ഇന്നിംഗ്‌സിലെ 16-ാം ഓവറില്‍ സാന്‍റ്‌നറുടെ രണ്ടാം പന്തില്‍ ലെങ്‌ത് കണ്ടുപിടിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു വിരാട് കോലി

ഹൈദരാബാദ്: ഒടുവില്‍ വിരാട് കോലിയെ പൂട്ടാന്‍ അങ്ങനെയൊരു പന്ത് വേണ്ടിവന്നു. സ്വപ്‌ന ഫോമില്‍ ബാറ്റ് വീശുന്ന കോലിക്കെതിരെ ലങ്കന്‍ ബൗളര്‍മാര്‍ വിയര്‍ക്കുന്നത് കാര്യവട്ടത്തെ അവസാന ഏകദിനത്തില്‍ നാം കണ്ടതാണ്. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പര ഹൈദരാബാദില്‍ ആരംഭിച്ചപ്പോള്‍ ആദ്യ ഏകദിനത്തില്‍ തന്നെ കോലിയുടെ റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്തിയിരിക്കുകയാണ് കിവികള്‍. സ്‌പിന്നര്‍ മിച്ചല്‍ സാന്‍റ്‌നറാണ് കോലിയെ പവലിയനിലേക്ക് മടക്കിയത്. 

കണക്കുകൂട്ടലുകള്‍ പിഴച്ച കോലി 

ഇന്നിംഗ്‌സിലെ 16-ാം ഓവറില്‍ സാന്‍റ്‌നറുടെ രണ്ടാം പന്തില്‍ ലെങ്‌ത് കണ്ടുപിടിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു വിരാട് കോലി. ഫ്രണ്ട് ഫൂട്ടില്‍ കളിക്കേണ്ടിയിരുന്ന പന്തില്‍ ക്രീസില്‍ നിന്ന് പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ കോലിക്ക് പിഴയ്ക്കുകയായിരുന്നു. സാന്‍റ്‌നറുടെ പന്ത് വലിയ ടേണ്‍ കണ്ടെത്തിയില്ലെങ്കിലും ഔട്ട്‌സൈഡ് എഡ്‌ജായി പോകുമെന്ന് തോന്നിച്ച് ഒടുവില്‍ ബെയ്‌ല്‍സുമായി പറന്നു. 10 പന്തില്‍ 8 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. കോലിയുടെ വിക്കറ്റ് നഷ്‌ടമാകുമ്പോള്‍ 15.2 ഓവറില്‍ 88-2 എന്ന നിലയിലായിരുന്നു ഇന്ത്യ. കാര്യവട്ടത്ത് ലങ്കയ്ക്ക് എതിരെ നടന്ന മൂന്നാം ഏകദിനത്തില്‍ 110 പന്തില്‍ 13 ഫോറും എട്ട് സിക്‌സറുമായി കോലി പുറത്താവാതെ 166* റണ്‍സ് നേടിയിരുന്നു. 150.91 ആയിരുന്നു കോലിയുടെ സ്‌ട്രൈക്ക് റേറ്റ്. 

Scroll to load tweet…

ലാഥം നേരത്തെ മുന്നറിയിപ്പ് നല്‍കി

ഇന്നലെ ആദ്യ ഏകദിനത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ ന്യൂസിലന്‍ഡ് നായകന്‍ ടോം ലാഥം കോലിക്ക് മുന്നറിയിപ്പ് നല്‍കിയതാണ്. സ്‌പിന്‍ ബൗളിംഗ് ഇന്ത്യയില്‍ വലിയ ഘടകമാണ്. കോലി സെഞ്ചുറികളോടെയാണ് തിരിച്ചെത്തിയിരിക്കുന്നത്. എന്നാല്‍ കോലിക്കെതിരെ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട് എന്നുമായിരുന്നു ലാഥമിന്‍റെ വാക്കുകള്‍. ഇത് ശരിവെക്കുന്ന രീതിയിലായി ഇന്നത്തെ മത്സരത്തില്‍ വിരാട് കോലിയുടെ വിക്കറ്റ്.