. ധവാനെ മാറ്റിയതില്‍ സെലക്ഷന്‍ കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തുകയാണ് മുന്‍താരവും സെലക്‌ടറുമായിരുന്ന സാബാ കരീം. 

'പരമ്പരയില്‍ കെ എല്‍ രാഹുലിനെ താരമായി മാത്രമാണ് പരിഗണിക്കേണ്ടത്. ക്യാപ്റ്റനോ വൈസ് ക്യാപ്റ്റനോ ആക്കുന്നതിന് വലിയ പ്രാധാന്യമില്ല. ദീര്‍ഘമായ ഇടവേള കഴിഞ്ഞാണ് രാഹുല്‍ വരുന്നത്. സ്‌ക്വാഡിലെ സീനിയര്‍ അംഗമായ ശിഖര്‍ ധവാന്‍ വൈറ്റ് ബോളില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ക്യാപ്റ്റനെ പ്രഖ്യാപിക്കുമ്പോള്‍ അദ്ദേഹത്തിന് പ്രാധാന്യം നല്‍കണം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാന്‍ നയിച്ച ഇന്ത്യന്‍ ടീം മികച്ച പ്രകടനം കാഴ്‌ചവെച്ചു. ബാറ്റ് കൊണ്ടും ധവാന്‍ മോശമാക്കിയില്ല. യുവതാരങ്ങളെ വച്ച് ഇന്ത്യ പരമ്പര വൈറ്റ് വാഷ് ചെയ്തു. ഏറെപ്പേര്‍ അദ്ദേഹത്തിന്‍റെ നായകത്വത്തില്‍ മികവ് കാട്ടി. ഫീല്‍ഡ് ക്രമീകരിക്കുന്നതിലും തന്ത്രങ്ങളിലും എല്ലാം അദ്ദേഹത്തിന് പൂര്‍ണമായ നിയന്ത്രണമുണ്ടായിരുന്നു. നായകനെന്ന നിലയില്‍ ശിഖര്‍ ധവാന്‍ യുവതാരങ്ങളെ പ്രചോദിപ്പിച്ചു. 

ഇത്തരത്തിലുള്ള അപ്രതീക്ഷിത ക്യാപ്റ്റന്‍സി മാറ്റങ്ങള്‍ നിഗൂഢവും ചോദ്യചിഹ്നവുമാണ്. വളരെ ശ്രദ്ധയോടുകൂടി മാത്രമേ ഇത്തരം തീരുമാനങ്ങളെടുക്കാന്‍ പാടുള്ളൂ. ടീം സ്‌പിരിറ്റ് വര്‍ധിപ്പിക്കുകയാണ് വേണ്ടത്. വരും മത്സരങ്ങളിലെ തന്‍റെ തന്ത്രങ്ങളെ കുറിച്ച് ഒരു താരം ചിന്തിച്ചുതുടങ്ങുമ്പോള്‍ പെട്ടെന്ന് മാറ്റം കൊണ്ടുവരുന്നത് ഒരു ക്രിക്കറ്ററുടെ മൂല്യങ്ങളെ ബാധിക്കും' എന്നും സാബാ കരീം ഇന്ത്യാ ന്യൂസ് സ്‌പോര്‍ട്‌സിനോട് പറഞ്ഞു.  

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് 3-0ന്‍റെ വിജയം സമ്മാനിച്ച ശിഖര്‍ ധവാന്‍ ബാറ്റിംഗിലും തിളങ്ങിയിരുന്നു. എന്നിട്ടും ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ധവാനെ സെലക്‌ടര്‍മാര്‍ അപ്രതീക്ഷിതമായി മാറ്റുകയായിരുന്നു. പരിക്കുമൂലം ഐപിഎല്ലിന് ശേഷം മത്സര ക്രിക്കറ്റില്‍ കളിക്കാത്ത രാഹുലിന് വേണ്ടിയാണ് ധവാനെ മാറ്റിയത്. മുമ്പ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പമ്പരയില്‍ ഇന്ത്യയെ നയിച്ച രാഹുലിന് ഒറ്റ വിജയം പോലും നേടാനായില്ല. നേരത്തെ പ്രഖ്യാപിച്ച ശേഷം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ശിഖര്‍ ധവാനെ മാറ്റിയത് താരത്തെ അപമാനിക്കുന്നതിന് തുല്യമാണന്ന് ആരാധകര്‍ വിമര്‍ശിച്ചിരുന്നു. 2021ലെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യ എല്ലാ ഫോര്‍മാറ്റിലുമായി എട്ട് ക്യാപ്റ്റന്‍മാരെയാണ് പരീക്ഷിച്ചത്. 

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍(വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), വാഷിംഗ്‌ടണ്‍ സുന്ദര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് ക‍ൃഷ്‌ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍. 

ധവാനെ നിര്‍ത്തിയങ്ങ് അപമാനിക്കുന്നു,സിംബാ‌ബ്‌വെ പര്യടനത്തില്‍ രാഹുലിനെ നായകനാക്കിയതിനെതിരെ ആരാധകര്‍

click me!