എന്തിന് ഒരാളെ മാത്രം ആശ്രയിക്കണം; ഹര്‍ദിക് പാണ്ഡ്യക്ക് രണ്ട് പകരക്കാരെ നിര്‍ദേശിച്ച് ഗാവസ്‌കര്‍

By Web TeamFirst Published Jul 28, 2021, 12:30 PM IST
Highlights

ബാറ്റും പന്തും കൊണ്ട് യാതൊരു ചലനവുമുണ്ടാക്കാത്ത ഹര്‍ദിക് പാണ്ഡ്യയെയാണ് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കണ്ടത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത കപില്‍ ദേവ് എന്നായിരുന്നു കരിയറിന്‍റെ തുടക്കകാലത്ത് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ പലരും വിശേഷിപ്പിച്ചത്. എന്നാല്‍ ഹര്‍ദിക്കിന്‍റെ പരിക്കും ഫോമില്ലായ്‌മയും ടീം ഇന്ത്യക്ക് ഇപ്പോള്‍ വലിയ തലവേദനയായിരിക്കുകയാണ്. ബാറ്റും പന്തും കൊണ്ട് യാതൊരു ഇംപാക്‌ടും കാണിക്കാത്ത പാണ്ഡ്യയെയാണ് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കണ്ടത്. ഇതോടെ പാണ്ഡ്യക്ക് രണ്ട് പകരക്കാരെ നിര്‍ദേശിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകനും ഇതിഹാസ ബാറ്റ്സ്‌മാനുമായ സുനില്‍ ഗാവസ്‌കര്‍. 

എന്തിന് ഹര്‍ദിക് പാണ്ഡ്യയെ മാത്രം ആശ്രയിക്കണം എന്നാണ് ഗാവസ്‌കര്‍ ചോദിക്കുന്നത്. 'തീര്‍ച്ചയായും ഹര്‍ദിക്കിന് ബാക്ക്‌അപ് താരങ്ങളുണ്ട്. താനൊരു ഓള്‍റൗണ്ടറാണെന്ന് അടുത്തിടെ ദീപക് ചഹാര്‍ തെളിയിച്ചതാണ്. അത്രയേറെ അവസരം ഭുവനേശ്വര്‍ കുമാറിന് നല്‍കിയിട്ടില്ല. രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലങ്കയില്‍ ഇന്ത്യ കളിച്ചപ്പോള്‍ ധോണിക്കൊപ്പം ഭുവി ഇന്ത്യയെ ജയിപ്പിച്ചിരുന്നു. ഈ പരമ്പരയിലെ രണ്ടാം ഏകദിനത്തിന് സമാനമായിരുന്നു അന്നത്തെ സാഹചര്യം. ഏഴെട്ട് വിക്കറ്റ് വീണിട്ടും ഭുവിയും ധോണിയും ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. 

നിങ്ങള്‍ ഇതുവരെ ചിന്തിച്ചുകാണില്ല. എന്നാല്‍ ഇവര്‍ രണ്ടുപേരും ഓള്‍റൗണ്ടര്‍മാരുമാണ്. ബാറ്റിംഗ് മികവുണ്ട്. നിങ്ങള്‍ ഒരാളെ മാത്രമാണ് ശ്രദ്ധിക്കുന്നത്. കൂടുതല്‍ അവസരം ലഭിക്കേണ്ടിയിരുന്ന പലര്‍ക്കും അതിനാല്‍ കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷമായി അവസരം ലഭിച്ചില്ല. ഫോമിലല്ല എന്ന് ഇപ്പോള്‍ ഒരു താരത്തില്‍ നോക്കി പറയേണ്ടിവരുന്നത് അതുകൊണ്ടാണ്. ഈ താരങ്ങള്‍ക്ക് അവസരം നല്‍കിയാല്‍ ഓള്‍റൗണ്ടര്‍മാരെ കണ്ടെത്താന്‍ കഴിയും' എന്നും ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു.  

ശ്രീലങ്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയില്‍ ബാറ്റിംഗിന് അവസരം ലഭിച്ച രണ്ട് മത്സരങ്ങളിലും ഹര്‍ദിക് പാണ്ഡ്യ അമ്പേ പരാജയമായിരുന്നു. രണ്ടാം ഏകദിനത്തില്‍ പൂജ്യത്തില്‍ പുറത്തായപ്പോള്‍ മൂന്നാം മത്സരത്തില്‍ 19 റണ്‍സാണ് നേടിയത്. മൂന്ന് മത്സരങ്ങളില്‍ നിന്നായി രണ്ട് വിക്കറ്റ് മാത്രമേ സ്വന്തമാക്കിയുള്ളൂ. ടി20 പരമ്പരയിലും മോശം തുടക്കമാണ് താരത്തിന് ലഭിച്ചത്. ആദ്യ ടി20യില്‍ 10 റണ്‍സില്‍ പുറത്തായപ്പോള്‍ ഒരേയൊരു വിക്കറ്റേ വീഴ്‌ത്താനായുള്ളൂ. 

ഒളിംപിക്‌സില്‍ സച്ചിന്‍റെ ഇഷ്‌ട ഇനം? തീപാറും ചര്‍ച്ച, ഉത്തരം തേടി ആരാധകര്‍

കോലിക്കുശേഷം ഇന്ത്യയുടെ സമ്പൂര്‍ണ താരം; യുവതാരത്തെക്കുറിച്ച് ഹര്‍ഭജന്‍

ക്രുനാല്‍ പാണ്ഡ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇന്ത്യ- ശ്രീലങ്ക രണ്ടാം ടി20 മാറ്റി

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!