
ഗുവാഹത്തി:കഴുത്തുവേദനയെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ പരിക്ക് വിലയിരുത്തിയതിനെക്കാള്‍ ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. കഴുത്തുവേദന കുറയാന്‍ ഇഞ്ചക്ഷന്‍ എടുത്തെങ്കിലും വേദനയില്‍ കാര്യമായ കുറവില്ലെന്നും തിരിച്ചുവരവിന് മാസങ്ങള്‍ വേണ്ടിവരുമെന്നാണ് സൂചന. ഇതോടെ ഗില്ലിന് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ടി20 പരമ്പരകൾ പൂര്‍ണമായും നഷ്ടമാകുമെന്നാണ് കരുതുന്നത്. ജനുവരിയില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ മാത്രമെ ഗില്‍ ഗ്രൗണ്ടില്‍ തിരിച്ചെത്താനിടയുള്ളൂവെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഗില്ലിന്‍റെ തിരിച്ചുവരവിനായി തിടുക്കം കൂട്ടേണ്ടതില്ലെന്നും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഇതു കൂടി കണക്കിലെടുത്താകും തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം ടെസ്റ്റിനായി ഇന്ത്യൻ ടീമിനൊപ്പം കൊല്‍ക്കത്തയില്‍ നിന്ന് ഗുവാഹത്തിയിലെത്തിയ ഗില്ലിനെ പിന്നീട് ടീമില്‍ നിന്ന് റിലീസ് ചെയ്തിരുന്നു. തുടര്‍ ചികിത്സക്കായി ഗില്‍ പിന്നീട് മുംബൈയിലേക്ക് പോയി.
ഈ മാസം 30 മുതലാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. അതിനുശേഷം ഡിസംബര്‍ ഒമ്പത് മുതല്‍ അഞ്ച് മത്സര ടി20 പരമ്പരയിലും ഇന്ത്യ കളിക്കും. ജനുവരി 11 മുതലാണ് ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര ടി20 പരമ്പര ആരംഭിക്കുന്നത്. ഇതിലാകും ഗില്‍ ഇനി തിരിച്ചുവരിക എന്നാണ് പ്രതീക്ഷിക്കുന്നത്. ഗില്ലിന്‍റെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരില്‍ പുതിയ നായകനെയും ടി20 പരമ്പരയില്‍ പുതിയ വൈസ് ക്യാപ്റ്റനെയും സെലക്ടര്‍മാര്‍ തെരഞ്ഞെടുക്കേണ്ടിവരും. ടി20 പരമ്പരയില്‍ നിന്ന് ഗില്‍ വിട്ടുനിന്നാല്‍ മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഓപ്പണറായി അവസരം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക