'ദൗത്യം പൂര്‍ത്തിയായിട്ടില്ല, അടുത്തവര്‍ഷം കിരീടം വാങ്ങാൻ ഞങ്ങള്‍ വരും', തോ‌ൽവിയിലും തല ഉയര്‍ത്തി ശ്രേയസ്

Published : Jun 04, 2025, 12:16 PM ISTUpdated : Jun 04, 2025, 12:19 PM IST
'ദൗത്യം പൂര്‍ത്തിയായിട്ടില്ല, അടുത്തവര്‍ഷം കിരീടം വാങ്ങാൻ ഞങ്ങള്‍ വരും', തോ‌ൽവിയിലും തല ഉയര്‍ത്തി ശ്രേയസ്

Synopsis

ഈ ടീമിൽ ഓരോ കളിക്കാരനെക്കുറിച്ചോര്‍ത്തും ഞാന്‍ അഭിമാനിക്കുന്നു. ആദ്യ സീസൺ കളിക്കുന്ന നിരവധി താരങ്ങളുണ്ട് ഈ ടീമില്‍. അവർ കാണിച്ച നിർഭയമായ പ്രകടനങ്ങള്‍ അസാമാന്യമായിരുന്നു. 

അഹമ്മദാബാദ്: ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് തോറ്റ് രണ്ടാം ക്വാളിഫയറിലേക്ക് വീണപ്പോള്‍ പഞ്ചാബ് കിംഗ്സ് നായകന്‍ ശ്രേയസ് അയ്യര്‍ പറഞ്ഞത്, പോരാട്ടം തോറ്റിരിക്കാം, പക്ഷെ യുദ്ധം തോറ്റിട്ടില്ലെന്നായിരുന്നു. ഒടുവില്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യൻസിനെ മലര്‍ത്തിയടിച്ച് ആര്‍സിബിക്കെതിരെ വീണ്ടും കിരീടപ്പോരിന് ഇറങ്ങിയപ്പോൾ അവസാന യുദ്ധത്തില്‍ ശ്രേയസിന് കാലിടറി. തല ഉയര്‍ത്തിപ്പിടിച്ച് ടീമിനെ എല്ലായ്പ്പോഴും മുന്നില്‍ നിന്ന് നയിക്കുന്ന നായകനായ ശ്രേയസിന് ഇന്നലെ അടിതെറ്റിയപ്പോള്‍ പഞ്ചാബ് യുദ്ധം തോറ്റു. എങ്കിലും മത്സരശേഷം ശ്രേയസ് പറ‍ഞ്ഞവാക്കുകള്‍ ആരാധകര്‍ ഹൃദയത്തിലേറ്റുവാങ്ങി. 

സത്യസന്ധമായി പറഞ്ഞാൽ, തോല്‍വിയില്‍ നിരാശയുണ്ട്. പക്ഷെ ഞങ്ങളുടെ ടീം ഇതുവരെയെത്തിയതിന് പിന്നില്‍ ടീം മാനേജ്മെന്‍റിന്‍റെയും സപ്പോര്‍ട്ട് സ്റ്റാഫിന്‍റെയും ഈ നേട്ടത്തില്‍ പങ്കാളിയായ ഓരോരുത്തരുടെയും അവഗണിക്കാനാവാത്ത സംഭാവനയുണ്ട്. ടീം ഉടമകൾ ഞങ്ങളെ പിന്തുണച്ച രീതി അതിശയിപ്പിക്കുന്നതായിരുന്നു. ഈ മത്സരം വെച്ചുനോക്കിയാല്‍ 200 റൺസ് ഈ ഗ്രൗണ്ടില്‍ എത്തിപ്പിടിക്കാവുന്ന ലക്ഷ്യമായിരുന്നു. പക്ഷെ അവർ മികച്ച രീതിയിൽ പന്തെറിഞ്ഞു, പ്രത്യേകിച്ച് ക്രുനാൽ പാണ്ഡ്യ, അദ്ദേഹത്തിന്‍റെ പരിചയസമ്പത്ത് അവരെ തുണച്ചു, അതാണ് മത്സരത്തില്‍ വഴിത്തിരിവായതും. 

ഈ ടീമിൽ ഓരോ കളിക്കാരനെക്കുറിച്ചോര്‍ത്തും ഞാന്‍ അഭിമാനിക്കുന്നു. ആദ്യ സീസൺ കളിക്കുന്ന നിരവധി താരങ്ങളുണ്ട് ഈ ടീമില്‍. അവർ കാണിച്ച നിർഭയമായ പ്രകടനങ്ങള്‍ അസാമാന്യമായിരുന്നു. ഞാൻ ഒരിക്കല്‍ കൂടി പറയുന്നു, ഈ നേട്ടത്തിനായി സംഭാവന നല്‍കിയ ഓരോ കളിക്കാരനും ടീം മാനേജ്‌മെന്‍റിനും അഭിനന്ദനങ്ങൾ. അവരില്ലാതെ നമ്മൾ ഇവിടെ ഉണ്ടാകുമായിരുന്നില്ല. 

നമ്മുടെ ദൗത്യം ഇനിയും പൂര്‍ത്തിയായിട്ടില്ല. അടുത്ത വർഷം ഐപിഎല്‍ കിരീടം ഏറ്റുവാങ്ങണം.  പോസിറ്റാവായ കാര്യങ്ങള്‍ ഒരുപാടുണ്ട്, ഞങ്ങൾ കളിച്ച രീതിയും, മത്സരം ജയിപ്പിക്കാൻ ഓരോ കളിക്കാരനും അവസരത്തിനൊത്ത് ഉയര്‍ന്ന് മുന്നോട്ട് വന്നതുമെല്ലാം അതിലുണ്ട്. ടീമിൽ ധാരാളം യുവതാരങ്ങളുണ്ട്, ഈ മത്സരങ്ങളിൽ നിന്ന് അവർക്ക് ധാരാളം അനുഭവസമ്പത്ത് ലഭിച്ചിട്ടുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. അടുത്ത വർഷം അവർ വരുമ്പോൾ ഈ അനുഭവസമ്പത്ത് അവരെ തുണക്കുമെന്നും ശ്രേയസ് പറഞ്ഞു.

തോറ്റെങ്കിലും ഐപിഎല്ലില്‍ മൂന്ന് വ്യത്യസ്ത ടീമുകളെ ഫൈനലിലേക്ക് നയിക്കുയും കൊല്‍ക്കത്തക്കൊപ്പം കഴിഞ്ഞ സീസണില്‍ കിരീടം നേടുകയും ചെയ്ത ശ്രേയസിന്‍റെ മൂല്യം ഉയര്‍ത്തുന്നതായിരുന്നു ഇത്തവണ ഐപിഎല്‍. 26.75 കോടി രൂപക്ക് കൊല്‍ക്കത്തയില്‍ നിന്ന് പഞ്ചാബിലെത്തിയ ശ്രേയസ് കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും തന്‍റെ താരമൂല്യത്തിനൊത്ത പ്രകടനാണ് പുറത്തെടുത്തത്. അതുകൊണ്ട് തന്നെ ദൗത്യം പൂര്‍ത്തിയായിട്ടില്ലെന്ന ശ്രേയസിന്‍റെ വാക്കുകള്‍ പഞ്ചാബ് ആരാധകര്‍ക്ക് അടുത്ത സീസണിലും പ്രതീക്ഷയാണ്.

Powered By

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

രണ്ടക്കം കടന്നത് 2 പേര്‍ മാത്രം, മണിപ്പൂരിനെ 64 റണ്‍സിന് എറഞ്ഞിട്ട് കേരളം, വിജയ് മർച്ചന്‍റ് ട്രോഫിയിൽ മികച്ച ലീഡിലേക്ക്
മുഷ്താഖ് അലി ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി ഗുജറാത്ത് ടൈറ്റൻസ് താരം അര്‍ഷാദ് ഖാന്‍