രണതുംഗയുടെ പരിഹാസം കാര്യമാക്കുന്നില്ല, ലക്ഷ്യം ജയം മാത്രം; മറുപടിയുമായി സൂര്യകുമാർ യാദവ്

By Web TeamFirst Published Jul 9, 2021, 1:31 PM IST
Highlights

ശിഖർ ധവാന്‍റെ നേതൃത്വത്തിൽ ശ്രീലങ്കയിലെത്തിയ സംഘം ഇന്ത്യയുടെ രണ്ടാംനിര ടീമാണെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് അർജുന രണതുംഗെയുടെ പരിഹാസം

കൊളംബിയ: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരായ ശ്രീലങ്കൻ മുൻ നായകൻ അർജുന രണതുംഗയുടെ പരിഹാസം കാര്യമാക്കുന്നില്ലെന്ന് സൂര്യകുമാർ യാദവ്. ശ്രീലങ്കയിൽ പരമ്പര ജയം മാത്രമാണ് ലക്ഷ്യമെന്നും ഇന്ത്യൻ താരം പറഞ്ഞു.

ശിഖർ ധവാന്‍റെ നേതൃത്വത്തിൽ ശ്രീലങ്കയിലെത്തിയ സംഘം ഇന്ത്യയുടെ രണ്ടാംനിര ടീമാണെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് അർജുന രണതുംഗെയുടെ പരിഹാസം. അങ്ങനൊരു ടീമിനെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വിളിച്ചുവരുത്തിയത് പരസ്യ വരുമാനം മാത്രം ലക്ഷ്യമിട്ടാണ്. ഇത് ശ്രീലങ്കയിലെ ക്രിക്കറ്റ് ആരാധകരെ അപമാനിക്കുന്നതിന് തുല്യമാണെന്നുമായിരുന്നു രണതുംഗെയുടെ വിമര്‍ശനം. 

എന്നാല്‍ ഇത്തരം പരാമർശങ്ങൾ കാര്യമായെടുക്കുന്നില്ലെന്ന് ഇന്ത്യൻ ടീമംഗം സൂര്യകുമാർ യാദവ് വ്യക്തമാക്കി. 'കളിക്കാരെല്ലാം കഠിന പരിശീലനത്തിലാണ്. കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നു. വരാനിരിക്കുന്ന മത്സരങ്ങളും ജയവും മാത്രമാണ് മനസിലുള്ളത്' എന്നും രണതുംഗയ്‌ക്ക് മറുപടിയെന്നവണ്ണം സൂര്യകുമാർ യാദവ് പറഞ്ഞു. 

നേരത്തെ അർജുന രണതുംഗെയുടെ പരാമർശത്തെ ലങ്കൻ ക്രിക്കറ്റ് ബോർഡ് തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യയുടേത് മികച്ച ടീം തന്നെയാണെന്ന്  പ്രസ്‌താവനയുമിറക്കിയ ബോര്‍ഡ്, ഇന്ത്യയുടെ 20 അംഗ സ്‌ക്വാഡിലെ 14 താരങ്ങള്‍ മൂന്ന് ഫോര്‍മാറ്റിലും കളിച്ചവരാണെന്നും വ്യക്തമാക്കി. ലങ്കന്‍ മുന്‍ നായകന് മറുപടിയുമായി ഇന്ത്യന്‍ മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. 

വിരാട് കോലിയും രോഹിത് ശര്‍മ്മയും മുഹമ്മദ് ഷമിയും ജസ്‌പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയും കെ എല്‍ രാഹുലും ഉള്‍പ്പടെയുള്ള പ്രധാന താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ യുവതാരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ടീമുമായാണ് ഇന്ത്യ ശ്രീലങ്കയിലെത്തിയത്. ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുന്നത്. രവി ശാസ്‌ത്രിയുടെ അഭാവത്തില്‍ രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയുടെ പരിശീലകന്‍. ജൂലൈ 13ന് തുടങ്ങുന്ന പരമ്പരയില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണുള്ളത്. 

ശ്രീലങ്കയിലുള്ള ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍(ഉപനായകന്‍), പൃഥ്വി ഷാ, ദേവ്‌ദത്ത് പടിക്കല്‍, റിതുരാജ് ഗെയ്‌ക്‌വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), യുസ്‌വേന്ദ്ര ചാഹല്‍, രാഹുല്‍ ചഹാര്‍, കൃഷ്‌ണപ്പ ഗൗതം, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ദീപക് ചഹാര്‍, നവ്‌ദീപ് സെയ്‌നി, ചേതന്‍ സക്കറിയ. 

നെറ്റ് ബൗളര്‍മാര്‍: ഇഷാന്‍ പോരെല്‍, സന്ദീപ് വാര്യര്‍, അര്‍ഷ്‌ദീപ് സിംഗ്, സായ് കിഷോര്‍, സിമര്‍ജീത്ത് സിംഗ്.

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

'ഇന്ത്യ അയച്ചത് രണ്ടാംനിര ടീമിനെ, കുറ്റക്കാർ ലങ്കന്‍ ബോർഡ്'; വിമർശനവുമായി രണതുംഗ

രണ്ടാം നിരയല്ല, ഇന്ത്യയുടേത് കരുത്തുറ്റ ടീം; രണതും​ഗക്ക് മറുപടിയുമായി ലങ്കൻ ക്രിക്കറ്റ് ബോർഡ്

ശ്രീലങ്ക ആദ്യം ടി20 ലോകകപ്പിന് യോഗ്യത ഉറപ്പാക്കാന്‍ നോക്കൂ! രണതുംഗയ്ക്ക് മുന്‍ ഇന്ത്യന്‍ താരത്തിന്റെ മറുപടി

ഇന്ത്യയോട് കണക്കിന് കിട്ടുമ്പോള്‍ രണതുംഗ പാഠം പഠിക്കും; ലങ്കന്‍ ഇതിഹാസത്തിന് മുന്‍ പാക് താരത്തിന്റെ മറുപടി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

click me!