
അഹമ്മദാബാദ്: മുംബൈ ഇന്ത്യന്‍സിനോടേറ്റ 99 റണ്‍സിന്റെ കനത്ത തോല്‍വിക്ക് പിന്നാലെ ടീമിന്റെ ബോളിംഗ് പ്രകടനത്തെ വിമര്‍ശിച്ച് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്‍. പവര്‍പ്ലേയില്‍ കാഗിസോ റബാഡ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മുംബൈയെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും, മിഡില്‍ ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുത്തത് തിരിച്ചടിയായെന്ന് ഗില്‍ പറഞ്ഞു. മത്സരശേഷം സംസാരിച്ച ഗില്‍, പിച്ചിന്റെ സ്വഭാവം മുന്‍കൂട്ടി മനസ്സിലാക്കിയിട്ടും അത് മുതലാക്കാന്‍ ബോളിംഗ് നിരയ്ക്ക് സാധിച്ചില്ലെന്ന് സമ്മതിച്ചു.
ഗില്ലിന്റെ വാക്കുകള്‍... ''സത്യസന്ധമായി പറഞ്ഞാല്‍, മിഡില്‍ ഓവറുകളില്‍ ഞങ്ങള്‍ അമിതമായി റണ്‍സ് വിട്ടുകൊടുത്തു. ഈ പിച്ചില്‍ 160-170 റണ്‍സ് ഒരു മികച്ച സ്‌കോറായിരുന്നു. എന്നാല്‍ കൃത്യമായ ലെങ്തില്‍ പന്തെറിയാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല.'' ഈ തോല്‍വി ഗുജറാത്ത് ടൈറ്റന്‍സിന്റെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ്. 2025-ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് വഴങ്ങിയ 83 റണ്‍സിന്റെ തോല്‍വിയെയാണ് ഇത് മറികടന്നത്.
മുംബൈ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് തുടക്കം മുതലേ പിഴച്ചു. സായ് സുദര്‍ശന്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയതോടെ തകര്‍ച്ച തുടങ്ങിയ ഗുജറാത്തിന് പവര്‍പ്ലേ അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സ് മാത്രമാണ് നേടാനായത്. അശ്വാനി കുമാര്‍ (4/24), മിച്ചല്‍ സാന്റ്‌നര്‍ (2/16), ഗസന്‍ഫര്‍ (2/17) എന്നിവരുടെ ബോളിംഗ് മികവില്‍ ഗുജറാത്ത് 100 റണ്‍സിന് പുറത്തായി.
ഈ വിജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവുമായി മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മറുഭാഗത്ത്, തോല്‍വിയോടെ ഗുജറാത്ത് ടൈറ്റന്‍സ് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗുജറാത്തിന്റെ നെറ്റ് റണ്‍റേറ്റ് ഇതോടെ -0.821 ആയി കുറഞ്ഞു. വരാനിരിക്കുന്ന എവേ മത്സരങ്ങളില്‍ ശക്തമായി തിരിച്ചുവരാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഗില്ലും സംഘവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!