അവന്‍ കോലിയോളം പോന്നവന്‍, പക്ഷെ... ഗില്ലിനെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍

By Web TeamFirst Published Feb 2, 2023, 3:06 PM IST
Highlights

ഓഗസ്റ്റില്‍ തന്‍റെ ആദ്യ സെഞ്ചുറി അടിച്ച ഗില്‍ ഇതുവരെ ആറ് സെഞ്ചുറികള്‍ നേടിക്കഴിഞ്ഞു. ഈ വര്‍ഷം ഫെബ്രുവരി ആകുമ്പോഴേക്കും നാലു സെഞ്ചുറികള്‍ സ്വന്തം പേരിലാക്കി. ഓരോ കളി കഴിയുമ്പോഴും അവന്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുന്നു

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നട്ടെല്ലായ യുവതാരം ശുഭ്മാന്‍ ഗില്ലിനെ വാഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഗില്ലിന്‍റെ ബാറ്റിംഗ് കണ്ട് താന്‍ ആരാധകനായി മാറിയെന്നും വിരാട് കോലിയോളം കഴിവുള്ള ബാറ്ററാണ് ഗില്ലെന്നും പത്താന്‍ പറഞ്ഞു.

അവന്‍റെ ബാറ്റിംഗ് കണ്ട് ഞാന്‍ ശരിക്കും അവന്‍റെ ഒരു ആരാധകനായി മാറി. ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു, എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ കളിപ്പിക്കാവുന്ന കളിക്കാരനാണ് ഗില്‍. വര്‍ഷങ്ങളോളം ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റും കോലി ഭരിച്ചതുപോലെ ഗില്ലിനും അത് കഴിയും. പക്ഷെ പ്രതിഭയെ ഗ്രൗണ്ടില്‍ പ്രകടനമാക്കി മാറ്റുക എന്നതാണ് ഗില്ലിന് മുന്നിലുള്ള വെല്ലുവിളിയെന്നും  പത്താന്‍ പറഞ്ഞു.

ഓഗസ്റ്റില്‍ തന്‍റെ ആദ്യ സെഞ്ചുറി അടിച്ച ഗില്‍ ഇതുവരെ ആറ് സെഞ്ചുറികള്‍ നേടിക്കഴിഞ്ഞു. ഈ വര്‍ഷം ഫെബ്രുവരി ആകുമ്പോഴേക്കും നാലു സെഞ്ചുറികള്‍ സ്വന്തം പേരിലാക്കി. ഓരോ കളി കഴിയുമ്പോഴും അവന്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുന്നു. പേസര്‍മാര്‍ക്കെതിരെ അവന് പതര്‍ച്ചയൊന്നുമില്ല. ഇന്നലെ പേസര്‍മാര്‍ക്കെതിതെ സ്ര്ടൈറ്റ് ബാറ്റുപയോഗിച്ച് സിക്സടിക്കാനാണ്  അവന്‍ ശ്രമിച്ചത്. അതില്‍ ഒരു ഹെലികോപ്റ്റര്‍ ഷോട്ടു പോലുമുണ്ടായിരുന്നു.

ആരാധകർക്ക് സന്തോഷ വാർത്ത, ബുമ്രയുടെ തിരിച്ചുവരവ് ഉറപ്പായി; ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രം

ക്രീസില്‍ സെറ്റ് ആയശേഷമെ അടിച്ചു കളിക്കാന്‍ തുടങ്ങൂ എന്നത് മാത്രമാണ് ഇനി അവന് മുന്നിലുള്ള വെല്ലുവിളി. ഇന്നലെ അഹമ്മദാബാദില്‍ ന്യസിലന്‍ഡിനെതിരെ ഗില്‍ കളിച്ച ചില ഷോട്ടുകള്‍ അസാമാന്യമായിരുന്നുവെന്നും പത്താന്‍ വ്യക്തമാക്കി. നേരത്തെ വിരാട് കോലിയും ഗില്ലിന്‍റെ സെഞ്ചുറിയെ അഭിനന്ദിച്ചിരുന്നു. ഇന്ത്യയുടെ ഭാവി താരകം എന്നായിരുന്നു ഗില്ലിനെക്കുറിച്ചുള്ള കോലിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

ഏകദിന ക്രിക്കറ്റിലെ ഫോം ടി20 ക്രിക്കറ്റിലും ആവര്‍ത്തിച്ച ഗില്‍ ഇന്നലെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 63 പന്തില്‍ 126 റണ്‍സുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ വിജയശില്‍പിയായിരുന്നു. ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും ഇന്നലെ ശുഭ്മാന്‍ ഗില്‍ അടിച്ചെടുത്തു. ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ വിരാട് കോലി പുറത്താകാതെ നേടിയ 122 റണ്‍സിന്‍റെ റെക്കോര്‍ഡാണ് ഗില്‍ ഇന്നലെ തിരുത്തിയത്.

click me!