
കറാച്ചി: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ വിമര്‍ശിച്ച് മുന്‍ പാക് താരം ഡാനിഷ് കനേരിയ. മത്സരത്തില്‍ പാകിസ്ഥാന്‍ എകെ 47 പ്രയോഗിച്ചപ്പോള്‍ ബ്രഹ്മോസ് കൊണ്ടാണ് ഇന്ത്യ മറുപടി നല്‍കിയതെന്നും കനേരിയ പറഞ്ഞു.പാകിസ്ഥാനായി അര്‍ധസെഞ്ചുറി നേടിയ സാഹിബ്സാദ ഫര്‍ഹാന്‍ എകെ 47 എടുത്ത് നിറയൊഴിച്ച് അര്‍ധസെഞ്ചുറി ആഘോഷിച്ചപ്പോള്‍ ഇന്ത്യൻ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും അവരുടെ സ്വന്തം ബ്രഹ്മോസ് ഉപയോഗിച്ചാണ് ബാറ്റ് കൊണ്ട് മറുപടി നല്‍കിയതെന്നും അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ഫ്ലയിംഗ് കിസ് നല്‍കുകയാണ് അഭിഷേക് ശര്‍മ ചെയ്തതെന്നും കനേരിയ പറഞ്ഞു.
ഇന്ത്യൻ ഓപ്പണര്‍മാരുടെ തിരിച്ചടി വിനാശകരമായിരുന്നു. പാകിസ്ഥാന ബൗളര്‍മാര്‍ ആ അടിയില്‍ ചിതറിപ്പോയി.ചെറിയ അടി കൊടുത്ത് വലിയ അടി വാങ്ങിയതുപോലെയായി കാര്യങ്ങള്‍. അഭിഷേകിനെയും ഗില്ലിനെയും പോലുള്ള ക്ലാസ് താരങ്ങള്‍ ടീമിലുണ്ടെങ്കില്‍ 200 റണ്‍സ് പോലും മതിയാകില്ല. ഫഖര്‍ സമനെ പുറത്താക്കാന്‍ സഞ്ജു എടുത്ത ക്യാച്ചിനെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങളോടും കനേരിയ പ്രതികരിച്ചു. സഞ്ജു സാംസണ്‍ എടുത്തത് ക്ലീന്‍ ക്യാച്ചാണ്. തോല്‍വിക്ക് ഒരു ഒഴിവുകഴിവ് തിരയുകയാണ് പാകിസ്ഥാന്‍. മിക്കവാറും ഫഖര്‍ സമന്‍റെ പുറത്താകലാണ് അതിന് അവര്‍ കാരണമായി കണ്ടുവെച്ചിരിക്കുന്നത്.
താന്‍ ഔട്ടല്ലെന്ന് പറഞ്ഞ് ഫഖര്‍ സമന്‍ ഉറക്കെ കരയുമായിരിക്കും. പക്ഷെ സഞ്ജു എടുത്തത് ക്ലീന്‍ ക്യാച്ചാണെന്ന് വ്യക്തമാണെന്നും സഞ്ജുവിന്‍റെ വിരലുകള്‍ പന്തിന് താഴെയുണ്ടെന്ന് വ്യക്തമാണെന്നും കനേരിയ പറഞ്ഞു. അപ്പോഴും പാകിസ്ഥാന്‍ സംശയത്തിന്‍റെ ആനുകൂല്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉച്ചത്തില്‍ കരഞ്ഞുകൊണ്ടിരിക്കുകയാണ്. ഫഖറാകട്ടെ ആ കച്ചിത്തുരുമ്പില്‍ പിടിച്ചാണ് നില്‍ക്കാന്‍ ശ്രമിക്കുന്നതെന്നും കനേരിയ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക