
മുംബൈ: ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ചതുര്‍ദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ എ ടീമിനെ ശ്രേയസ് അയ്യര്‍ നയിക്കും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡിലും ശ്രേയസിനെ ഉള്‍പ്പെടുത്തിരുന്നില്ല. പിന്നാലെയാണ് അദ്ദേഹത്തെ ഇന്ത്യ എ ടീമിന്റെ നായകനാക്കിയത്. മികച്ച പ്രകടനം പുറത്തെടുത്തിട്ടും ശ്രേയസ് അയ്യരെ ഏഷ്യാ കപ്പിലും ഉള്‍പ്പെടുത്താതിരുന്നതിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ധ്രുവ് ജുറെലാണ് വൈസ് ക്യാപ്റ്റന്‍. കെ എല്‍ രാഹുല്‍, മുഹമ്മദ് സിറാജ് എന്നിവരേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് ഈ മാസം അവസാനത്തോടെ ഇന്ത്യ എ ടീം ഓസ്‌ട്രേലിയ എ ടീമിനെതിരെ കളിക്കുന്നത്. രണ്ട് മത്സരങ്ങള്‍ക്കും ലക്‌നൗവാണ് വേദിയാകുന്നത്. ഇംഗ്ലണ്ട് പര്യടനത്തിന് ഇടയില്‍ കാല്‍മുട്ടിന് പരുക്കേറ്റ നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യ എ സ്‌ക്വാഡില്‍ ഇടംപിടിച്ചിട്ടുണ്ട്. ദേവ്ദത്ത് പടിക്കലാണ് ടീമിലെ ഏക മലയാളി താരം. ദുലീപ് ട്രോഫിയില്‍ സൗത്ത് സോണിന് വേണ്ടി കളിക്കുന്ന മലയാളി താരങ്ങളായ മുഹമ്മദ് അസറുദ്ദീന്‍, സല്‍മാന്‍ നിസാര്‍ എന്നിവര്‍ക്കൊന്നും ടീമിലിടം നേടാന്‍ സാധിച്ചില്ല.
ഇന്ത്യ എ സ്‌ക്വാഡ്: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ആഭിമന്യൂ ഈശ്വരന്‍, എന്‍ ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ഹര്‍ഷ് ദുബേ, ആയുഷ് ബദോനി, നിതീഷ് കുമാര്‍ റെഡ്ഡി, തനുഷ് കോട്ടിയാന്‍, പ്രസിദ്ധ് കൃഷ്ണ, ബ്രാര്‍, ഖലീല്‍ അഹ്മദ്, മാനവ് സുതാര്‍, യഷ് താക്കൂര്‍, കെ എല്‍ രാഹുല്‍, മുഹമ്മദ് സിറാജ്.
കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍ ശ്രേയസ് 480 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. ഫസ്റ്റ് ക്ലാസിലെ തന്റെ ആദ്യ ഇരട്ട സെഞ്ചുറിയും ഈ സീസണില്‍ ശ്രേയസിന്റെ ബാറ്റില്‍ നിന്ന് വന്നു. 2024ല്‍ ആണ് ശ്രേയസ് അയ്യര്‍ അവസാനമായി ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഭാഗമാവുന്നത്. ടെസ്റ്റില്‍ നിന്നും ട്വന്റി20യില്‍ നിന്നും തഴയപ്പെട്ടപ്പോഴും ഏകദിനത്തില്‍ ഇന്ത്യക്കായി ശ്രേയസ് മികവ് കാണിച്ചു. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ടോപ് റണ്‍ സ്‌കോറര്‍ ശ്രേയസുണ്ടായിരുന്നു.
ഐപിഎല്ലിലും പഞ്ചാബിനായി ശ്രേയസ് മിന്നുന്ന പ്രകടനം പുറത്തെടുത്തിരുന്നു. 175 എന്ന സ്‌ട്രൈക്ക്‌റേറ്റില്‍ 600ന് മുകളില്‍ റണ്‍സ് ആണ് ശ്രേയസ് സ്‌കോര്‍ ചെയ്തത്. ഇതുകൊണ്ട് തന്നെ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ശ്രേയസ് അയ്യര്‍ ഇടംപിടിക്കും എന്ന് എല്ലാവരും കരുതി. എന്നാല്‍ സ്‌ക്വാഡില്‍ ഇടംനേടാന്‍ പാകത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ശ്രേയസിനെ തഴഞ്ഞത് വിവാദമായി.