ഇത്തവണ മറ്റൊരു ചാഹലിനെ ശ്രീലങ്കയില്‍ കാണാം; ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇന്ത്യന്‍ സ്പിന്നര്‍

By Web TeamFirst Published Jul 8, 2021, 10:02 PM IST
Highlights

ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് ചാഹല്‍ ഏകദിനം കളിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ നവംബറിലാണ് ചാഹല്‍ അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്. 

കൊളംബൊ: നാല് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് പറുന്നത്. യൂസ്‌വേന്ദ്ര ചാഹലാണ് ടീമിലെ സീനിയര്‍ സ്പിന്നര്‍. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹല്‍ എന്നിവരാണ് ടീമിലെ മറ്റു സ്പിന്നര്‍മാര്‍. ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് ചാഹല്‍ ഏകദിനം കളിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ നവംബറിലാണ് ചാഹല്‍ അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്. 

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ആത്മവിശ്വാസത്തോടെ പന്തെറിയുന്ന ചാഹലിനെ കാണാമെന്നാണ് ചാഹല്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഏറെ നാളുകള്‍ക്ക് ശേഷമാണ് ഞാനൊരു ഏകദിന പരമ്പര കളിക്കാനൊരുങ്ങുന്നത്. കൊളംബോയില്‍ ഇപ്പോള്‍ തന്നെ രണ്ട് പരിശീലന മത്സരങ്ങള്‍ പൂര്‍ത്തിയാക്കി.  കടുത്ത ചൂടാണെങ്കിലും അതുമായി പൊരുത്തപ്പെടാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്.'' വെര്‍ച്യൂല്‍ പത്രസമ്മേളനത്തില്‍ ചാഹല്‍ പറഞ്ഞു. 

ആത്മവിശ്വാസത്തോടെ പന്തെറിയുന്ന മറ്റൊരു ചാഹലിനെ ഇത്തവണ കാണാമെന്നും ചാഹല്‍ പറയുന്നു. ''സാധാരണ ഞാന്‍ പന്തെറിയുന്നതില്‍ വ്യത്യസ്തമായി മറ്റു രണ്ട് വെരിയേഷന്‍ ഇത്തവണ ഞാനുപയോഗിക്കും. ഇത്തവണ കൂടുതല്‍ ആത്മവിശ്വാസത്തോടെ പന്തെറിയുന്ന ചാഹലിനെ നിങ്ങള്‍ക്ക് കാണാം.'' ചാഹല്‍ പറഞ്ഞുനിര്‍ത്തി.

ഒരുസമയത്ത് ഇന്ത്യയുടെ ഏകദിന ടീമില്‍ സ്ഥിരം സാന്നിധ്യമായിരുന്നു ചാഹല്‍. കുല്‍ദീപ് യാദവിനൊപ്പം ചേര്‍ന്നുള്ള സഖ്യം എതിര്‍ ടീമിന് ഭീഷണിയായിരുന്നു. എന്നാല്‍ കുല്‍ദീപ് നിറം മങ്ങിയതോടെ ആ കൂട്ടുകെട്ട് പൊളിഞ്ഞു. മാത്രമല്ല, ചാഹല്‍ അടുത്തകാലത്ത് മോശം ഫോമിലാണ് രവീന്ദ്ര ജഡേജയാണ് ടീം ഇന്ത്യയുടെ പ്രധാന സ്പിന്നര്‍. 

മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 13നാണ് ആദ്യ ഏകദിനം. ടി20 മത്സരങ്ങള്‍ ജൂലൈ 21ന് ആരംഭിക്കും. ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. രാഹുല്‍ ദ്രാവിഡാണ് പരിശീലകന്‍. മലയാളി താരം സഞ്ജു സാംസണ്‍ ടീമിനൊപ്പമുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!