
കറാച്ചി: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ സിംബാബ്‌വെയോട് പാക്കിസ്ഥാൻ 19 റൺസിന്റെ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയതിന് പിന്നാലെ പാക് പരിശീലകൻ മിസ്ബാ ഉൾ ഹഖിനെതിരെ തുറന്നടിച്ച് ഷൊയൈബ് മാലിക്ക്. പാക്കിസ്ഥാൻ ഏകദിന-ടി20 ടീമുകൾക്ക് കളിയെക്കുറിച്ച് നല്ല ധാരണയുള്ള പരിശീലകനെ വേണമെന്ന് മിസ്ബയുടെ പേരെടുത്ത് പറയാതെ മാലിക്ക് വിമർശിച്ചു.
ക്യാപ്റ്റനെ തീരുമാനമെടുക്കാൻ സമ്മതിക്കാതിരിക്കുകയും തന്നിഷ്ടത്തിന് കാര്യങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന ടീം മാനേജ്മെന്റുമായാൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും മാലിക്ക് വ്യക്തമാക്കി. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലാത്ത മാലിക്ക് നിലവിൽ പാക് ടീമിന് പുറത്താണ്. ടി20 ലോകകപ്പിനുള്ള പാക് ടീമിൽ മധ്യനിരയിൽ ഇടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാലിക്ക് ഇപ്പോളും.
സിംബാബ്‌വെക്കെതിരായ രണ്ടാം ടി20യിൽ 119 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 99 റൺസിനാണ് ഓൾ ഔട്ടായത്. 41 റൺസെടുത്ത ക്യാപ്റ്റൻ ബാബർ അസമും 22 റൺസെടുത്ത ഡാനിഷ് അസീസും 13 റൺസെടുത്ത മുഹമ്മദ് റിസ്വാനും മാത്രമാണ് പാക് നിരയിൽ രണ്ടക്കം കടന്നത്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!