Latest Videos

ന്യൂസിലന്‍ഡിനെതിരെയും ഗില്ലിയാട്ടം, സാക്ഷാല്‍ വിരാട് കോലിയെയും പിന്നിലാക്കി ശുഭ്മാന്‍ ഗില്‍

By Web TeamFirst Published Jan 18, 2023, 4:01 PM IST
Highlights

87 പന്തില്‍ കരിയറിലെ മൂന്നാം ഏകദിന സെഞ്ചുറിയിലെത്തിയ ഗില്‍ 19 ഇന്നിംഗ്സുകളില്‍ നിന്നാണ് 1000 റണ്‍സ് പിന്നിട്ടത്. 24 ഇന്നിംഗ്സുകളില്‍ 1000 റണ്‍സ് പിന്നിട്ട വിരാട് കോലിയെയും ശിഖര്‍ ധവാനെയുമാണ് ഗില്‍ അതിവേഗം പിന്നിലാക്കിയത്.

ഹൈദരാബാദ്: തുടര്‍ച്ചയായ രണ്ടാം ഏകദിന സെഞ്ചുറി നേടിയ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് ലോക റെക്കോര്‍ഡ്. ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയതിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും സെഞ്ചുറി നേടിയ ഗില്‍ ഏകദിനത്തില്‍ അതിവേഗം 1000 റണ്‍സ് തികക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡും  അടിച്ചെടുത്തു.

87 പന്തില്‍ കരിയറിലെ മൂന്നാം ഏകദിന സെഞ്ചുറിയിലെത്തിയ ഗില്‍ 19 ഇന്നിംഗ്സുകളില്‍ നിന്നാണ് 1000 റണ്‍സ് പിന്നിട്ടത്. 24 ഇന്നിംഗ്സുകളില്‍ 1000 റണ്‍സ് പിന്നിട്ട വിരാട് കോലിയെയും ശിഖര്‍ ധവാനെയുമാണ് ഗില്‍ അതിവേഗം പിന്നിലാക്കിയത്. സെ‍ഞ്ചുറിക്ക് പിന്നാലെ കിവീസിന്‍റെ ബ്ലെയര്‍ ടിക്നറെ ബൗണ്ടറി കടത്തിയാണ് ഗില്‍ ഏകദിന ക്രിക്കറ്റില്‍ 1000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്. ഏകദിനത്തില്‍ ഏറ്റവും കുറഞ്ഞ ഇന്നിംഗ്സുകളില്‍ മൂന്ന് സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ബാറ്ററാണ് ഗില്‍.17 ഇന്നിംഗ്സില്‍ മൂന്ന് സെഞ്ചുറികള്‍ നേടിയിട്ടുള്ള ശിഖര്‍ ധവനാണ് ഇക്കാര്യത്തില്‍ ഗില്ലിന് മുന്നിലുള്ളത്.

Fastest Indian to complete 1000 runs in ODI (innings):

Gill - 19
Kohli - 24
Dhawan - 24

— Johns. (@CricCrazyJohns)

കോലിക്ക് ഒരു നിമിഷം എല്ലാം പിഴച്ചു; പുറത്താക്കി സാന്‍റ്‌നറുടെ മിന്നും പന്ത്- വീഡിയോ

ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തിന് ഇറങ്ങുമ്പോള്‍ 106 റണ്‍സായിരുന്നു ഗില്ലിന് 1000 റണ്‍സ് തികക്കാന്‍ വേണ്ടിയിരുന്നത്. 2019ല്‍ ന്യൂസിലന്‍ഡിനെതിരെ ഏകദിനത്തില്‍ അരങ്ങേറിയ 23കാരനായ ഗില്‍ മൂന്ന് സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറികളുമാണ് ഗില്‍ ഇതുവരെ നേടിയത്. ഇന്ത്യക്കായി മൂന്ന് ടി20യിലും 13 ടെസ്റ്റിലും ഗില്‍ കളിച്ചു.

ന്യൂസിലന്‍ഡിനെതിരെ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ഗില്ലും നായകന്‍ രോഹിത് ശര്‍മയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയെങ്കിലും ഒരിക്കല്‍ കൂടി നല്ല തുടക്കം മുതലാക്കാനാവാതെ രോഹിത് മടങ്ങി. മികച്ച ഫോമിലുള്ള വിരാട് കോലിയും ഇഷാന്‍ കിഷനും പെട്ടെന്ന് മടങ്ങിയ ഇന്ത്യയെ സൂര്യകുമാര്‍ യാദവിനൊപ്പം ചേര്‍ന്ന് ഗില്‍ കരകയറ്റി.

click me!